പാലക്കാട്: രാജ്യത്തെ ആധുനിക വൈദ്യശാഖയിലെ അംഗീകാരമുള്ള ഡോക്ടർമാരുടെ പട്ടികയായ ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ മൂന്ന് വർഷമായി കേരളത്തിലെ ചികിത്സകരില്ല. 2019 വരെയുള്ളവരുടെ വിവരങ്ങൾ മാത്രമേ നാഷനൽ മെഡിക്കൽ കമീഷന്റെ വെബ്സൈറ്റിലുള്ളൂ. അതേസമയം, 2021 ജൂൺ 30 വരെ കേരള മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ ലിസ്റ്റ് ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിൽ ചേർക്കാൻ അയച്ചുകൊടുത്തിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച് ഒരുമാസം മുമ്പ് നൽകിയ വിവരാവകാശത്തിന് കേരള മെഡിക്കൽ കൗൺസിൽസ് ഡെപ്യൂട്ടി രജിസ്ട്രാർ നൽകിയ മറുപടി.
സംസ്ഥാനത്ത് ആധുനിക വൈദ്യശാഖയിലെ അംഗീകാരമുള്ള ഡോക്ടർമാരുടെ വിവരങ്ങൾ കേരള മെഡിക്കൽ കൗൺസിൽ വെബ്സൈറ്റിൽ അപൂർണമാണ്. 2021 വരെയുള്ള വിവരങ്ങൾ ചെറുപട്ടികകളായി ഇടക്കിടെ ചേർക്കുന്നതൊഴിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കൗൺസിൽ വെബ്സൈറ്റ് പോലെ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന സംവിധാനം സജ്ജീകരിച്ചിട്ടില്ല. ഇതിനാൽ വ്യാജ ഡോക്ടർമാരുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പർ കിട്ടിയാലും ലക്ഷത്തോളമുള്ള ലിസ്റ്റിൽനിന്ന് തിരഞ്ഞുപിടിക്കുന്നത് തിരിച്ചടിയാവുകയാണെന്ന് വ്യാജ ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കാമ്പയിൻ തുടരുന്ന ജനറൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ (ജി.പി.എ) ഭാരവാഹികൾ ആരോപിക്കുന്നു. കേരള മെഡിക്കൽ കൗൺസിൽ കാലാകാലങ്ങളിൽ രജിസ്ട്രേഷൻ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തുന്നതായാണ് ആരോപണം.
സംസ്ഥാനത്ത് ചികിത്സ നടത്താൻ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ആവശ്യമാണെന്നിരിക്കേ പല ചികിത്സകരും വ്യാജ രജിസ്ട്രേഷൻ നമ്പർ പ്രസിദ്ധപ്പെടുത്തിയാണ് ചികിത്സ തുടരുന്നത്. അതേസമയം, തമിഴ്നാട് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ കൗൺസിലുകൾ ചെയ്യുന്നത്പോലെ ഡോക്ടർമാരുടെ വിവരം ക്രോഡീകരിച്ച് വെബ്സൈറ്റിൽ സെർച്ച് ബട്ടൺ സജ്ജീകരിച്ചാൽ പൊതുജനങ്ങൾക്കും ഡോക്ടർമാരുടെ വിശ്വാസ്യത പരിശോധിക്കാനാകും. പൂർണമായതും തുടർച്ച ഉള്ളതുമായ ശേഖരം ഇല്ലാത്തതിനാലുള്ള അവ്യക്തത വ്യാജ ഡോക്ടർമാരെ കണ്ടെത്താൻ തടസ്സമാകുന്നുണ്ട്.
നിർബന്ധിത ഹൗസ് സർജൻസിക്ക് ശേഷം കേരള മെഡിക്കൽ കൗൺസിൽ സ്ഥിര രജിസ്ട്രേഷൻ കിട്ടുന്നതും വൈകിയാണ്. വിദേശ സർവകലാശാലകളിൽ മെഡിക്കൽ പഠനം കഴിഞ്ഞെത്തുന്നവർക്ക് ഒമ്പത് മുതൽ 15 മാസം വരെ വൈകുന്നുണ്ട്. കാലതാമസം കാരണം പലരും അനധികൃതമായി ചികിത്സ തുടരുന്നുമുണ്ട്. വ്യാജ ചികിത്സ നടത്തുന്നവരെകുറിച്ച് കേരള മെഡിക്കൽ കൗൺസിലിൽ പരാതിപ്പെട്ടാലും നടപടിക്ക് കാലതാമസം വരുന്നുണ്ടെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.