തുറവൂർ: കുത്തിയതോടിനെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇപ്പോഴും ജലഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന തോടാണിത്. പായലും മാലിന്യവും നിറഞ്ഞ് നാശോന്മുഖമാണ് കുത്തിയതോട്. ദുർഗന്ധവും രൂക്ഷമായ കൊതുക് ശല്യവും മൂലം ജനം പൊറുതിമുട്ടിയിരിക്കുകയാണ്.
ഒരാഴ്ചയിലധികമായി പായൽ കുത്തിയതോട്ടിൽ നിശ്ചലമായി കിടക്കുകയാണ്. പണ്ട് ഒരു ക്ഷാമകാലത്ത് വേലക്ക് കൂലി ഭക്ഷണം എന്ന് തീരുമാനിച്ച് കായൽ ഗതാഗതം നടത്താൻ തഴുപ്പ് കായലിൽ ചരക്കുവള്ളങ്ങൾക്ക് ജലപാത ഒരുക്കാൻ ആളുകൾ ‘കുത്തി ഉണ്ടാക്കിയ തോടാണിത്’ അങ്ങനെയാണ് കുത്തിയതോടെന്ന് പേരു കിട്ടിയത്.
തലയോലപ്പറമ്പിലെ ചന്ത ദിവസത്തിന്റെ അടുത്ത ദിവസം കുത്തിയതോട്ടിലായിരുന്നു ചന്ത ദിനം. നൂറുകണക്കിന് ചരക്ക് വള്ളങ്ങൾ ഇവിടെയെത്തിയിരുന്നു. പിന്നീട് കപ്പൽ ഇറങ്ങുന്ന സഞ്ചാരികൾ ചരക്ക് വള്ളങ്ങളിൽ കയറി നാട് കാണാൻ എത്തുന്നത് പതിവായി. തുടർന്ന് ഉൾനാടൻ ജല വിനോദസഞ്ചാരത്തിന്റെ സാധ്യത മനസ്സിലാക്കി, ചില സ്വകാര്യ സംരംഭകർ വാട്ടർ ടൂറിസം ജീവനോപാധിയാക്കി.
ഗ്രാമീണ ജീവിതം കാണാനും ജലയാത്ര നടത്താനും നിരവധി വിദേശികൾ എത്തി. വിനോദസഞ്ചാരം വളർത്താൻ പഞ്ചായത്തുകളോ, സർക്കാർ ഏജൻസികളോ ശ്രമം യാതൊന്നും നടത്തിയില്ല. ഇതോടെ എന്തും വലിച്ചെറിയാനുള്ള സ്ഥലമായി തോടുമാറി. പായലടിഞ്ഞ് വള്ളം സഞ്ചരിക്കാൻപോലും കഴിയാതെ സമീപത്തെ വേലികളിൽ നിന്ന് പത്തൽ വളർന്ന് തോട്ടിൽ മാർഗ തടസ്സം ഉണ്ടാക്കുന്നു.
അപ്പോഴും അധികൃതർ അനങ്ങില്ല. കുട്ടനാട്ടിലെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിറയുന്ന പായൽ തള്ളി കായലിലേക്ക് കർഷകർ ഒഴുക്കും. അവ അരൂർ മേഖലയിൽ ഉൾപ്പെടെയുള്ള പാടങ്ങളിലും തോടുകളിലും കായലിലും നിറയുക പതിവാണ്. കുത്തിയ തോട്ടിൽ പായൽ നിറഞ്ഞാൽ ജലഗതാഗതം പൂർണമായി നിലയ്ക്കും. വേമ്പനാട്ടുകായലിനെയും തഴുപ്പ് കായലിനെയും ബന്ധിപ്പിച്ചുകൊണ്ടാണ് കുത്തിയതോട് നിലനിൽക്കുന്നത്. തോടിനെ ആശ്രയിച്ചു മത്സ്യബന്ധനം നടത്തുന്ന നൂറുകണക്കിന് തൊഴിലാളികൾ തോട്ടിൽ പായൽ നിറയുന്നതോടെ പട്ടിണിയിലാകും.
കുത്തിയതോടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള തീരവാസികൾ ചന്തയിലും പട്ടണത്തിലും എത്താൻ ആശ്രയിക്കുന്നത് ജലഗതാഗതത്തെയാണ്. ഓക്സിജന്റെ അളവ് ജലത്തിലേക്ക് കടന്നുചെല്ലുന്നതിന് പായൽ തടസ്സമാകുമ്പോൾ ജലജീവികൾക്കും ദോഷകരമാകും. കുത്തിയതോട്ടിലെ പായൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.