ആലപ്പുഴ: മിൽമയും കേരള ഫീഡ്സും കാലിത്തീറ്റ വിലയിൽ സ്വകാര്യ കമ്പനികളെ കടത്തിവെട്ടുമ്പോൾ ദുരിതത്തിലാവുന്നത് ക്ഷീരകർഷകർ. 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റക്ക് മിൽമയും കേരള ഫീഡ്സും കഴിഞ്ഞ ഒന്നു മുതൽ ഗോൾഡിന് 180 ഉം റിച്ചിന് 160 രൂപയുമാണ് വർധിപ്പിച്ചത്. നിലവിലെ വില ഗോൾഡ്- 1550, റിച്ച്- 1460 എന്നിങ്ങനെയാണ്.
ഇതേ തൂക്കത്തിൽ സ്വകാര്യ കമ്പനികൾ 1340 രൂപക്കാണ് കാലിത്തീറ്റ വിപണിയിൽ എത്തിക്കുന്നത്. സർക്കാർ സ്ഥാപനങ്ങളെക്കാൾ 210 രൂപ കുറവ്. 50 ലിറ്റർ പാൽ അളക്കുന്ന കർഷകർക്ക് ഓരോചാക്ക് കാലിത്തീറ്റക്കും മിൽമ 100 രൂപ സബ്സിഡി വീണ്ടും പുന:സ്ഥാപിച്ചത് ചെറിയ ആശ്വാസം പകരുന്നു. എന്നാൽ, 49 ലിറ്റർ പാൽ അളക്കുന്ന കർഷകന് ഈ ആനുകൂല്യം ലഭിക്കില്ല. 1370 രൂപയിൽ നിന്നാണ് 1550 രൂപയായി വില ഉയർത്തിയത്. മിൽമ വില കൂട്ടിയതോടെ സ്വകാര്യ കമ്പനികളും വില കൂട്ടിയെങ്കിലും വിപണി പിടിക്കാനായി വില താഴ്ത്തുകയായിരുന്നു.
പൊതുവിപണിയിൽ കാലിത്തീറ്റ വില നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം കേരള ഫീഡ്സിന്റെയും മിൽമയുടെയും ഇടപെടലിലൂടെയാണ്. എന്നാൽ, ആദ്യം ഇവരാണ് വില വർധിപ്പിച്ചത്.
ഒരു വർഷത്തിനിടെ 32 ശതമാനം വർധനവാണ് കാലത്തീറ്റയിൽ ഉണ്ടായിട്ടുള്ളത്. രണ്ട് വർഷം മുമ്പ് പാൽ വില നാലു രൂപ വർധിപ്പിച്ചപ്പോൾ കർഷകർക്ക് 3.35 രൂപ നൽകിയ മിൽമ കാലിത്തീറ്റ വില കിലോക്ക് 5.80 രൂപയാണ് കൂട്ടിയത്.
പാലിന് 5 രൂപ കൂട്ടുമ്പോൾ 4.20 രൂപ കർഷകന് നൽകണമെന്നാണ് മിൽമ തീരുമാനം. വർധിപ്പിച്ച കാലിത്തീറ്റ വില കഴിച്ചാൽ 60 പൈസയാണ് കർഷകന് കിട്ടുന്നത്. അതിനാൽ പാൽവില കൂട്ടിയതിന്റെ ഗുണം കർഷകർക്കു ലഭിക്കാറില്ല.
എന്നാൽ, അസംസ്കൃത വസ്തുക്കളുടെ വില വർധനവാണ് കാലിത്തീറ്റ വില ഉയർത്താൻ കാരണമെന്ന് മിൽമ വാദിക്കുന്നു. അസംസ്കൃത വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. വൈക്കോലിനും പുല്ലിനും പുറമേ ഒരു പശുവിന് ദിവസം 10 കിലോഗ്രാം കാലിത്തീറ്റ നൽകണം.ഒരു ലിറ്റർ പാൽ 50 രൂപക്ക് ക്ഷീരസംഘങ്ങൾ വിൽക്കുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് ഇൻസെന്റീവ് ഉൾപ്പെടെ 32-42 രൂപയാണ്.
ഉൽപാദന ചെലവ് അനുസരിച്ച് പാലിന് വില വർധിപ്പിക്കണം. ഒരു ലിറ്റർ പാലിന് അഞ്ച് രൂപ പ്രകാരം കാലിത്തീറ്റയിൽ സബ്സിഡി ഏർപ്പെടുത്തി കർഷകരെ സഹായിക്കാൻ മിൽമ തയാറാവണം തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.