ആലപ്പുഴ: നൂറ്റാണ്ടിന്റെ പ്രതാപമായ ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരം അടഞ്ഞുതന്നെ. വർഷം മൂന്നര പിന്നിട്ടിട്ടും നഗരഹൃദയത്തിൽ ആർക്കും പ്രയോജനമില്ലാതെ കിടക്കുകയാണ് അഞ്ചുനില കെട്ടിടം.
52 വാർഡുകളുള്ള നഗരസഭയെ കോർപറേഷനായി മാറുമ്പോൾ ആവശ്യമായ സൗകര്യങ്ങൾകൂടി മുന്നിൽ കണ്ടായിരുന്നു കെട്ടിട നിർമാണം. കോവിഡുകാലത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി ശതാബ്ദി മന്ദിരം ഉപയോഗിച്ചുവെന്നത് മാത്രമാണ് എടുത്തുപറയാനുള്ളത്.
2020 ഒക്ടോബറിൽ യു.ഡി.എഫ് ഭരണകാലത്താണ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. ഭരണംമാറി എൽ.ഡി.എഫ് അധികാരത്തിലേറിയപ്പോൾ വേഗമുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ, പുതിയ ഭരണസമിതി തുടർനിർമാണ പ്രവൃത്തികൾക്ക് വേണ്ടത്ര പ്രാധാന്യം നൽകിയില്ല.
വിവിധ സേവനങ്ങൾ ഒരുകുടക്കീഴിൽ എന്ന ലക്ഷ്യത്തോടെ അഞ്ച് നിലകളിലാണ് കെട്ടിടത്തിന്റെ നിർമാണം. എല്ലാനിലയിലും ജനങ്ങള്‍ക്ക് വിശ്രമസ്ഥലം, ശുചിമുറി, അംഗപരിമിതര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടം, എ.സി മിനി കോണ്‍ഫറന്‍സ് ഹാള്‍, താഴത്തെ നിലയില്‍ ജനസേവന കേന്ദ്രത്തിന് മുന്നിൽ 40 പേര്‍ക്കുള്ള ഇരിപ്പിടം. ആരോഗ്യം, പെന്ഷന് അടക്കമുള്ള വിഭാഗങ്ങള്‍ക്കും പ്രത്യേകം സൗകര്യം, നാലാംനിലയിൽ വിശാലമായ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷം ജൂണിൽ പൈപ്പ്ലൈൻ പൊതിയുന്നതിന് വേണ്ടി നിർമിച്ച കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നുവീണിരുന്നു. ഭരണമുന്നണിയും പ്രതിപക്ഷവും പരസ്പരം പഴിചാരിയുള്ള വാക്പോര് മുറുകിയെങ്കിലും കരാർ ഏറ്റെടുത്ത ഹാബിറ്റാറ്റിന്റെ പൂർണ ഉത്തരവാദിത്തത്തിൽ ആവശ്യമായ പരിഹാര പ്രവൃത്തികൾ നടത്തുമെന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിച്ചു. കെട്ടിടത്തിന്റെ ബലക്ഷയം പരിഹരിച്ച്, ഇന്റീരിയർ ജോലികൾ അതിവേഗം പൂർത്തിയാക്കി തുറക്കാനും കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
2017ൽ യു.ഡി.എഫിന്റെ കാലത്ത് 10.47 കോടി രൂപ എസ്റ്റിമേറ്റ് എടുത്താണ് ശതാബ്ദി മന്ദിരത്തിന്റെ നിർമാണം തുടങ്ങിയത്. നിർമാണ ചുമതല ഹാബിറ്റാറ്റിനായിരുന്നു. 6.15 കോടി ഹാബിറ്റാറ്റിന് കൈമാറിയശേഷം ഉദ്ഘാടനം നടത്തിയെങ്കിലും ഇന്റീരിയർ ജോലികളടക്കം ഒഴിവാക്കി കെട്ടിടത്തിന്റെ സ്ട്രക്ച്ചർ മാത്രമാണ് അന്ന് പൂർത്തിയാക്കിയത്. ഇതിന്റെ ബാധ്യതയായി 4.25 കോടിയും ഫർണിഷിങ്ങിനായി 3.15 കോടിയും പുതിയ എൽ.ഡി.എഫ് ഭരണസമിതിക്ക് കണ്ടെത്തേണ്ടി വന്നതാണ് നീണ്ടുപോകാൻ കാരണമെന്നാണ് ഭരണസമിതി വിശദീകരണം.
കോടികൾ മുടക്കിയ നഗരസഭ ശതാബ്ദി മന്ദിരത്തിലേക്ക് കയറാൻ ഇനിയും എത്രനാൾ കാത്തിരിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഈവർഷം തന്നെ അത് ഉണ്ടാകുമെന്നാണ് കൗൺസിലർമാരുടെ പ്രതീക്ഷ. നിർമാണത്തിന്റെ പലഘട്ടത്തിലും കണ്ടെത്തിയ പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ നീണ്ടുപോകലിന് പിന്നിൽ. കരാർ കമ്പനിക്കുള്ള പണമിടപാടുകളിലെ വൈകലും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഉദ്ഘാടത്തിനുശേഷം രണ്ടരവർഷത്തോളം അഞ്ചുനിലകെട്ടത്തിന് പരിപാലനം വേണ്ട രീതിയിലുണ്ടായില്ല.
ആദ്യവർഷം കോവിഡാണ് വില്ലനായത്. യഥാസമയം നവീകരിക്കാത്തതിനാൽ കെട്ടിടത്തിന്റെ പലഭാഗത്തും വിള്ളലും ചോർച്ചയുമുണ്ടായെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ കഴിഞ്ഞവർഷം ഭിത്തികൾ ഇടിഞ്ഞുവീണതോടെയാണ് വിഷയത്തിൽ നഗരസഭാധികൃതർ ഇടപെട്ടത്. വൈദ്യുതി കണക്ഷനും കുടിവെള്ളവും ഇന്റീരിയർ ജോലികളും ഫർണിച്ചറുകളും ഒന്നുമില്ലാതെയായിരുന്നു ഉദ്ഘാടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.