കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയിൽ പങ്കാളിത്തവും ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റും ആവശ്യപ്പെടുമെന്ന് എൽ.ജെ.ഡി പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. പാർട്ടി ആർ.ജെ.ഡിയിൽ ലയിക്കുന്നതിനു മുന്നോടിയായി സ്വന്തം വസതിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 12ന് വൈകുന്നേരം നാലു മണിക്ക് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ലയന സമ്മേളനത്തിൽ ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പാർട്ടി പതാക എം.വി. ശ്രേയാംസ് കുമാറിനു കൈമാറും. ആർ.ജെ.ഡി സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദീഖി, പാർട്ടിയുടെ രാജ്യസഭ ലീഡർ മനോജ് ഝാ, മറ്റൊരു നേതാവായ സഞ്ജയ് യാദവ് തുടങ്ങിയവരും പങ്കെടുക്കുമെന്ന് ശ്രേയാംസ് കുമാർ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് നിർണായകമായിരിക്കുമെന്നും ഇൻഡ്യ മുന്നണി സുപ്രധാനമായ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമാണ്. മന്ത്രിസഭയിൽ പങ്കാളിത്തവും വരുന്ന തെരഞ്ഞെടുപ്പിൽ ലോക്സഭ സീറ്റും ആവശ്യപ്പെടും. ബിഹാറിൽ നടപ്പാക്കിയ ജാതി സെൻസസ് രാജ്യമൊട്ടാകെ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയതലത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജനതാദൾ-എസ് കേരളത്തിൽ ഇടതുമുന്നണിയിൽതന്നെ തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനതാദൾ-എസ് തങ്ങളുടെ പാർട്ടിയിൽ ലയിക്കാൻ തയാറായാൽ സ്വാഗതം ചെയ്യുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.