മാവേലിക്കര: മധ്യതിരുവിതാംകൂറിലെ പ്രധാന സർക്കാർ ആശുപത്രിയാണ് മാവേലിക്കര ജില്ല ആശുപത്രി. രാജഭരണകാലത്ത് തിരുവിതാംകൂറിൽ സ്ഥാപിതമായ അഞ്ച് ധർമാശുപത്രികളിൽ ഒന്ന്. അന്നത്തെ കൊല്ലം ഡിവിഷനിലെ മുഖ്യആശുപത്രി കൂടിയായിരുന്നു ഇത്. തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാളാണ് സ്വാതന്ത്ര്യത്തിനുശേഷം ആശുപത്രി പൂർണമായി ജനങ്ങൾക്കായി തുറന്നുകൊടുത്തത്. പിന്നീട് താലൂക്ക് ആശുപത്രിയായും 2011ന്റെ തുടക്കത്തിൽ ജില്ല ആശുപത്രിയായും ഉയർത്തപ്പെട്ടു.
ജില്ല രൂപവത്കരണത്തിനു മുമ്പും ജില്ല ആശുപത്രിയുടെ പദവി ഈ ആതുരാലയത്തിന് ലഭിച്ചിരുന്നു. ജില്ല ആശുപത്രി എന്നാണ് പേരെങ്കിലും താലൂക്ക് ആശുപത്രിതലത്തിലെ ഡോക്ടർമാരുടെ തസ്തികകൾ മാത്രമേ നിലവിലുള്ളൂ. ദിവസവും ഒ.പിയിൽ എത്തുന്നത് 1500 -1600 രോഗികളാണ്. സൂപ്രണ്ട് ഉൾപ്പെടെ 29 ഡോക്ടർമാരാണുള്ളത്. ഇതിൽതന്നെ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അപൂർവരോഗ വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവ നിലവിലുണ്ടെങ്കിലും പ്രത്യേക ഡോകടർമാരില്ല. ഡ്യൂട്ടി ഡോക്ടർമാരെ ക്രമീകരിച്ചാണ് പ്രവർത്തനം.
ഓങ്കോളജി ഡിപ്പാർട്മെന്റ് ഇല്ലെങ്കിലും കീമോതെറപ്പി യൂനിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കീമോ സ്പെഷലിസ്റ്റ് മാത്രമാണുള്ളത്. അതും ആഴ്ചയിൽ മൂന്നുദിവസം മാത്രം. സ്കാനിങ് നടത്താനുള്ള സജ്ജീകരണങ്ങൾ ഉണ്ടെങ്കിൽ പതോളജിസ്റ്റിന്റെ സേവനം ലഭ്യമല്ലാത്തതിനാൽ ഗർഭിണികളെയും മറ്റ് രോഗികളെയും സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടുകയാണ് പതിവ്. വെന്റിലേറ്റർ ഐ.സി.യു ഒരുക്കി വേണ്ട ഡോക്ടന്മാരെയടക്കം നിയമിച്ച് കാർഡിയോളജി വിഭാഗം തുടങ്ങണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. ജനറൽ മെഡിസിനടക്കം ഡോക്ടർമാരുടെ അഭാവം രോഗികളെ ദുരിതത്തിലാക്കുന്നു. ഡോക്ടർമാരുടെ കുറവുമൂലം പലപ്പോഴും നിസ്സാര രോഗങ്ങളുമായി വരുന്നവരെപോലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
നവീകരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി അടച്ചിരുന്ന ആശുപത്രിയിലെ ഓപറേഷന് തിയറ്റര് തുറന്നത് രോഗികൾക്ക് ആശ്വാസമാണ്. രണ്ട് സര്ജന്മാരുണ്ടെങ്കിലും മറ്റ് ജീവനക്കാരുടെ കുറവുണ്ട്. 347 കിടക്കകളുള്ള ആശുപത്രിയിൽ 45 നഴ്സുമാർ മാത്രമാണുള്ളത്. ആറ് കിടക്കകൾക്ക് ഒരു നഴ്സാണ് വേണ്ടത്. ഇതുമൂലം അധിക ജോലി ചെയ്യുന്ന ജീവനക്കാർ മാനസിക സമ്മർദത്തിലാകുന്നതായി ആക്ഷേപമുണ്ട്. അത്യാഹിത വിഭാഗത്തിൽ രാത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം വേണമെന്ന ആവശ്യം ശക്തമാണ്. നിലവിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ടുവരെ രണ്ട് ഡോക്ടർമാരും എട്ടു മുതൽ രാവിലെ വരെ ഒരു ഡോക്ടറുമാണുള്ളത്. കാഷ്വാലിറ്റി ട്രോമാകെയറിന്റെ ഭാഗമായി ട്രയാജ് സംവിധാനം ഘട്ടം ഘട്ടമായി നടപ്പാക്കാൻ ട്രെയിനിങ് പരിപാടികൾ നടക്കുന്നുണ്ട്. രോഗികളുടെ അവസ്ഥ അനുസരിച്ച് അവരെ വേഗം ഡോക്ടറുടെ അടുക്കലെത്തിക്കുന്ന പദ്ധതിയാണ് ട്രയാജ്.
