ആലപ്പുഴ: നഗരസഭയുടെ പഴയ മാലിന്യസംസ്കരണ കേന്ദ്രമായ സർവോദയപുരത്തെ ബയോമൈനിങ് പ്രവർത്തനം അതിവേഗം പുരോഗമിക്കുന്നു. 12 ഏക്കറിലായി പരന്നുകിടക്കുന്ന പ്ലാന്റിൽ 50 ശതമാനം മാലിന്യം വേർതിരിക്കൽ പ്രവൃത്തികളും പൂർത്തിയായി. പദ്ധതി പൂർത്തിയാകുന്നതോടെ ആലപ്പുഴയുടെ മാലിന്യക്കൂമ്പാരമായി മാറിയ ഒരുപ്രദേശത്തെ വീണ്ടെടുക്കുന്ന കാൽവെപ്പാകും. 2021-22 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ഏറ്റെടുത്തത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ശുചിത്വ മിഷന്റെ സഹായത്തോടെ 3.7 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആഗസ്റ്റ് 22നാണ് പദ്ധതി ആരംഭിച്ചത്. ആകെ 55,000 ഘനമീറ്റർ മാലിന്യത്തിൽ 29,000 ഘനമീറ്ററാണ് ആദ്യഘട്ടത്തിൽ വേർതിരിക്കുന്നത്.
ഒമ്പതുമാസമാണ് കരാർ കാലാവധിയെങ്കിലും ഡിസംബറോടെ ആദ്യഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പകലും രാത്രിയുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവർത്തനം. ഒരു ദിവസം 500 മുതൽ 1000 എംക്യൂബ് വരെ മാലിന്യങ്ങൾ വേർതിരിക്കും. എം.സി.കെ. കുട്ടി എൻജിനീയറിങ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാർ ചുമതല.
പ്ലാസ്റ്റിക്, ടയർ, ചെരിപ്പ്, ബയോമെഡിക്കൽ, മെറ്റൽസ്, തൊണ്ട്, അലുമിനിയം, സ്റ്റീൽ, ഗ്ലാസ്, റബർ, മെറ്റൽ, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പി, മണൽ, കല്ലുകൾ തുടങ്ങി 12 വിഭാഗങ്ങളിലായി മുഴുവൻ മാലിന്യങ്ങളും വേർതിരിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. വേർതിരിക്കുന്ന മാലിന്യം റീസൈക്ലിങ്ങിന് കയറ്റിവിടുന്നുണ്ട്. ഇതോടൊപ്പം വളക്കൂറുള്ള മണ്ണ് പ്രത്യേകം വേർതിരിച്ചെടുക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ ജലസ്രോതസ്സുകളുടെ മലിനീകരണ പ്രശ്നത്തിനും പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.