ഹരിപ്പാട്: സൗന്ദര്യവത്കരിക്കാനും തെളിനീരൊഴുക്കാനും കോടികൾ തുലച്ചിട്ടും അച്ചൻകോവിലാറിൽനിന്നും കായംകുളം കായലിന്റെ കൈവഴിയായ കാർത്തികപ്പള്ളി കൊപ്പാറക്കടവ്-പൂത്തോട് തോടിന്റെ മാലിന്യപ്രശ്നത്തിന് പരിഹാരമില്ല. നാൾക്കുനാൾ തോട് വിവിധ കാരണങ്ങളാൽ മലിനപ്പെട്ട് ദുരിതം തീർക്കുന്നു. മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി തോട് മാറുന്നതാണ് കാരണം. ചിങ്ങോലി ഒന്നാംവാർഡ് കഴുവേറ്റുകുന്നേൽ ഭാഗത്ത് പായലും മാലിന്യങ്ങളും വലിയ തോതിൽ അടിഞ്ഞുകൂടുന്നു. ഡാണാപടി മാർക്കറ്റിന് സമീപം മുതലുളള പോളകളും കുത്തി വിടുന്ന മാലിന്യങ്ങളുമാണ് ഒഴുകിയെത്തി അടിഞ്ഞുകൂടുന്നത്.
തോട്ടിൽ നിക്ഷേപിക്കുന്ന ഇറച്ചിയവശിഷ്ടങ്ങളും മറ്റും വേലിയിറക്കത്തിൽ ഒഴുകിയെത്തുന്നതും ഈ ഭാഗത്തേക്കാണ്. പ്ലാസ്റ്റിക് കിറ്റുകളിൽ കെട്ടിയാണ് മാലിന്യങ്ങൾ തോട്ടിൽ നിക്ഷേപിക്കുന്നത്. ഇത് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടന്ന് ദുർഗന്ധം വമിക്കുന്നതിനും സാംക്രമിക രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നു.ചിങ്ങോലിയിൽ കഴിഞ്ഞയാഴ്ച ഇകോളിയുടെയും നോറോ വൈറസിന്റെയും സാന്നിധ്യം വെളളത്തിൽ കണ്ടെത്തിയിരുന്നു. ചിങ്ങോലി പഞ്ചായത്ത് അധീനതയിലുള്ള പ്രദേശത്തെ തോട് അടുത്തിടെ പൂർണമായും വൃത്തിയാക്കിയിരുന്നു. ഇറച്ചി മാലിന്യങ്ങൾ ഇവിടെ ഇടുന്നത് തടയാനായി ഇറച്ചി കച്ചവടക്കാർക്ക് രേഖാമൂലം അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
തോടിന്റെ ആഴം കൂട്ടുന്നതിനും സൗന്ദര്യവത്കരിക്കാനും കോടികളാണ് ഇതിനകം ചെലവഴിച്ചിട്ടുള്ളത്. എന്നാൽ കാര്യമായ ഒരു പ്രയോജനവും ഇതുമൂലം ഉണ്ടായിട്ടില്ല. കാമറ സ്ഥാപിച്ച് തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നടപടി എടുക്കുകയാണ് ആദ്യം വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ചിങ്ങോലി ഭാഗത്തേക്ക് തോട്ടിൽ കൂടി മാലിന്യങ്ങൾ ഒഴുകിവരുന്നത് തടയാൻ കാർത്തികപ്പള്ളി പാലത്തിന് താഴെ പഞ്ചായത്ത് അതിർത്തിയിൽ വലകെട്ടി സംരക്ഷണം ഒരുക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.