കൊച്ചി: ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ ഞായറാഴ്ച ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ മരട്, ചേരാനല്ലൂർ, ഏലൂർ, എറണാകുളം ടൗൺ സൗത്ത്, കളമശ്ശേരി, ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മരട് മോസ്ക് റോഡിൽ പ്രവർത്തിക്കുന്ന തോട്ടത്തിൽ സ്റ്റോർസ് എന്ന കടയിൽ നിന്നുള്ള മാലിന്യം റോഡരികിൽ നിക്ഷേപിച്ചതിന് കടയുടമയെ പ്രതിയാക്കി മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേരാനല്ലൂർ മാരാപ്പറമ്പ് ഭാഗത്ത് പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിന് ചേരാനല്ലൂർ വടയങ്കര വീട്ടിൽ മുരളീധര(60)നെ പ്രതിയാക്കി ചേരാനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കണ്ടെയ്നർ റോഡിൽ കെ.എൽ -58-ജി-3766 നമ്പർ മഹീന്ദ്ര നിസാൻ വാഹനത്തിൽ നിന്ന് റോഡിലേക്ക് മലിനജലം ഒഴുക്കിയതിന് വാഹനത്തിന്റെ ഡ്രൈവറെ പ്രതിയാക്കി ഏലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എറണാകുളം കുരിശുപള്ളി റോഡിൽ വഴിയരികിൽ മാലിന്യം നിക്ഷേപിച്ചതിന് രാജസ്ഥാൻ സ്വദേശി ലഡു റാം(35), പള്ളിമുക്ക് ഭാഗത്ത് ടോപ്പ് ഇൻ ടൗൺ എന്ന സ്ഥാപനത്തിന് മുൻവശം മാലിന്യം നിക്ഷേപിച്ചതിന് മരട് പായറ്റിൽ വീട്ടിൽ അനസ് (48) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
എറണാകുളം-പൂക്കാട്ടുപടി റോഡിൽ മാലിന്യം നിക്ഷേപിച്ചതിന് പാലാരിവട്ടം കൊടുവേലി വീട്ടിൽ ഉല്ലാസ് ഫ്രാൻസി(44)നെ പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻഫോപാർക്ക് എക്സ്പ്രസ് വേക്ക് സമീപം റോഡരികിൽ മാലിന്യം നിക്ഷേപിച്ചതിന് കണ്ണൂർ ഉദയഗിരി ആലക്കോട് തൂമ്പേപറമ്പിൽ വീട്ടിൽ ടി.ജി ബിനീഷി(42)നെ പ്രതിയാക്കി ഇൻഫോപാർക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.