മാലിന്യ സംസ്കരണത്തിന് ഒട്ടേറെ പദ്ധതികളാണ് ക്ലീൻ കേരള കമ്പനിയും ശുചിത്വമിഷനും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്നത്. ഇവയെല്ലാം നടപ്പിൽ വരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണം കൈയാളുന്നവരുടെ കഴിവും താൽപര്യവുമാണ് പദ്ധതി നടത്തിപ്പിന്റെ പുരോഗതി നിർണയിക്കുന്നത്. ജൈവ മാലിന്യ സംസ്കരണത്തിന് ബയോബിന്നുകൾ വീടുകളിലെത്തിച്ചു നൽകിയ തദ്ദേശ സ്ഥാപനങ്ങളുണ്ട്. തുമ്പൂർമൂഴി മോഡൽ സംസ്കരണ പ്ലാന്റുകൾ നാട് നീളെ സ്ഥാപിച്ചിട്ടുണ്ട്. ബയോബിന്നുകൾ വീട്ടാവശ്യത്തിന് എടുത്തിട്ട് മാലിന്യം വലിച്ചെറിയുന്നവരാണ് ഏറെയും. ഞങ്ങളുടെ മാലിന്യം ഞങ്ങൾ സംസ്കരിക്കും എന്നത് ഓരോരുത്തരും സംസ്കാരമായി എടുത്തിട്ടില്ല.
തുമ്പൂർമൂഴി സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ചവയിൽ 80 ശതമാനവും നോക്കുകുത്തിയാണ്. തദ്ദേശ സ്ഥാപനങ്ങൾ അവയുടെ നടത്തിപ്പിൽ ഉഴപ്പിയതാണ് പദ്ധതി പാളാൻ ഇടയാക്കിയത്. മാലിന്യ നിക്ഷേപത്തിന് മാതൃകയാക്കാൻ ആലപ്പുഴ നഗരം നമ്മുടെ മുന്നിലുണ്ട്. നൂറുകണക്കിന് എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളാണ് ഇവിടെ മാലിന്യനിക്ഷേപത്തിന് ആശ്വാസമാകുന്നത്. ഇത് ഇല്ലാതെ പോയതാണ് അവിടങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാന്റുകൾ നോക്കുകുത്തിയാകാൻ ഇടയാക്കിയത്. കടലും കായലും തോടുകളുംകൊണ്ട് നിറഞ്ഞതാണ് നമ്മുടെ ജില്ല.
ഒരുകാലത്ത് ജലാശയങ്ങൾ നാടിന് അനുഗ്രഹമായിരുന്നു. ഇപ്പോൾ മാലിന്യം തള്ളുന്നതിന് പറ്റിയ ഇടങ്ങളായി ജലാശയങ്ങളെ മാറ്റി. അതോടെ ജലാശയങ്ങൾ നാടിന്റെ ശാപമായി മാറി. വിശാലമായ ജലാശയങ്ങളുള്ളപ്പോൾ സർക്കാർ ഏർപ്പെടുത്തുന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്തിനെന്ന പൊതുജനങ്ങളുടെ മനോഭാവമാണ് ബയോബിന്നുകളും തുമ്പൂർമൂഴി പ്ലാന്റുകളും നോക്കുകുത്തിയാകാൻ കാരണമായത്. തീരവാസികൾ തങ്ങളുടെ മാലിന്യം നിക്ഷേപിക്കാൻ പ്രധാനമായും തെരഞ്ഞെടുക്കുന്നത് കടലാണ്. കടലാക്രമണ സമയങ്ങളിൽ കരയിലേക്ക് അടിച്ചുകയറുന്ന മാലിന്യക്കൂമ്പാരങ്ങൾ ഇതിന് തെളിവാണ്.
തോടുകളുടെയും കായലുകളുടെയും അവസ്ഥ ഭിന്നമല്ല. കായലുകളുടെ അടിത്തട്ട് വൻതോതിൽ പ്ലാസ്റ്റിക് അടിഞ്ഞ നിലയിലാണ്. ഇത് മീനുകൾക്ക് മുട്ടയിടുന്നതിനുപോലും കഴിയാത്ത സ്ഥിതിയാണ്. കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യവും ജലാശയങ്ങളിൽ പ്രത്യേകിച്ച് കടലിൽ തള്ളുന്നത് വ്യാപകമാണ്.
ഗ്രാമങ്ങളിൽ കല്യാണങ്ങൾപോലെ വലിയ ചടങ്ങുകൾ നടക്കുന്ന സംവിധാനം പലതും ഉറവിട മാലിന്യ സംസ്കരണമില്ലാതെയാണ് നടത്തിക്കൊണ്ടുപോകുന്നത്. ഇവിടെയുണ്ടാകുന്ന മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങൾ അന്വേഷിച്ചിട്ടില്ല. മാലിന്യം ശേഖരിക്കാൻ വീടുകളിൽ എത്തുന്ന ഹരിത കർമസേന അംഗങ്ങൾ ഏറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. തങ്ങൾക്ക് തരാനായി മാലിന്യം ഒന്നും തന്നെ ഇല്ലെന്നും അതിനാൽ 50 രൂപ ഫീസ് നൽകാൻ കഴിയില്ലെന്നുമാണ് ഈ വീട്ടുകാരുടെ വാദം.
പൊതുസ്ഥലത്തും വഴിയോരത്തും മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയെടുത്ത് തദ്ദേശസ്ഥാപനങ്ങൾക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുത്താൽ ഇനി 2500 രൂപ ലഭിക്കും. മാലിന്യമെറിയുന്ന ആളിൽനിന്ന് ഈടാക്കുന്ന 10,000 രൂപയിൽനിന്നാണ് സമ്മാനത്തുക നൽകുക. ജില്ലയിലെ 72 ഗ്രാമപഞ്ചായത്തിലും ആറുനഗരസഭകളിലും ഇതിനായി വാട്സ്ആപ് നമ്പറുകളുണ്ട്.
എറിയുന്നതിന്റെയും എറിഞ്ഞയാളുടെയും ചിത്രം സഹിതമാണ് അയക്കേണ്ടത്. https://docs.google.com/spreadsheets/d/1f6p70XBOFR1kLaRa_Bfh3TSz7ScZ97_WjTw6ZaMkfik/edit?usp ലിങ്കിൽനിന്ന് എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വാട്സ്ആപ് നമ്പർ ലഭിക്കും. അയക്കുന്നയാളുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് ശുചിത്വമിഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.