ചേർത്തല: ദിവസവും ക്രയവിക്രയം ചെയ്യുന്ന നോട്ടുകളിലെ പ്രത്യേകതകൾ ആരും പെട്ടെന്ന് ശ്രദ്ധിക്കാറില്ല. എന്നാൽ, ഒരു രൂപയിലെ നമ്പർ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ജന്മദിനവും വർഷവും ദിവസവും ക്രമീകരിച്ച അധ്യാപകൻ ചേർത്തലയിലുണ്ട്. ടൗൺ എൽ.പി.എസിലെ അധ്യാപകൻ നഗരസഭ 34ാം വാർഡിൽ പ്രഥമേഷ് മന്ദിറിലെ അർവിന്ദ് കുമാറാണ് വേറിട്ട ശേഖരത്തിന് മാതൃകയാവുന്നത്.
ഒരു രൂപ നോട്ടിലെ നമ്പർ ഉപയോഗിച്ച് 140 നിയമസഭ സാമാജികരുടെ ജന്മദിനവും വർഷവും ക്രമപ്പെടുത്തി അവരുടെ ലഘുവിവരണവും ചേർത്ത് പുതുതലമുറക്ക് അറിവ് പകർന്നുനൽകുകയാണ് ഈ അധ്യാപകൻ. വിവരശേഖരണത്തിന് ഗൂഗ്ൾ, വിക്കിപീഡിയ, സർക്കാർ വെബ് സൈറ്റുകൾ എന്നിവയെയാണ് ആശ്രയിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾ, ശാസ്ത്ര കണ്ടുപിടിത്തങ്ങൾ നടന്ന വർഷം, പുന്നപ്ര-വയലാർ സമരം, ചാന്ദ്രയാൻ തുടങ്ങിയവയുടേത് അടക്കമുള്ളവയുടെ തീയതികളിലെയും നോട്ടുകളാണ് അപൂർവ ശേഖരത്തിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം11 09 50 മുതൽ മുഖ്യമന്ത്രി പിണറായി വിജയെൻറ ജന്മദിനമായ 24 05 45 വരെയും കൂടാതെ എല്ലാ മന്ത്രിമാരുടെയും ജന്മദിനവും വർഷവും ദിവസംവരെയും കേരളത്തിലെ ആദ്യ മന്ത്രിസഭ രൂപവത്കരിച്ച 05 04 57 എന്ന നമ്പറിലെ ഒരു രൂപയുമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. മറ്റത്തിൽഭാഗം സ്കൂളിലെ മുൻ പ്രഥമാധ്യാപകൻ അശോക്കുമാറാണ് ഇതിന് പ്രചോദനമായത്. 17ാം വയസ്സുമുതലാണ് നോട്ടുകൾ ശേഖരിച്ചുതുടങ്ങിയത്. കേരളത്തിനുപുറമെ ഡൽഹി, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഒരു രൂപ നോട്ടുകൾ ശേഖരിച്ചത്. നിലവിൽ ഒരുലക്ഷത്തോളം രൂപയുടെ നോട്ടുകൾ അർവിന്ദിെൻറ പക്കലുണ്ട്. നോട്ട് ശേഖരണത്തിനൊപ്പം സ്റ്റാമ്പുകളുടെയും വിപുല ശേഖരവുമുണ്ട്.
2013 മുതൽ 2019 വരെ തുടർച്ചയായി ലിംകാ െറേക്കാഡും സ്വന്തമാക്കി. കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടിൽ ഇടക്കുവെച്ച് പഠനം ഉപേക്ഷിച്ചു. എൽ.ഐ.സി എജൻറായി പ്രവർത്തിച്ചു. പിന്നീട് ഓൺലൈൻ വിദ്യാഭ്യാസം വഴി ബിരുദത്തിന് റാങ്ക് നേടി. സ്വകാര്യകമ്പനികളിലെ ജോലിക്ക് പിന്നാലെയാണ് അധ്യാപകനായത്. തിരുനല്ലൂർ സ്കൂളിൽ അധ്യാപികയായ ഭാര്യ ജ്യോതി ലക്ഷ്മിയുടെയും പിന്തുണയുണ്ട്. ടൗൺ എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി സിദ്ധിയാണ് ഏക മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.