ആലപ്പുഴ: കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ ചേർത്തല മുനിസിപ്പൽ എട്ടാം വാർഡിൽ നെടുമ്പ്രക്കാട് കൂമ്പേൽ വീട്ടിൽ മാട്ടൻ എന്ന അഭിറാമിനെ (29) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
ചേർത്തലയിൽ സമീപകാലത്തുണ്ടായ ഗുണ്ട ആക്രമണ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയായ ഇയാൾക്കെതിരെ ചേർത്തല പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറുമാസത്തേക്ക് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കരുതെന്ന് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഉത്തരവിട്ടിരുന്നു.
ഈമാസം ആദ്യം ഈ ഉത്തരവ് കൈപ്പറ്റിയ ഇയാൾ ജില്ലയിൽനിന്ന് പുറത്തുപോയിരുന്നു. തിരുവോണദിവസം രഹസ്യമായി നാട്ടിലെത്തിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യനിരീക്ഷണം നടത്തിയ ചേർത്തല സബ് ഇൻസ്പെക്ടർ വി.ജെ. ആന്റണി പ്രസാദ്, രംഗപ്രസാദ്, സീനിയർ സി.പി.ഒ അഭിലാഷ്, സി.പി.ഒ നിധി എന്നിവർ ചേർന്ന് വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തുറവൂർ: വീട്ടിൽ സൂക്ഷിച്ച 12 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി കോടംതുരുത്ത് അരുൺ ഭവനിൽ കുഞ്ഞുമോനെ (50) കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എസ്. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ബിനേഷ്, പ്രിവന്റിവ് ഓഫിസർമാരായ പി.ജഗദീശൻ, മനോജ് കുമാർ, വനിത എക്സൈസ് സിവിൽ ഓഫിസർ വിധു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ലഹരി പദാർഥങ്ങൾ സംബന്ധിച്ച കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ 0478-2561966, 9400069496 എന്ന ഫോൺ നമ്പരിൽ വിവരം അറിയിക്കണമെന്ന് എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.