തൃശൂർ: കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മോഹനൻ നിയമവിരുദ്ധമായി നേടിയ ബിരുദാനന്തര ബിരുദം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്ക് കത്ത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് അപേക്ഷകരിൽ ഒരാളായിരുന്ന, മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും നിലവിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലുമായ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയാണ് വെള്ളിയാഴ്ച ചാൻസലർക്ക് കത്തയച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞമാസം അയച്ച കത്ത് സൂചിപ്പിച്ചുകൊണ്ടാണ് ഡോ. പ്രവീൺലാൽ കേരള സർവകലാശാല, തിരുവനന്തപുരം മെഡിക്കൽ കോളജ്, അലീഗഢ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽനിന്ന് വിവരാവകാശ നിയമ പ്രകാരം സമാഹരിച്ച രേഖകൾ സഹിതം ഗവർണറെ സമീപിച്ചത്.
ഡോ. കെ. മോഹനൻ കേരള സർവകലാശാലയിൽ 1988 ജൂൺ മുതൽ 1991 വരെ റേഡിയോളജി എം.ഡി വിദ്യാർഥിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖ കത്തിനൊപ്പം ഉണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള രേഖയും നൽകി. പഠനകാലത്ത് ഡോ. മോഹനൻ സമർപ്പിച്ച ഡെസർട്ടേഷനിലും ഇത് വ്യക്തമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഡോ. മോഹനൻ 1989 സെപ്റ്റംബർ മുതൽ 1990 ആഗസ്റ്റ് വരെ അലീഗഢ് മുസ്ലിം സർവകലാശാലയിൽ ഡി.സി.എച്ച് (ഡിപ്ലോമ ഇൻ ചൈൽഡ് ഹെൽത്ത്) വിദ്യാർഥിയായിരുന്നു എന്ന് തെളിയിക്കുന്ന രേഖയും ലഭിച്ചിട്ടുണ്ട്.
ഡോ. മോഹനൻ രണ്ടിടത്ത് ഒരേ കാലത്ത് റെഗുലർ വിദ്യാർഥിയായി പഠിക്കുന്ന വിവരം രണ്ട് സർവകലാശാലകളും കോളജുകളും അറിഞ്ഞിട്ടില്ല. പ്രവേശന രജിസ്റ്റർ കണ്ടെത്താനായിട്ടില്ലെന്നും 1989 മുതൽ 1990 ജൂൺ വരെയുള്ള ഹാജർ രജിസ്റ്റർ കാണാതായതായും വകുപ്പ് മേധാവി രേഖാമൂലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എം.ഡിക്ക് പഠിച്ച 1988 ജൂൺ മുതൽ 1991 വരെയുള്ള കാലയളവിൽ ഡോ. മോഹനന് ഒരു വർഷത്തേക്ക് മറ്റൊരു കോളജിൽ പഠിക്കാനോ പഠനശേഷം തിരികെ പ്രവേശിക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് കേരള സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. 1988, '89, '90 വർഷങ്ങളിൽ അദ്ദേഹത്തിന് മൈഗ്രേഷൻ സർട്ടിഫിക്കറ്റും നൽകിയിട്ടില്ല.
യു.ജി.സി ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കെതിരെ നടപടിയെടുക്കുന്ന ചാൻസലർ കൂടിയായ ഗവർണർ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നത് നിർണായകമാണ്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റ ശേഷം ചാൻസലർ എന്ന നിലയിൽ നടത്തിയ ആദ്യത്തെ വൈസ് ചാൻസലർ നിയമനമായിരുന്നു ഡോ. മോഹനന്റേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.