തിരുവനന്തപുരം: സർക്കാറും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരവെ, നിയമ നിർമാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. വിഴിഞ്ഞം സമരം, ഗവർണറും സർക്കാറും തമ്മിലെ പ്രശ്നങ്ങൾ, സർവകലാശാലകളിലെ വി.സി നിയമന വിവാദമടക്കം ചൂടേറിയ വിഷയങ്ങൾ സഭാതലത്തെ സജീവമാക്കും.
ഡിസംബർ അഞ്ചു മുതൽ ഒമ്പത് ദിവസത്തെ സമ്മേളനമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ രണ്ടു ദിവസം പരിഗണിക്കുന്ന ബില്ലുകൾ തീരുമാനിച്ചിട്ടുണ്ട്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സുപ്രധാന ബില്ലും വരും ദിവസങ്ങളിലെത്തും. സഭ പരിഗണിക്കുന്ന ഏറ്റവും സുപ്രധാന ബില്ലായിരിക്കുമിത്. ഈ വിഷയത്തിൽ മന്ത്രി ശിപാർശ ചെയ്ത കരട് ഓർഡിനൻസ് ഗവർണർ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് നിയമസഭ വിളിച്ച് ബില്ലായി കൊണ്ടുവരുന്നത്. പ്രതിപക്ഷത്തിനും ബില്ലിനോട് എതിർപ്പാണ്.
15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണിത്. സർവകലാശാലകളുമായി ബന്ധപ്പെട്ട് തുടർച്ചയായി വന്ന കോടതി വിധികളും ഇഷ്ടക്കാർക്ക് നിയമനം നൽകുന്നതും ഇക്കാര്യത്തിൽ മേയർ ആര്യ രാജേന്ദ്രന്റേതെന്ന പേരിലെ കത്ത് പുറത്തുവന്നതും സഭയിൽ വിവാദമാകും. വിഴിഞ്ഞം സമരവും അവിടെ നടന്ന അക്രമ സംഭവങ്ങളും സഭയിലുയരും. സഹകരണ തട്ടിപ്പ് തടയുന്ന ഭേദഗതി ബില്ലടക്കം ആദ്യ ദിനത്തിൽ സഭ പരിഗണിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റി. ഹൈകോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആക്കാനുള്ള ബില്ലും തിങ്കളാഴ്ച തന്നെ സഭയിൽ വരും. അബ്കാരി ഭേദഗതിയും അന്നുതന്നെ വരും. ആദ്യ രണ്ടു ദിവസങ്ങളിലായി എട്ടു ബില്ലുകൾ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.