മണ്ണഞ്ചേരി: മത്സ്യസമ്പത്ത് കുത്തനെ ഇടിഞ്ഞതോടെ ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ. ആഴക്കയങ്ങളിൽ ഉപജീവനം നടത്തുന്ന ഉൾനാടൻ മത്സ്യമേഖലയാണ് ദുരിതത്തിന്റെ ഓളംതീർക്കുന്നത്. 36500 ഹെക്ടർ ഉണ്ടായിരുന്ന വേമ്പനാട് കായൽ 12500 ഹെക്ടറായി ചുരുങ്ങി. വേമ്പനാട്ട് കായലിനെ ആശ്രയിച്ച് ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് ഉപജീവനം കണ്ടെത്തുന്നത്. കായലിൽ മത്സ്യസമ്പത്ത് ഭീകരമാംവിധം കുറഞ്ഞിട്ടും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകുന്നില്ല. കായലിലെ മത്സ്യസമ്പത്ത് 90 ശതമാനത്തിലധികം കുറഞ്ഞെന്നാണ് ഈമേഖലയിലുള്ളവർ പറയുന്നത്.
ആറ്റുകൊഞ്ച്, കണമ്പ്, ചെമ്മീൻ, പൂമീൻ തുടങ്ങിയവയുടെ എണ്ണത്തിൽ വന്ന കുറവ് ഞെട്ടിക്കുന്നതാണ്. തൊഴിൽ നഷ്ടമായതോടെ മത്സ്യത്തൊഴിലാളികളിൽ പലരും കക്ക മേഖലയിലേക്കും നിർമാണ മേഖലയിലേക്കും മാറി. കക്കയും ഇല്ലാതായാൽ ഉൾനാടൻ മത്സ്യമേഖല പൂർണമായും സ്തംഭിക്കുമെന്ന അവസ്ഥയാണ്. കായലിലെ 40 മത്സ്യഇനങ്ങൾ അപ്രത്യക്ഷമായി. 1980ൽ 150 മത്സ്യ ഇനങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ 90 ആയി ചുരുങ്ങി. സംസ്ഥാനസർക്കാരിന് വേണ്ടി കേരള മത്സ്യ സമുദ്രപഠന സർവകലാശാല നടത്തിയ പഠനത്തിലാണ് ഈകണ്ടെത്തൽ. പായൽ നിറഞ്ഞതും എക്കൽ അടിഞ്ഞ് കായലിന്റെ ആഴം കുറഞ്ഞതും തണ്ണീർമുക്കം ബണ്ട് വന്നതോടും കൂടി കടലിൽനിന്നും കായലിൽ നിന്നും മത്സ്യങ്ങൾ സഞ്ചരിക്കാൻ പറ്റാത്തതും മത്സ്യസമ്പത്ത് കുറയാൻ കാരണമായി. തണ്ണീർമുക്കം ബണ്ട് വന്നതാണ് ആറ്റ് കൊഞ്ചിന്റെ നാശത്തിന് പ്രധാന കാരണമെന്ന് ഈ മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.
ആറ്റ് കൊഞ്ചിന്റെ മുട്ട വിരിയാൻ ഉപ്പ് ജലം ആവശ്യമാണ്. ലാർവക്ക് അതി ജീവിക്കണമെങ്കിലും ഉപ്പ് വെള്ളംവേണം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ആറുകളിലേക്ക് പാലായനം ചെയ്ത് പിന്നീട് മൻസൂൺ കാലമാകുന്നതോടെ കായലിൽ എത്തും. എന്നാൽ തണ്ണീർമുക്കം ബണ്ട് പൂർണമായി തുറക്കാതെ ഉപ്പ് വെള്ളം കയറാത്തത് ഇവയുടെ പ്രജനനത്തെ സരമായി ബാധിച്ചു.
ബണ്ട് അടച്ചിടുന്നത് ആറ്റുകൊഞ്ച് ഉൾപ്പെടെയുള്ള മത്സ്യ ഇനങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിച്ചു. മൂന്നുവർഷം കൂടുമ്പോൾ ബണ്ട് പൂർണമായും തുറന്നിടണമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ കമീഷനുകൾ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഒരുവർഷം പോലും കൃത്യമായി തുറന്നിടാനായിട്ടില്ല.
എല്ലാവർഷവും മാർച്ച് 15ന് തുറക്കേണ്ട ബണ്ട് ഇത്തവണ ഏപ്രിലിലാണ് തുറന്നത്. അതും പൂർണമായി തുറന്നിട്ടില്ല. കായൽ മലിനീകരണമാണ് മത്സ്യസമ്പത്തിന് മറ്റൊരു ഭീഷണി. കുട്ടനാടൻ പാടശേഖരങ്ങളിലെ കീടനാശിനി പ്രയോഗം കായൽ മലിനീകരണത്തിന് പ്രധാന കാരണമാണ്. പാടശേഖരങ്ങളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം നദികളിലൂടെ കായലിലെത്തും. ഇതിനൊപ്പം ഹൗസ് ബോട്ട് മാലിന്യവും പ്ലാസ്റ്റിക്കും കായൽ വെള്ളത്തെ കൂടുതൽ മലിനമാക്കും. കുഫോസിന്റെ പഠനമനുസരിച്ച് വേമ്പനാട് കായലിലെ ആകെ പ്ലാസ്റ്റിക് മാലിന്യം 3005 ടൺ ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. കരിമീൻ ഉൾപ്പെടെയുള്ള കായലിലെ ഒട്ടുമിക്ക മത്സ്യങ്ങളുടേയും എണ്ണം കുറയുന്നത് ഈ മലിനീകരണം കാരണമാണ്. പുലർകാലങ്ങളിൽ വള്ളവുമായി മത്സ്യബന്ധനത്തിന് ഇറങ്ങുന്ന തൊഴിലാളികൾ വെറും കൈയോടെ മടങ്ങുന്നത്
പതിവ് കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.