ഹരിപ്പാട്: വള്ളം കളി പ്രേമികൾക്ക് ആവോളം ആവേശം പകർന്നു നൽകിയ പായിപ്പാട് ജലോത്സവത്തിൽ കാരിച്ചാൽ ചുണ്ടൻ ജേതാവായി. കാരിച്ചാൽ ചുണ്ടൻ വള്ള സമിതിയിലെ തുഴക്കാരുടെ കൈക്കരുത്തിലാണ് എൻ. പ്രസാദ്കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടൻ കിരീടത്തിൽ മുത്തമിട്ടത്. തുഴകളുടെ വ്യത്യാസത്തിലാണ് മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ മേൽപ്പാടം ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനും പായിപ്പാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹേഷ് കെ. നായർ ക്യാപ്റ്റനായ പായിപ്പാട് ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടത്.
പുതുക്കിപ്പണിത പായിപ്പാട് ചുണ്ടന്റെ പ്രഥമ മത്സരം ആയിരുന്നു ഇത്. അച്ചൻകോവിലാറിന്റെ ഇരുകരകളിലും തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയർത്തുന്നതായിരുന്നു ഫൈനൽ മത്സരം.
ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് മത്സരത്തിൽ ഷാഹുൽ ഹമീദ് ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി. ചെറുതന, ആയാപറമ്പ് വലിയ ദിവാൻജി എന്നീ വള്ളങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ദേവരാജൻ ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി ഒന്നാമതെത്തിയപ്പോൾ ആനാരിയും കരുവറ്റായും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സമ്മേളനം സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കുട്ടനാട് എം.എൽ.എ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് സൂപ്രണ്ട് മോഹനചന്ദ്രൻ വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ, ആർ.കെ. കുറുപ്പ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ. ശോഭ, ജോൺ തോമസ്, വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഓമന എന്നിവർ പങ്കെടുത്തു. കൊടിക്കുന്നിൽ സുരേഷ് എം.പി. വിജയികൾക്കുള്ള സമ്മാന ദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.