ജില്ല ആശുപത്രി ഹൈടെക് ആക്കാനുള്ള നിർമാണം പാതിവഴിയിലാണ്. കിഫ്ബിയിൽ 132 കോടി രൂപ അനുവദിച്ച നിർമാണ പദ്ധതിയാണ് നിലവിൽ ഇഴഞ്ഞ് നീങ്ങുന്നത്. ഈ വർഷം ഫെബ്രുവരിയിൽ തീരേണ്ട പദ്ധതിയുടെ 20 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. നിർമാണ വേഗം കുറവായതോടെ കിഫ്ബി കാരണംകാണിക്കൽ നോട്ടീസ് നൽകി. തുടർന്ന് പ്രവർത്തനം നിർത്തിയിരിക്കുകയാണ്. 132 കോടി രൂപയിൽ 102 കോടിയാണ് കെട്ടിട നിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ബാക്കി തുക ഉപകരണങ്ങൾ വാങ്ങാനും മറ്റും ചെലവഴിക്കുന്നത്. രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി നൽകാനാണ് കരാർ.
അത്യാഹിതം, തീവ്രപരിചരണം എന്നിവക്ക് 90 കിടക്ക ഉൾപ്പെടെ 325 കിടക്കകൾ പുതിയ ബ്ലോക്കിൽ ഉണ്ടാകും. ആദ്യഘട്ടത്തിൽ പകുതിയോളം കിടക്കകളിൽ ഓക്സിജൻ ക്രമീകരണം ഉണ്ടാകും. രണ്ടാംഘട്ടത്തിൽ ബാക്കിയുള്ള കിടക്കകളിലും ഓക്സിജൻ ക്രമീകരിക്കും. കെട്ടിട സമുച്ചയത്തിലെ അഞ്ചാം നിലയിൽ തിയറ്ററും തീവ്രപരിചരണ വിഭാഗവുമാണ്.
ഗൈനക്കോളജി, അത്യാഹിത വിഭാഗങ്ങൾക്ക് ഒന്നുവീതം പ്രത്യേക തിയറ്റർ ഉൾപ്പെടെ 10 ഓപറേഷൻ തിയറ്ററാണുള്ളത്. താഴത്തെ നിലയിൽ അത്യാഹിതം, റേഡിയോളജി, മാമോഗ്രാം, ഫാർമസി, രണ്ട് എക്സ്റേ യൂനിറ്റുകൾ എന്നിവ ഉണ്ടാകും. ഒന്നാംനിലയിൽ ഡോക്ടർമാരുടെ കൺസൽട്ടേഷൻ ഉൾപ്പെടെ നിരീക്ഷണ വാർഡും ഒ.പി വിഭാഗവുമാണ്. രണ്ടാം നിലയിൽ പുരുഷന്മാരുടെയും മൂന്നാം നിലയിൽ സ്ത്രീകളുടെ വാർഡുകളാണ്.
