തിരുവനന്തപുരം: ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നതിൽ അഡ്വക്കറ്റ് ജനറലിനോട് (എ.ജി) നിയമോപദേശം തേടാൻ തീരുമാനം. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. എ.ജിയുടെ ഉപദേശത്തിനനുസൃതമായിട്ടായിരിക്കും അപ്പീൽ നൽകുന്നതിൽ അന്തിമ തീരുമാനം.
അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നിർദേശിച്ച രീതിയിൽ പട്ടിക പുതുക്കുന്നത് ഭാവിയിൽ സ്ഥലംമാറ്റ നടപടികളെ സങ്കീർണമാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാനുള്ള നിയമസാധുത പരിശോധിക്കുന്നത്. ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനായി പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷൻ ട്രാൻസ്ഫർ പട്ടിക, അദേഴ്സ് ട്രാൻസ്ഫർ പട്ടിക എന്നിവയാണ് ട്രൈബ്യൂണൽ റദ്ദാക്കിയത്.
ഒരു മാസത്തിനകം പുതുക്കിയ കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കൂടി കേട്ടശേഷം ജൂൺ ഒന്നിനകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് ട്രൈബ്യൂണൽ വിധി. മാതൃജില്ലക്ക് പുറത്തുള്ള സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്കുള്ള (ഹോം സ്റ്റേഷൻ) സ്ഥലംമാറ്റത്തിന് മാത്രം പരിഗണിക്കുന്നതിനു പകരം സമീപ ജില്ലകളിലേക്ക് കൂടി പരിഗണിക്കണമെന്നാണ് ട്രൈബ്യൂണൽ വിധി.
എന്നാൽ, മാനദണ്ഡത്തിൽ ഈ മാറ്റം വരുത്തുന്നത് ഭാവിയിൽ ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റ നടപടികൾ ഒന്നടങ്കം സങ്കീർണമാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ നിലപാട്. മന്ത്രിക്കു പുറമെ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ് യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.