ഹരിപ്പാട്: വാക്തർക്കത്തിനിടെ ചിങ്ങോലിയിൽ യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. ചിങ്ങോലി അനിതാ ഭവനത്തിൽ ഗോപകുമാറിന്റെ മകൻ അർജുനാണ് (28) വെട്ടേറ്റത്. സംഭവത്തിൽ അയൽവാസി കൂടിയായ ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീൺ ഉൾപ്പെടെ എട്ടുപേർക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ് (35), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവോണത്തിന്റെ തലേന്ന് രാത്രി പത്തരയോടെയാണ് സംഭവം. അർജുൻ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമിച്ചത്. മാരകമായി പരിക്കേറ്റ അർജുനെ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൈപ്പത്തി ഉൾപ്പെടെ അറ്റുതൂങ്ങിയതിനാൽ വിദഗ്ധ ചികിത്സക്കായി അർജുനെ പിന്നീട്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഏതാനും ദിവസം മുമ്പ് അർജുനും സഹോദരനും വീടിന് മുന്നിൽ നിന്ന് ബൈക്ക് കഴുകുമ്പോൾ തൊട്ട് മുന്നിലെ റോഡിലൂടെ പ്രവീൺ അസഭ്യം പറഞ്ഞു പോയത് അർജുനും സഹോദരനും ചോദ്യം ചെയ്തിരുന്നു. തർക്കത്തിനിടെ നിന്നെ ഓണം ഉണ്ണിക്കില്ലെന്ന് പ്രവീൺ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവമാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഏതാനും പ്രതികൾ കൂടി കസ്റ്റഡിയിൽ ആയിട്ടുണ്ടെന്നാണ് സൂചന. മുതുകുളം ഗ്രാമപഞ്ചായത്തംഗം ബൈജുവിനെ വെട്ടിയ കേസിലടക്കം നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് പ്രവീൺ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.