കായംകുളം: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലേക്ക് അടിയൊഴുക്ക് നടന്ന പത്തിയൂരിലെ സി.പി.എം വിഭാഗീയത വിവിധ ലോക്കൽ സമ്മേളനങ്ങളിൽ പ്രതിഫലിക്കുമെന്ന് സൂചന. കരീലക്കുളങ്ങര, പത്തിയൂർ, രാമപുരം ലോക്കൽ പരിധിയിലെ ബ്രാഞ്ച് സമ്മേളനങ്ങളിൽ വോട്ട് ചോർച്ചയും ചർച്ചയായിട്ടുണ്ട്. 24ന് സമ്മേളനം നടക്കുന്ന കരീലക്കുളങ്ങരയിൽ വിഭാഗീയതയും ശക്തമാണ്. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ വിഷയം രൂക്ഷമാക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അരങ്ങേറിയത്. ഫാക്ടറി ബ്രാഞ്ച് സമ്മേളനത്തിലെ മിനിറ്റ്സ് കീറൽ ലോക്കൽ കമ്മിറ്റി അംഗങ്ങളിലെ ചേരിതിരിവിനും കാരണമായിട്ടുണ്ട്. സമ്മേളനം അലങ്കോലമാക്കിയെന്ന് കാട്ടി ലോക്കൽ കമ്മിറ്റി അംഗം അനിൽകുമാറിന് വിശദീകരണ നോട്ടീസ് നൽകിയതാണ് പ്രശ്നം. സെക്രട്ടറിയാണ് വിഷയം വഷളാക്കിയതെന്ന് കാട്ടി നൽകിയ മറുപടിയിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന സാമുദായിക ധ്രുവീകരണവും ചർച്ചയാക്കിയിട്ടുണ്ട്.
പാർട്ടിയിൽ അനുവദിക്കാൻ കഴിയാത്ത അനഭിലഷണീയ നിലപാടുകൾ ബ്രാഞ്ചിന്റെ ചുമതലക്കാരൻ എന്ന നിലയിൽ ചോദ്യംചെയ്തതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് മറുപടി. നിലവിലെ ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി സമുദായ സംഘടനയുടെ നേതാവിനെ നിർദേശിക്കണമെന്നതാണ് ചോദ്യംചെയ്തത്.
സമുദായ സംഘടനയുടെ വനിത നേതാവായ പാർട്ടി അംഗമാണ് പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത നിർദേശം മുന്നോട്ടുവെച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വാർഡിൽ പാർട്ടിയെ ഒന്നിച്ചുനിർത്തുന്നതിന് പകരം ചേരിതിരിവുണ്ടാക്കുന്ന ശ്രമമാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകൾക്കാണ് വാർഡിൽ സി.പി.എം ജയിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഒന്നാമത് എത്തിയ ബൂത്തിൽ സി.പി.എം കോൺഗ്രസിനും പിന്നിൽ മൂന്നാമതായിരുന്നു. 1500 വോട്ടുകൾ വരെ സി.പി.എമ്മിന് മുന്നേറ്റമുണ്ടായിരുന്ന ലോക്കൽ പരിധിയിൽ 200ഓളം വോട്ടുകൾക്ക് ബി.ജെ.പി മുന്നിൽപോയ രാഷ്ട്രീയസാഹചര്യം ലോക്കൽ സമ്മേളനത്തിൽ ചർച്ചയാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതേ സാഹചര്യമാണ് മറ്റ് ലോക്കൽ പരിധികളിലും നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.