തൃശൂർ: ശിവശങ്കറിന്റെ അറസ്റ്റ് സംസ്ഥാന സർക്കാറിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ കേന്ദ്ര സർക്കാർ നടത്തുന്നതാണോയെന്ന് സംശയിക്കുന്നതായി കേസിലെ പരാതിക്കാരനും മുൻ എം.എൽ.എയുമായ അനിൽ അക്കര. ‘കേസ് ഇ.ഡി അന്വേഷിക്കുമ്പോഴാണ് കരമന ആക്സിസ് ബാങ്കിൽനിന്ന് മാറിയ നോട്ടുകൾ അവരുടെ ലോക്കറിൽ കണ്ടെത്തിയത്. അന്നുതന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. പക്ഷേ, ഇ.ഡി തയാറായില്ല. പിന്നീട് താൻ സി.ബി.ഐക്ക് പരാതി കൊടുത്ത ശേഷമാണ് നടപടിയുണ്ടായത്. കേസിൽ ഗൂഢാലോചനയുണ്ട്. വിജിലൻസിന്റേതടക്കം മൂന്ന് കേസുണ്ട്. യഥാർഥ കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ സമാന്തര അന്വേഷണമാണിത്.
തെളിവുകൾ എങ്ങനെ നശിപ്പിക്കാമെന്നാണ് അന്വേഷണം നടന്നത്. സി.ബി.ഐ കേസ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിക്കാം. സുപ്രീം കോടതി പോലും സി.ബി.ഐക്ക് തടസ്സം നിൽക്കുന്നില്ല. എങ്കിലും, എന്തുകൊണ്ട് സി.ബി.ഐ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നില്ല? കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. ഐ.പി.സി, ഫോറിൻ റെഗുലേഷൻ ആക്ട് എന്നിവ അനുസരിച്ചും അഴിമതി നിരോധന നിയമം അനുസരിച്ചും അന്വേഷിക്കാവുന്ന കേസാണിത്.
കേസിന് രാജ്യാന്തര വ്യാപ്തിയുണ്ട്. സ്വപ്ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പൻ, ഒഫീഷ്യൽസ് ഓഫ് ലൈഫ് മിഷൻ എന്നിവർക്ക് എഫ്.ഐ.ആർ നിലനിൽക്കുകയാണ്. ഒഫീഷ്യൽസിൽ മുഖ്യമന്ത്രിയടക്കം ഉൾപ്പെടും. സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ നിൽക്കുന്ന കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് ആശങ്കാജനകമാണ്- അനിൽ അക്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.