സ്വർണ പാത്രം കൊണ്ട് മൂടിവെച്ചാലും ലൈഫ് മിഷൻ കോഴയിലെ സത്യം പുറത്തുവരും -ചെന്നിത്തല

ന്യൂഡൽഹി: സ്വർണ പാത്രം കൊണ്ട് മൂടിവെച്ചാലും ലൈഫ് മിഷൻ കോഴക്കേസിലെ സത്യം പുറത്തുവരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറഞ്ഞത് ഇപ്പോൾ ശരിയായി. ബി.ജെ.പി-സി.പി.എം കൂട്ടുക്കെട്ടിന്‍റെ ഭാഗമായാണ് കേസുകൾ കോൾഡ് സ്റ്റോറേജിൽ വെച്ചത്. ഇപ്പോൾ കൂട്ടുക്കെട്ട് പൊട്ടിയോ എന്നാണ് സംശയമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ലൈഫ് മിഷൻ കോഴക്കേസിൽ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ അർധ രാത്രിയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസിലെ അഞ്ചാം പ്രതിയാണ് ശിവശങ്കർ.  സ്വപ്ന സുരേഷ്, സരിത്, സന്ദീപ്, തിരുവനന്തപുരം സ്വദേശി യദു കൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

നിർധനർക്കുള്ള ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ ഭാഗമായ വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണ കരാർ അനുവദിക്കുന്നതിന് കരാറുകാരിൽ നിന്ന് എം. ശിവശങ്കർ കോഴ കൈപ്പറ്റിയെന്നാണ് കേസ്. സ്വപ്നയുടെ ലേക്കറിൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയ പണം ശിവശങ്കർ കൈക്കൂലിയായി കൈപ്പറ്റിയ തുകയെന്നായിരുന്നു കോഴക്കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി.

ജനുവരി 23ന് ഇ.ഡിക്ക് മുമ്പാകെ ഹാജരാകാനെത്തിയ സ്വപ്ന സുരേഷ്, ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മൂന്ന് മില്യൻ ദിർഹത്തിന്‍റെ ഇടപാടാണ് നടന്നത്. ലൈഫ് മിഷൻ കോഴക്കേസിലും സ്വർണക്കടത്ത് കേസിലും ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പുറത്തു കൊണ്ടുവരണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.

Tags:    
News Summary - Life mission scam: Ramesh Chennithala react to M Sivasankar arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.