ആലപ്പുഴ: ആലപ്പുഴ എഫ്.സി.ഐ ഗോഡൗണിൽനിന്നുള്ള റേഷൻ ഭക്ഷ്യധാന്യവിതരണം മുടങ്ങി. കരാറുകാർ പണം നൽകാതിരുന്നതിനെത്തുടർന്ന് ലോറിത്തൊഴിലാഴിലാളികൾ നടത്തിയ സമരത്തെതുടർന്നാണ് കുട്ടനാട്, ചേർത്തല താലൂക്കിലെ റേഷഷൻവിതരണം മുടങ്ങിയത്.
കുട്ടനാട് താലൂക്കിലെ കരാറുകാരൻ 1.39 ലക്ഷവും ചേർത്തല താലൂക്കിലെ കരാറുകാരൻ 1.75 ലക്ഷവും നൽകാനുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. നവംബറിൽ ജോലി ചെയ്ത കൂലി ക്രിസ്മസായിട്ടും നൽകാതിരുന്ന സാഹചര്യത്തിലാണ് വിതരണം പൂർണമായും നിർത്തിയത്.
നിലവിൽ ആലപ്പുഴ എഫ്.സി.ഐയിൽ നിന്ന് അമ്പലപ്പുഴ താലൂക്കിലേക്കുള്ള ധാന്യവിതരണം മാത്രമാണ് നടക്കുന്നത്. ഇവിടുത്തെ കരാറുകാരൻ മാത്രമാണ് കൃത്യമായി പണം നൽകുന്നത്. എഫ്.സി.ഐ.യിൽ നിന്നുള്ള ഭക്ഷ്യധാന്യം ഓരോ താലൂക്കിലെയും സപ്ലൈകോ സംഭരണശാലയിലെത്തിക്കുന്നത് ലോറിത്തൊഴിലാളികളാണ്. 32 ലോറികളിലായി 64 തൊഴിലാളികളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. സംസ്ഥാന സർക്കാർ കരാറുകാർക്ക് കൃത്യമായി പണം നൽകാത്തതാണ് പ്രശ്നത്തിന് കാരണം.
സർക്കാരിൽ നിന്ന് പണം ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് കരാറുകാർ ലോറിത്തൊഴിലാളികളുടെ പ്രതിഫലം മുടക്കുന്നത്. അതേസമയം, ചേർത്തല താലൂക്കിലേക്കുള്ള വിതരണം വെള്ളിയാഴ്ച പുനഃരാരംഭിക്കുമെന്നും കുട്ടനാട്ടിലെ പ്രശ്നം പരിഹരിക്കാൻ ചർച്ച നടക്കുന്നുണ്ടെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു
കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലേക്കുള്ള ധാന്യം എത്തിക്കുന്നത് മാവേലിക്കര എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ്. ഇതിൽ കാർത്തികപ്പള്ളി താലൂക്കിലേക്കുള്ള ധാന്യവിതരണവും പ്രതിസന്ധിയിലാണ്. ഈ മാസത്തെ വിതരണത്തിനുള്ള ധാന്യം റേഷൻ കടകളിൽ എത്തിയത് വ്യാഴാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.