തിരുവനന്തപുരം: ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ നിലം എന്ന് റവന്യൂ റെക്കോഡുകളില്‍ രേഖപ്പെടുത്തിയ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്. റവന്യൂ റെക്കോഡില്‍ നിലമെന്നും അതേസമയം വില്ലേജ് റെക്കോഡുകളില്‍ പുരയിടമെന്നും രേഖപ്പെടുത്തിയ ഭൂമി വാങ്ങാൻ അനുമതി വേണമെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഈ പ്രശ്നം പരിഹരിക്കാൻ റവന്യൂ, കൃഷി, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം പരാതികള്‍ പരിശോധിച്ച് തീരുമാനം എടുക്കുന്ന സംവിധാനം ഉണ്ടാക്കും. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അനുമതി നല്കുന്ന ഭൂമി വാങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം വെള്ളക്കെട്ട്, തണ്ണീര്‍ത്തടം, വയല്‍ എന്നിവിടങ്ങളില്‍ കെട്ടിട നിർമാണ ചട്ടപ്രകാരം അനുമതി ലഭിക്കില്ല.
അത് ലൈഫ് ഗുണഭോക്താക്കള്‍ക്കും ബാധകമായ സാഹചര്യത്തില്‍ അത്തരം ഭൂമി വാങ്ങാന്‍ അനുമതി നല്‍കാനാവില്ല. എന്നാല്‍ 2018 ലെ ഭേദഗതി പ്രകാരം റവന്യൂ റെക്കോഡുകളില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തിയതും 2008ന് മുമ്പ് നികത്തിയതുമായ ഭൂമിയില്‍ ആര്.ഡി.ഒയുടെ അനുമതിയോടെ കെട്ടിടനിർമാണം നടത്താം. ലൈഫ് ഗുണഭോക്താക്കള്‍ക്കും ഈ രീതി സ്വീകരിക്കാൻ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.പൊതുആവശ്യത്തിനായി വ്യക്തികള്‍ ഭൂമി വിട്ടുനല്‍കുന്ന ഭൂമി തദ്ദേശസ്ഥാപനങ്ങള്‍ വാങ്ങാൻ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിയമത്തില്‍ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് കൂട്ടായി ആലോചിക്കാമെന്ന് മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു. പഞ്ചായത്തീരാജ് നിയമപ്രകാരം മുന്‍കാലങ്ങളിലേതുപോലെ ഫോമില്‍ എഴുതി ഭൂമി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാനാവില്ലെന്നും മന്ത്രി വിശദീകരിച്ചു. പി.കെ. ബഷീറിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വരൾച്ചബാധിതമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ വരൾച്ചബാധിതമായി പ്രഖ്യാപിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി കെ. രാജൻ. ഇതിന്റെ മാനദണ്ഡങ്ങൾ വിലയിരുത്തും. വരൾച്ച നേരിടാൻ പ്ലാൻ ഫണ്ടിൽനിന്ന് പണം ചെലവിടാൻ അനുമതി നൽകുമെന്നും കെ. വിഷ്ണുനാഥിന്റെ സബ്മിഷന് മറുപടി നൽകി.
താലൂക്ക് ലാന്‍ഡ് ബോർഡുകളിലെ 1298 കേസുകൾ തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കും. കേസുകൾ തീർപ്പാക്കുന്ന മുറക്ക് ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യും. വടക്കേക്കളം പ്ലാന്റേഷൻ ലിമിറ്റഡിലെ 73.7 ഏക്കർ ഏറ്റെടുക്കാൻ താലൂക്ക് ലാന്‍ഡ് ബോർഡ് ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ 10 ഏക്കർ സഹകരണവകുപ്പിനും ബാക്കി ഭൂരഹിതർക്കും നൽകാനാണ് ഉത്തരവ്. താലൂക്ക് ലാന്‍ഡ് ബോർഡ് ഉത്തരവിൽ സ്റ്റേയുണ്ട്. കേസ് വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്നും സേവ്യർ ചിറ്റിലപ്പിള്ളിയുടെ സബ്മിഷന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.