മദ്യശാലകള്‍ മാറ്റൽ: സർക്കാർ വീണ്ടും നിയമോപദേശം തേടി

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ വീണ്ടും നിയമോപദേശം തേടി. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള സമയപരിധി നീട്ടിക്കിട്ടാന്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് അഡ്വക്കെറ്റ് ജനറലിനോട് നിയമോപദേശം തേടിയത്.

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ഹരജിയുമായി ഒരിക്കല്‍ കൂടി സുപ്രീംകോടതിയെ സമീപിക്കാൻ സര്‍ക്കാറിന് നീക്കമുണ്ട്. മൂന്ന് മാസത്തേക്കെങ്കിലും സമയപരിധി നീട്ടി നല്‍കിയാല്‍ പാതയോരത്തെ എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കാമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഉറപ്പുനൽകാനാണ് സർക്കാർ നീക്കം.  

ദേശീയ, സംസ്ഥാന പാതയോരത്തിന് 500 മീറ്റര്‍ ചുറ്റളവിലുള്ള കള്ള് ഷാപ്പ് അടക്കമുള്ള എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ഏപ്രില്‍ ഒന്നിനാണ് പ്രാബല്യത്തിലായത്‌. ഇതുപ്രകാരം 11 പഞ്ചനക്ഷത്രബാറുകൾ അടച്ചുപൂട്ടിയിരുന്നു.

ബിവറേജസ് കോർപറേഷന് 270 ചില്ലറ വിപണന കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 180 എണ്ണമാണ് മാറ്റിസ്ഥാപിക്കേണ്ടത്. എന്നാൽ,  46 എണ്ണം മാത്രമേ മാറ്റാൻ സാധിച്ചിട്ടുള്ളൂ. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു. കൺസ്യൂമർഫെഡിന് മൂന്ന് ബിയർ, വൈൻ വിൽപനകേന്ദ്രങ്ങൾ ഉൾപ്പെടെ 36 ചില്ലറ വിപണന കേന്ദ്രങ്ങളാണുള്ളത്. ഇവയിൽ 30 എണ്ണമാണ് മാറ്റേണ്ടത്. എന്നാൽ,  11 എണ്ണം മാത്രമേ മാറ്റാനായിട്ടുള്ളൂ.

 

 

Tags:    
News Summary - liquor shop in national and state highways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.