ചെറുതുരുത്തി: 96ാം വയസിൽ തന്റെ ജീവിത കഥ പുസ്തകരൂപത്തിൽ അച്ചടിച്ചു വരുന്നതിൽ സന്തോഷിക്കുകയാണ് അപ്പുണ്ണി തരകൻ. ഡോ: വിനി എ. എഴുതിയ ‘അണിയറ ശില്പി നമ്പ്യാരത്ത് അപ്പുണ്ണിത്തരകൻ’ എന്ന പുസ്തകം ശനിയാഴ്ച വൈകീട്ട് മൂന്നിന് കലാമണ്ഡലം ഗോപി ആശാനാണ് പ്രകാശനം ചെയ്യുന്നത്.
കഥകളി ആചാര്യൻമാർ പോലും വണങ്ങുന്ന അണിയറയിലെ കാരണവരാണ് അപ്പുണ്ണി തരകൻ. 14ാം വയസിൽ ഒളപ്പമണ്ണ മന കളിയോഗത്തിലെ അണിയറയിൽ വേഷക്കാർക്ക് ഉടുത്തുകെട്ടാൻ സഹായിച്ചു തുടങ്ങിയതു മുതൽ എട്ടു പതിറ്റാണ്ട് നീണ്ട കലാ ജീവിതം. കളിയരങ്ങിൽ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അപ്പുണ്ണി തരകന്റെ ഉടുത്തു കെട്ടിന്റെ പകർന്നാട്ട മികവ് തുടരുന്നു.
കഥകളി എവിടെയാണെങ്കിലും കോപ്പ് പെട്ടിയിൽ ചുമന്നുകൊണ്ടുപോകുന്ന കാലം മുതൽ കളിയരങ്ങുകളിൽ നിറഞ്ഞാടിയ വേഷങ്ങൾക്ക് പിന്നിൽ പാലക്കാട് ചെർപ്പുളശ്ശേരി മാങ്ങോട് സ്വദേശിയായ അപ്പുണ്ണി തരകന്റെ കൈകളുണ്ട്. കാലമണ്ഡലത്തിലെ കഥകളി ആചാര്യൻമാരായ ഗുരുകുഞ്ചു കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, കോപ്പൻ നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, ഗുരു ചാത്തുണ്ണി പണിക്കർ, ഗുരു കീഴ്പാടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം ഗോപി തുടങ്ങിയ പ്രഗത്ഭരടക്കം യുവജനോത്സവത്തിലെ കുട്ടികളെ വരെ എട്ടു തലമുറകളായി ഇദ്ദേഹം അണിയിച്ചൊരുക്കി. ‘വാനപ്രസ്ഥം’ എന്ന സിനിമക്ക് മോഹൻലാലിന് കഥകളി വേഷത്തിന്റെ അണിയറ വസ്ത്രാലങ്കാരം ചെയ്തു കൊടുത്തതും അപ്പുണ്ണി തരകനായിരുന്നു. ഇതിനോടകം നിരവധി അംഗീകാരങ്ങൾ നേടിയ ഇദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ അപ്പുണ്ണി തരകനെ ആദരിക്കുന്നുമുണ്ട്.
പരേതയായ പാറുക്കുട്ടിയമ്മയാണ് ഭാര്യ. മക്കൾ: ഉണ്ണികൃഷ്ണൻ, ശിവരാമൻ (കലാമണ്ഡലം ചുട്ടി പ്രഫസർ), മോഹനൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.