അമ്പലപ്പുഴ: അപ്രതീക്ഷിത കടൽകയറ്റം ജില്ലയിലെ തീരമേഖലയെ മുള്‍മുനയിലാക്കി. കാലാവസ്ഥ മുന്നറിയിപ്പില്‍ പലരും താമസം ബന്ധുവീടുകളിലാക്കിയതിനാല് ആളപായമില്ല. ഇതിനിടെ കടല്‍ ഉള്‍വലിഞ്ഞത് തീരവാസികളെ ഭീതിയിലാക്കി.
തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെ തീരത്ത് കള്ളക്കടൽ കയറ്റം രൂക്ഷമായി. അമ്പതിലേറെ വീടുകളിൽ വെള്ളം കയറി. ചില വീടുകൾ തകർച്ചയുടെ വക്കിലാണ്. ചൊവ്വാഴ്ച രാത്രി മുതൽ തുടങ്ങിയ കടൽക്ഷോഭം ബുധനാഴ്ചയും രൂക്ഷമാണ്. പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് തീരങ്ങളിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയാണ്.
പുറക്കാട് ഗ്രാമപഞ്ചായത്തിലെ തോട്ടപ്പള്ളി ഒറ്റപ്പനമുതൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ നീർക്കുന്നം, വണ്ടാനം വരെയാണ് കെടുതികൾ രൂക്ഷമായത്. അമ്പലപ്പുഴ കോമന പുതുവൽ സജിത്ത്, ഗോപിദാസ്, ഭാസുര എന്നിവരുടെ വീടുകളുടെ ജനൽപാളികൾ തിരമാലകളടിച്ച് തകർന്നു. നീർക്കുന്നം ചിറയിൽപടീറ്റതിൽ വിനോദ്, പുതുവൽ സബിത, പുഷ്പൻ, ഫിഷർമെൻ കോളനിയിൽ രാജേന്ദ്രൻ, കാക്കാഴം പുതുവൽ ചെമ്പകക്കുട്ടി, സാബു, പാലച്ചുവട്ടിൽ ചിത്രരാജൻ, പുതുവൽ സനൽ തുടങ്ങി അമ്പതിലേറെ വീടുകൾ തകർച്ചാഭീഷണിയിലായി.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 13, 14, 15 വാർഡുകളിലെ 25ഓളം വീടുകളിൽ വെള്ളം കയറി. 14ാം വാർഡ് സുബി വെള്ളം തെങ്ങ്, സാജു വെള്ളം തെങ്ങ്, സാബു വെള്ളം തെങ്ങ്, രാജേഷ് പുതുവൽ, ശശിധരൻ തെക്കേവീട്, സജീവൻ വെള്ളം തെങ്ങ്, ശിശുപാലൻ പുതുവൽ, ചിത്രാ രാജൻ പാലച്ചുവട്ടിൽ, ഗോപി, 13ാം വാർഡിൽ മധു പുതുവൽ, സനീഷ് പുതുവൽ, രത്നാകരൻ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി.
തോട്ടപ്പള്ളിയിൽ അരക്കിലോമീറ്റർ കടൽ ഉൾവലിഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറിനുശേഷമാണ് പ്രതിഭാസമുണ്ടായത്. തോട്ടപ്പള്ളി പൊഴിമുഖം മുതൽ തെക്കോട്ട് അരക്കിലോമീറ്ററാണ് കടൽ ഉൾവലിഞ്ഞത്. തീരത്തുനിന്നും 150 മീറ്ററിലേറെ പിന്നിലേക്ക് കടലിറങ്ങി. രാത്രിയോടെയാണ് പൂര്‍വസ്ഥിതിയിലായത്. കടല്‍ ഉള്‍വലിഞ്ഞതോടെ പലരും വീട് വിട്ടു. പൂര്വസ്ഥിതിയിലായശേഷമാണ് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.