ചാരുംമൂട്: വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ ജോലിക്കുണ്ടായിരുന്ന ഹരിത കർമസേന അംഗങ്ങളോട് പൊലീസ് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ശനിയാഴ്ച വൈകീട്ട് ഹരിത കർമ സേന അംഗങ്ങൾ കൂട്ടമായി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയാണ് എസ്.ഐ ഗോപാലകൃഷ്ണനെതിരെ പരാതി നൽകിയത്. പാലമേൽ പഞ്ചായത്തിലെ എരുമക്കുഴി ഗവ. എൽ.പി.എസ്, പയ്യനല്ലൂർ ഡബ്ല്യു.എൽ.പി.എസ്, ഉളവുക്കാട് ആർ.സി.വി എൽ.പി.എസ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി ഉണ്ടായിരുന്ന ഹരിതകർമ സേന അംഗങ്ങളോട് അകാരണമായി കയർത്തു സംസാരിക്കുകയും പൊതുജനമധ്യത്തിൽ വെച്ച് പെറുക്കികൾ എന്ന് വിളിച്ച് ബൂത്തിൽനിന്ന് ഇറങ്ങിപ്പോകണമെന്ന് ആക്രോശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതി.
തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിൽ പഞ്ചായത്ത് പരിധിയിലെ 24 ബൂത്തുകളിലേക്കും ഹരിത ചട്ട പ്രകാരം ഹരിത കർമ സേനാ അംഗങ്ങളെ പഞ്ചായത്ത് സെക്രട്ടറി ജോലിക്ക് നിയോഗിച്ചിരുന്നു. ജോലി ചെയ്ത് വരവെയാണ് രാവിലെ 9.30 ഓടെ എരുമക്കുഴി എൽ.പി.എസിൽ പൊലീസ് സംഘം എത്തിയത്. എസ്.ഐ ഇറങ്ങി വന്ന് നിങ്ങൾ പുറത്തുപോകണമെന്ന് ആക്രോശിച്ചപ്പോൾ ഞങ്ങൾ ജോലിക്കു നിയോഗിച്ചിട്ടുള്ളതായ രേഖകൾ കാണിച്ചിട്ടും മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. തുടർന്നാണ് മറ്റ് രണ്ട് ബൂത്തുകളിലും ഹരിത കർമ സേന അംഗങ്ങൾക്ക് ഇതേ അനുഭവം ഉണ്ടായത്. മാത്രമല്ല തങ്ങളുടെ യുനിഫോം ഇട്ട് വോട്ടും ചെയ്യാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.
ശനിയാഴ്ച വൈകിട്ട് വനിത പഞ്ചായത്ത് അംഗങ്ങളുടെയും സി.ഡി.എസ് ചെയർപേഴ്സന്റെയും സാന്നിധ്യത്തിലാണ് സേന അംഗങ്ങൾ പൊലീസ് സ്റ്റേഷനിത്തി പരാതി നൽകിയത്. എന്നാൽ, ബൂത്തുകളിൽ നിയോഗിക്കപ്പെട്ട ഹരിത കർമ സേന അംഗങ്ങൾ, എൻ.എസ്.എസ് പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവരെ ബൂത്തുകളിൽനിന്ന് ഒഴിവാക്കാണമെന്ന് കാണിച്ച് കലക്ടറുടെ ഉത്തരവ് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ ഒഴിവാകാൻ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നാണ് സി.ഐ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.