തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കേസ് സജീവമാക്കാൻ കോൺഗ്രസ്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെ സ്വപ്നപദ്ധതിയായ ലൈഫ് മിഷൻ ഫ്ലാറ്റ് വിഷയം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആർക്കും വേണ്ടാത്ത നിലയിലായി.
തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്ത് പിടികൂടിയതിൽ അറസ്റ്റിലായ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്ന് ഒരു കോടി രൂപ കണ്ടെടുത്തതിൽനിന്നാണ് ഫ്ലാറ്റ് വിവാദവുമുയരുന്നത്.
വടക്കാഞ്ചേരി ചരൽപ്പറമ്പിൽ യു.എ.ഇ റെഡ്ക്രസന്റിന്റെ സഹായത്തോടെ യൂനിടാക് നിർമിക്കുന്നതാണ് ഫ്ലാറ്റ് സമുച്ചയം. 20,000 ചതുരശ്ര അടി വിസ്തീർണത്തിൽ നാല് കെട്ടിടങ്ങളും 4225 ചതുരശ്ര അടിയിൽ ആശുപത്രിയും പൊതു കളിസ്ഥലം, പാർക്ക് എന്നിവയുമാണ് ലൈഫ് മിഷൻ പദ്ധതി. 140 പേർക്ക് വീടാണ് സമുച്ചയത്തിലുള്ളത്.
സ്വപ്നയുടെ ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ലൈഫ് മിഷൻ ഇടപാടിലെ കമീഷനാണെന്നും കൈക്കൂലിയായി വാങ്ങിയതാണെന്നുമുള്ള ആരോപണങ്ങളുയർന്നു. സർക്കാറിനെയും സി.പി.എമ്മിനെയും വിഷയം വല്ലാതെ പ്രതിസന്ധിയിലാക്കി. കരാർ കമ്പനിയായ യൂനിടാക് ഉടമ സന്തോഷ് ഈപ്പനും അറസ്റ്റിലായിരുന്നു. ഇ.ഡിയും സി.ബി.ഐയും കേസ് അന്വേഷിക്കാനെത്തി. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിനും ബി.ജെ.പിക്കും വലിയ ആയുധമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണുണ്ടായത്.
കോടതി നടപടികളിലായതോടെ പദ്ധതി പ്രവർത്തനവും നിലച്ചു. കെട്ടിടത്തിന് ബലക്ഷയ ആരോപണമുയർന്നതിൽ വിജിലൻസ് നിർദേശമനുസരിച്ച് പരിശോധിച്ച വിദഗ്ധ സമിതി ദിവസങ്ങൾക്ക് മുമ്പാണ് ബലക്ഷയമില്ലെന്ന് റിപ്പോർട്ട് നൽകിയത്.
തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനത്തിന് എത്തിയ യു.എ.ഇ പ്രതിനിധിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി തുടങ്ങുന്നതിന്റെ കാര്യങ്ങൾ അഭ്യർഥിച്ചതോടെ വീണ്ടും നടപടികളിലേക്ക് കടന്നിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പാണ് ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ് ചരൽപ്പറമ്പ് സന്ദർശിച്ചത്.
കേസ് എങ്ങുമെത്താതിരിക്കെ ഇനിയും പദ്ധതി മുടക്കിയിടാനാവില്ലെന്ന് കോടതിയെ സർക്കാർ അറിയിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥയും പിന്നാലെ സ്വപ്നയുടെ വെളിപ്പെടുത്തലുമുണ്ടായത്. ലൈഫ് മിഷൻ ഇടപാടിൽ കമീഷൻ നൽകിയിരുന്നുവെന്ന് യൂനിടാക് ഉടമ സന്തോഷ് ഈപ്പൻ നേരത്തേ പറഞ്ഞിരുന്നതിനാൽ ഇതിൽ പുതുമയില്ലെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വാദം.
തൃശൂർ: ലൈഫ് മിഷനിൽ തട്ടിപ്പ് നടന്നതായി വ്യക്തമായെന്നും അടിയന്തരമായി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ എം.എൽ.എയുമായ അനിൽ അക്കര.
സർക്കാർ അപ്പീലിൽ സുപ്രീംകോടതിയിലുള്ള കേസ് അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉടൻ അപേക്ഷ നൽകും. ലൈഫ് മിഷൻ ഇടപാടിലെ കമീഷൻ അന്നത്തെ മന്ത്രിമാർ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് വഴി വിദേശത്തേക്ക് കടത്തി. ഖാലിദ് ഈ കേസിലേക്ക് വരാതെ കേസ് തെളിയില്ലെന്നും ഖാലിദിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുന്നില്ലെന്നും അനിൽ അക്കര കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.