രണ്ടിടത്തും 100 വീതം കിടക്കകൾ ഉണ്ടാകും. നാലാം നിലയിൽ 80 കിടക്കകളുള്ള ഗൈനക്കോളജി വാർഡാണ്. ഇവിടെ പ്രസവമുറി, പ്രസവ വാർഡ്, ഗൈനക് തിയറ്റർ, ശിശുപരിചരണ വിഭാഗം എന്നിവയും പ്രവർത്തിക്കും. ആറാം നിലയിൽ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഉൾപ്പെടെ ബ്ലഡ് ബാങ്ക്, ലബോറട്ടറി എന്നിവയുണ്ടാകും. പുതിയ ബ്ലോക്കിനു സമീപത്തായി അത്യാധുനിക സൗകര്യങ്ങളുള്ള മോർച്ചറി, പോസ്റ്റ്മോർട്ടം യൂനിറ്റ് ഉണ്ടാകും.
നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ്സിന് കീഴിലുള്ള ലക്ഷ്യയുടെ സർട്ടിഫിക്കേഷൻ നേടിയത് ജില്ല ആശുപത്രിയുടെ വികസന പ്രതീക്ഷ കൂട്ടുന്നു. പ്രസവമുറികളിലും ശസ്ത്രക്രിയ മുറികളിലും ലഭ്യമായ പരിചരണത്തിന്റെ ഗുണനിലവാരം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. സേവനവ്യവസ്ഥ, രോഗികളുടെ അവകാശങ്ങൾ, ഉപകരണങ്ങൾ, പിന്തുണ സേവനങ്ങൾ, ക്ലിനിക്കൽ സേവനങ്ങൾ, അണുബാധ നിയന്ത്രണം, ഗുണനിലവാരം, ഫലസൂചകങ്ങൾ തുടങ്ങി എട്ടുഘടകങ്ങൾ പരിഗണിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.
ദേശീയതലത്തിൽ ആശുപത്രികളുടെ പ്രവർത്തനക്ഷമതയും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള നാഷനൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ ഒക്ടോബറിൽ ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രസവമുറിക്ക് 91 ശതമാനവും ശസ്ത്രക്രിയ മുറിക്ക് 86 ശതമാനവും മാർക്ക് ലഭിച്ചിരുന്നു.
അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച അറുനൂറിലേറെ സൂചികകളെ അടിസ്ഥാനമാക്കിയാണ് മാർക്ക് കണക്കാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഒമ്പതാമത്തെയും ജില്ലയിലെ ആദ്യത്തെയും ആശുപത്രിയുമാണിത്. അംഗീകാരത്തിന്റെ ഭാഗമായി ആശുപത്രിയിലെ എല്ലാ പ്രസവമുറികൾക്കും ശസ്ത്രക്രിയ മുറികൾക്കും രണ്ടുലക്ഷം വീതം രൂപ എല്ലാ വർഷവും ലഭിക്കും.
മൂന്നുവർഷത്തിലൊരിക്കൽ തുടർ പരിശോധനയുമുണ്ടാകും. ജില്ല പഞ്ചായത്തിന്റെയും മാവേലിക്കര നഗരസഭയുടെയും വിവിധ വർഷങ്ങളിലെ വാർഷിക വികസന പദ്ധതികൾ മുഖേനയും ദേശീയ ആരോഗ്യമിഷൻ വഴിയും ഏകദേശം 84 ലക്ഷം ചെലവഴിച്ച് അത്യാധുനിക നിലവാരത്തിലാണ് പ്രസവമുറി സജ്ജീകരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച മുറികളിൽ 10 ലേബർ സ്യൂട്ടുകളാണുള്ളത്.
പ്രതിമാസം നൂറിലേറെ പ്രസവങ്ങൾ നടക്കുന്നുണ്ട്. സൂപ്പർ സ്പെഷാലിറ്റി ബഹുനില മന്ദിരംകൂടി പൂർത്തിയാവുന്നതോടെ മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച ജില്ല ആശുപത്രിയായി മാറും. 2020ൽ സംസ്ഥാന കായകൽപ പുരസ്കാര നിർണയത്തിൽ പ്രോത്സാഹന സമ്മാനമായി മൂന്നുലക്ഷം രൂപ മാവേലിക്കര ജില്ല ആശുപത്രി നേടിയിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.