കായംകുളം: ഓണാട്ടുകരയിലെ കലാപൂരത്തിന്റെ അവസാനലാപ്പിൽ മുന്നേറിയ മാവേലിക്കര ഉപജില്ലക്ക് കലാകിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചേർത്തല ഉപജില്ലയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് മാവേലിക്കര ഓവറോൾ ചാമ്പ്യൻപട്ടം നേടിയത്. നാലുദിവസം മുന്നിൽനിന്ന ചേർത്തലയെ അവസാന ദിവസം അട്ടിമറിച്ചാണ് വിജയം കൂടെക്കൂട്ടിയത്. തുറവൂർ ഉപജില്ലക്കാണ് രണ്ടാംസ്ഥാനം. ചേർത്തലക്കാണ് മൂന്നാം സ്ഥാനം. കിരീടത്തിനായി മാവേലിക്കരയും ചേർത്തലയും തുടക്കംമുതല്‍ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. സ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം മാന്നാർ നായർ സമാജം എച്ച്.എസ്.എസ് സ്വന്തമാക്കി. അമ്പലപ്പുഴ ഗവ. മോഡൽ എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ചെങ്ങന്നൂരിനാണ് കിരീടം. തുറവൂർ രണ്ടും ആലപ്പുഴ മൂന്നും സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മാവേലിക്കര ജേതാക്കളായി. കായംകുളം, ഹരിപ്പാട് ഉപജില്ലകൾക്ക് രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.
യു.പി വിഭാഗത്തിൽ മാവേലിക്കര ഒന്നാമതെത്തി. കായംകുളം, അമ്പലപ്പുഴ ഉപജില്ലകൾ രണ്ടാംസ്ഥാനം പങ്കിട്ടു. ചേർത്തലക്കാണ് മൂന്നാം സ്ഥാനം. പ്രധാനവേദിയായ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടന്ന സമാപനസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. കായംകുളം നഗരസഭ അധ്യക്ഷ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്. ശ്രീലത, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷാമില അനിമോൻ, മായ, ഫർസാന ഹബീബ്, എസ്. കേശുനാഥ്, സ്വീകരണ കമ്മിറ്റി ചെയർമാൻ റെജി മാവനാൽ, കൺവീനർ അനസ് എം. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.