മാലിന്യം തള്ളൽ: കൊച്ചിയിൽ ഒമ്പത് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി തിങ്കളാഴ്ച ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, ചേരാനല്ലൂർ, കണ്ണമാലി, എറണാകുളം ടൗൺ നോർത്ത്, മട്ടാഞ്ചേരി, തൃക്കാക്കര പൊലീസ് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ മുനമ്പം സ്റ്റേഷനിലുമാണ് കേസുകൾ സ്ഥിരീകരിച്ചത്.

ചമ്പക്കര-പേട്ട റോഡിലൂടെ കെ.എൽ.6.സി.4597 -ാം നമ്പർ വാഹനത്തിൽ നിന്നും മലിനജലം റോഡിലേക്ക് ഒഴുകിയതിന് രാമപുരം ചെന്മാനക്കര വീട്ടിൽ സജി ജോസഫി (55)നെ പ്രതിയാക്കി മരട് പൊലീസ് കേസ് ചർച്ച ചെയ്തു. ഇടപ്പള്ളി മേൽപ്പാലത്തിന് സമീപം ദേശീയപാത 66ൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആലപ്പുഴ മണ്ണാഞ്ചേരി എട്ടുതൈയ്യിൽ വെളിയിൽ വീട്ടിൽ എസ്. റോഷ(35)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പുല്ലേപ്പടി പാലത്തിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. കതൃക്കടവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന " ഒരു ചായ ഭാണ്ഡം" എന്ന കടയിൽ നിന്നുള്ള മാലിന്യങ്ങൾ പൊതുനിരത്തിൽ നിക്ഷേപിച്ചതിന് കളമശ്ശേരി കടമ്പോത്ത് വീട്ടിൽ കെ.എസ് അഫ്സലി(27)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ചെല്ലാനം ഹാർബർ പരിസരത്ത് കടലിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ചെല്ലാനം പറയകാട്ടിൽ വീട്ടിൽ പി.വി ഫെഡ്രിക്ക് വർഗീസി(29)നെ പ്രതിയാക്കി കണ്ണമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മട്ടാഞ്ചേരി എംഎംസി ബാങ്കിന് സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് മട്ടാഞ്ചേരി പള്ളിയാർകാവ് റോഡിൽ 7/578 വീട്ടിൽ ബൈജു. വി. നായറി(58)നെ പ്രതിയാക്കി മട്ടാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുന്നുംപുറം ഭാഗത്ത് പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ചെന്നൈ സ്വദേശി ശ്രീധർ(22), കാക്കനാട് സിഗ്നൽ ജംഗ്ഷൻ ഭാഗത്ത് കെ.എൽ.23.എഫ്.3702 നമ്പർ വാഹനത്തിൽ നിന്നും മാലിന്യം പൊതുനിരത്തിൽ തള്ളിയതിന് കൊല്ലം കരുനാഗപ്പള്ളി കണ്ടച്ചൻ വീട്ടിൽ ഷംലാദ് (41) എന്നിവരെ പ്രതിയാക്കി തൃക്കാക്കര പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുനിരത്തിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂറൽ പോലീസ് പരിധിയിൽ മുനമ്പം പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Littering: Nine more cases registered in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.