കായംകുളം: സ്വാഗതസംഘം ഭാരവാഹികളെ നിശ്ചയിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ ജില്ല സ്കൂൾ കലോത്സവ നടത്തിപ്പ് സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ. ശ്രീലത തിങ്കളാഴ്ച രാത്രിയിൽ ഓൺലൈനായി വിളിച്ച യോഗത്തിലും തീരുമാനമായില്ല.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സ്ഥിരംസമിതി അധ്യക്ഷ എം.വി. പ്രിയ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. മാവേലിക്കരയിലോ, ചെങ്ങന്നൂരിലോ നടത്തണമെന്ന് നിർദേശമുയർന്നെങ്കിലും പ്രശ്ന പരിഹാര സാധ്യതയുണ്ടെങ്കിൽ കായംകുളത്തുതന്നെ മതിയെന്നായിരുന്നു അധ്യാപക സംഘടനകളുടെ അഭിപ്രായം.
അധ്യാപക സംഘടന നേതാവിന് എതിരെയുള്ള പ്രമേയം പിൻവലിക്കുകയെന്നതാണ് പ്രധാന ചർച്ചാവിഷയമായത്. ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച നഗരസഭ ചെയർപേഴ്സനുമായി ചർച്ചക്കുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്. പങ്കെടുത്ത 11 അധ്യാപക സംഘടനകളിൽ ഭൂരിഭാഗവും നഗരസഭയുമായി ചർച്ച നടത്തി സമവായത്തിലെത്തിയാൽ കായംകുളത്തുതന്നെ നടത്താമെന്ന സന്നദ്ധതയാണ് അറിയിച്ചത്. എ.കെ.എസ്.ടി.യു മാത്രമാണ് വിയോജിപ്പ് അറിയിച്ചത്. എന്നാൽ, മറ്റ് സംഘടനകളുടെ അഭിപ്രായത്തിന് ഒപ്പം നിൽക്കാൻ തയാറാണെന്നും നഗരസഭയിൽനിന്ന് വിട്ടുവീഴ്ചകളുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. കൂടാതെ സബ് കമ്മിറ്റികളുടെ ചെയർമാൻമാരെ സംഘടനകളുടെ താൽപര്യത്തിന് അനുസരിച്ച് മാറ്റി നൽകണെമന്നതും പ്രധാന ആവശ്യമാണ്.
നവംബർ അവസാന വാരമാണ് കലോത്സവം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഇതുവരെയും ധാരണയാകാത്തതിനാൽ മേള നീട്ടിവെക്കാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. മേളയുടെ സുഗമമായ നടത്തിപ്പിന് വിട്ടുവീഴ്ചയാകാമെന്ന് ചെയർപേഴ്സൻ പി. ശശികല വ്യക്തമാക്കിയ പശ്ചാത്തലത്തിൽ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഗതസംഘം കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള യോഗം ബുധനാഴ്ച വിളിക്കാമെന്ന് ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചെങ്കിലും നഗരസഭയുമായി ധാരണയിൽ എത്തിയിട്ട് മതിയെന്നായിരുന്നു സംഘടനകളുടെ നിലപാട്.
അധ്യാപക സംഘടനകളുടെ രാഷ്ട്രീയ ചായ്വ് പരിഗണിക്കാതെ സ്വാഗതസംഘം ഭാരവാഹികളെ നിശ്ചയിച്ച വിഷയത്തിലെ തർക്കമാണ് കലോത്സവ നടത്തിപ്പിനെ ബാധിച്ചത്. ഇതിനെതിരെ പ്രതികരിച്ച എ.കെ.എസ്.ടി.യു നേതാവ് ബീനക്കെതിരെ നഗരസഭ പ്രമേയം പാസാക്കിയതോടെയാണ് വിഷയം കൂടുതൽ വഷളായത്.
തുടർന്നാണ് കലോത്സവം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിലപാടുമായി അധ്യാപക സംഘടനകൾ രംഗത്തുവന്നത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തുനിന്ന് പരിപാടി മാറ്റുന്നത് രാഷ്ട്രീയ-സാമൂഹിക പ്രശ്നമായി മാറുമെന്ന് കണ്ടതോടെയാണ് ഇരുകൂട്ടരും അനുനയ പാതയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.