അരൂർ: ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് സമീപം മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം.
പുന്നപ്രയിൽനിന്ന് തോപ്പുംപടി ഫിഷിങ് ഹാർബറിലേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. കടലിൽ മത്സ്യബന്ധനത്തിന് പോകാനാണ് ഇവർ തോപ്പുംപടിയിലേക്ക് യാത്രതിരിച്ചത്. ചാറ്റൽമഴ ഉണ്ടായിരുന്ന സമയത്ത് ബസ് നിയന്ത്രണംതെറ്റി മീഡിയനിൽ ഇടിച്ചുകയറി മറിയുകയായിരുന്നു.
41 പേരാണ് ബസിലുണ്ടായിരുന്നത്. പുന്നപ്ര സ്വദേശികളായ ആന്റണി (62), തോമസ് (54), റോയ് (42), ജോർജ് (52), ബിജു (46), പോൾ (52), ജോസഫ് തോമസ് (53), അലോഷ്യസ് (52), ജോൺ ജോസഫ് (52), എ.പി. ജോസഫ് (50), സോണി (46), ബൈജു (58), ക്ലീറ്റസ് (62), വർഗീസ് (67), സെബാസ്റ്റ്യൻ (58), ജയിംസ് (62), ഷൈബി (52), സെബാസ്റ്റ്യൻ (42), തങ്കച്ചൻ (62), ബിനു (42), തോമസ് (64), ഫ്രാങ്ക്ലിൻ (51), ബിജു (36), അനീഷ് (41), ജീവൻ (38), യേശുദാസ് (42), സജി ജോർജ് (43), സേവ്യയർ (62), എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും തുറവൂർ ഗവ. ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്ര സ്വദേശികളായ കറുകപ്പറമ്പിൽ സെബാസ്റ്റിൻ (49), പുതുവൽ നിവർത്തിൽ കോശി (41), സെബാസ്റ്റ്യൻ (62), പാക്കനാമുറി ഗിരീഷ് (46), എഡിസൻ (49) എന്നിവരെ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരൂർ അഗ്നിരക്ഷാസേനയും അരൂർ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദേശീയപാതയിൽ നിലവിൽ വെളിച്ചമില്ലാത്തത് രക്ഷപ്രവർത്തനത്തിന് ഏറെ ക്ലേശിക്കേണ്ടിവന്നു. ഉയരപ്പാത നിർമാണത്തിന് വേണ്ടി വിളക്കുകാലുകൾ എല്ലാം നീക്കിയിരിക്കയാണ്. അപകടത്തെ തുടർന്ന് ഗതാഗതം ഏറെനേരം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.