കൊച്ചി: കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ മന്ത്രിമാരടങ്ങുന്ന നിയമസഭ സാമാജികർ വിചാരണ നടപടികൾ നേരിടേണ്ടിവരും. തുടർനടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ തള്ളി. കേസ് അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിയ തിരുവനന്തപുരം സി.ജെ.എം കോടതി നടപടി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയാണ് പരിഗണിച്ചത്.
നിയമസഭ സാമാജികർക്ക് അനുവദിച്ച ക്രിമിനൽ കേസുകളിൽനിന്നുള്ള സംരക്ഷണവും ഇളവുകളും ഈ കേസിലെ പ്രതികളുടെ കാര്യത്തിൽ ബാധകമാക്കി, വിചാരണ കൂടാതെ കുറ്റവിമുക്തരാക്കാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് വിധി. അതിനാൽ, കീഴ്കോടതി വിധിയിൽ ഇടപെടുന്നില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ച് കേസിൽ പ്രതിയായ മുൻ എം.എൽ.എ കെ. അജിത് നൽകിയ ഹരജിയും കോടതി പരിഗണിച്ചു.
കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടഞ്ഞതിനെത്തുടർന്ന് 2015 മാർച്ച് 13നാണ് നിയമസഭയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. എം.എൽ.എമാരായിരുന്ന കെ. അജിത്, ഇ.പി. ജയരാജൻ, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി, കെ.ടി. ജലീൽ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരെ പൊതുസ്വത്ത് നശിപ്പിക്കലടക്കം കേസുകളിൽ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി. നിയമസഭയിൽ നടന്ന സംഭവത്തിൽ സ്പീക്കറുടെ അറിവില്ലാതെ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും കേസ് പിൻവലിക്കുന്നതാണ് പൊതുനീതിക്ക് ഉതകുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിെൻറ ഹരജി.
എന്നാൽ, സാമാജികർക്ക് നൽകിയ സംരക്ഷണത്തിെൻറ പരിധിയിൽവരുന്ന കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് പ്രഥമദൃഷ്ട്യ കരുതാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ നിയമസഭക്കകത്ത് നടന്നുവെന്നതുെകാണ്ട് മാത്രം കുറ്റകൃത്യമല്ലാതാകുന്നില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.