തലശ്ശേരി: സിനിമ നിർമാതാവും കോൺട്രാക്ടറുമായ പുന്നോൽ താഴെവയൽ ആദിത്യയിൽ ടി.എം. പ്രദീപന്റെ മകൾ ആദിത്യ ആകെ സങ്കടത്തിലാണ്. വീട്ടിൽ ഓമനിച്ച് വളർത്തുന്ന പൂച്ചയെ കാണാതായത് മുതൽ അവൾക്ക് ഊണും ഉറക്കവുമില്ല. പൂച്ച വേഗം തിരികെയെത്തട്ടെ എന്ന് ഉള്ളുരുകി പ്രാർഥനയിൽ കഴിയുകയാണ് ആദിത്യ. ലിയോയെന്ന പേർഷ്യൻ ഇനത്തിൽപെട്ട പൂച്ച ആദിത്യയുടെ വീട്ടിലെ ഒരംഗം മാത്രമായിരുന്നില്ല, അവളുടെ കളിക്കൂട്ടുകാരി കൂടിയായിരുന്നു.
മേയ് 11 മുതലാണ് വീട്ടിൽനിന്ന് പൂച്ചയെ കാണാതായത്. അറിയാവുന്നവരോടൊക്കെ പൂച്ചയെക്കുറിച്ച് തിരക്കി. നിരാശയായിരുന്നു ഫലം.
ഒന്നര വർഷമായി ആദിത്യയുടെ നിഴലായിരുന്നു ഈ പൂച്ച. ഒന്ന് നീട്ടി വിളിച്ചാൽ ലിയോ ആദിത്യയുടെ അരികിൽ ഓടിയെത്തും. ഒന്നര മാസം പ്രായമുള്ളപ്പോഴാണ് ലിയോ പ്രദീപന്റെ വീട്ടിലെത്തിയത്. വീട്ടിലെ അരുമയായ മഞ്ഞകലർന്ന തവിട്ടു നിറത്തിലുള്ളതാണ് പൂച്ച. കാണാതായത് മുതൽ പ്രദീപനും കുടുംബവും അയൽവാസികളും അന്വേഷണത്തിലാണ്. പൂച്ചയെ കണ്ടെത്താൻ പൊലീസിന്റെ സഹായവും കുടുംബം തേടിയിട്ടുണ്ട്. ഇതിനിടയിൽ പൂച്ചയെ ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുപോയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. തികച്ചും വ്യത്യസ്ത നിറമുള്ള ഈ പൂച്ച ആരെയും ആകർഷിക്കുന്നതാണ്. പൂച്ചയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നാണ് ഒമ്പതാം ക്ലാസുകാരിയായ ആദിത്യയുടെ അഭ്യർഥന. ഫോൺ: 9846239860, 9961936071.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.