മാവേലിക്കര: ജില്ലയിലെ ഏറ്റവും പ്രധാന ബസ് സ്റ്റേഷനായ മാവേലിക്കര വികസന കാര്യത്തിൽ ഇന്നും പിന്നാക്കാവസ്ഥയിലാണ്. നേരത്തേ മാവേലിക്കര ഡിപ്പോയിൽനിന്ന് 35 ഷെഡ്യൂളുകൾ വരെയുണ്ടായിരുന്നു. നിലവിൽ അത് 26 ആയി ചുരുങ്ങി. ഗ്രാമീണ മേഖലയിലേക്കുള്ള സർവിസുകളാണ് കൂടുതലും നിർത്തലാക്കിയത്. ഇതുമൂലം സാധാരണക്കാരാണ് ഏറെ ദുരിതത്തിലായത്. കോവിഡ് നിയന്ത്രണങ്ങൾ മാറിയെങ്കിലും ലാഭകരമായിരുന്ന സർവിസുകൾ ആരംഭിക്കാൻ അധികൃതർ തയാറാകുന്നില്ല. ഡിപ്പോയിലെ സാഹചര്യങ്ങൾക്കനുസരിച്ച് കോവിഡിന് മുമ്പുണ്ടായിരുന്ന ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കാൻ അധികാരികളിൽനിന്നും നിർദേശം ലഭിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ബസ് സ്റ്റാൻഡിൽ നിർമാണം തുടങ്ങിയ കെട്ടിടം ഇനിയും പൂർത്തിയായിട്ടില്ല. ഗാരേജ് മാറ്റുന്നതിനുള്ള നീക്കവും ഷെഡ്യൂൾ വെട്ടിക്കുറക്കുകയും ബസുകൾ മറ്റ് സമീപ ബസ് സ്റ്റേഷനുകളിലേക്ക് മാറ്റിയും സ്റ്റേഷെൻറ പ്രാധാന്യം കുറച്ച് ക്രമേണ പ്രവർത്തനം നിർത്തി മറ്റ് സ്ഥലങ്ങളിൽനിന്ന് എത്തുന്ന ബസുകൾക്കുള്ള സ്റ്റോപ്പായി മാവേലിക്കരയെ തരം താഴ്ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്. ബസുകൾ നിർത്തിയിടാൻ സ്ഥലമില്ലെന്നുപറഞ്ഞ് 10 ബസുകൾ മറ്റു ഡിപ്പോകളിലേക്കു മാറ്റിയിരുന്നു.
മാവേലിക്കര ഡിപ്പോയിൽ ഏറ്റവുമധികം വരുമാനം ഉണ്ടായിരുന്ന ചെയിൻ സർവിസുകൾ പൂർണമായി പുനരാരംഭിക്കാത്തതും ഗ്രാമീണ സർവിസുകൾ പൂർണമായും നിർത്തലാക്കിയതും സ്റ്റേഷെൻറ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
സ്ഥലമില്ലാത്തതാണ് പ്രധാനപ്രശ്നം. സ്റ്റാൻഡിൽ പെട്രോൾ പമ്പും വ്യാപാര സമുച്ചയവും വരുന്നതോടെ ബസ് പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്ത സ്ഥിതിയുണ്ടാകും. ഇത് സ്റ്റേഷെൻറ പ്രവർത്തനത്തെ സാരമായി ബാധിക്കും. മാവേലിക്കര റീജനൽ വർക്ഷോപ്പിലേക്ക് സ്റ്റേഷെൻറ പ്രവർത്തനം മാറ്റുകയും നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് ബസ്വേ നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. റെയിൽവേ യാത്രക്കാർക്കടക്കം ഇത് പ്രയോജനപ്രദമാകുെമന്ന് അഭിപ്രായപ്പെട്ടു.
ചെയിൻ സർവിസുകളില്ല; യാത്രാദുരിതം ഇരട്ടിയായി
ഹരിപ്പാട്-പത്തനംതിട്ട,കായംകുളം-ചങ്ങനാശ്ശേരി ചെയിൻ സർവിസുകളാണ് പൂർണമായും നിലച്ചത്. 15 വർഷം മുമ്പ് ആരംഭിച്ചതാണ് ഹരിപ്പാട്-പത്തനംതിട്ട ചെയിൻ സർവിസ്. മാവേലിക്കര ഡിപ്പോയിലെ നാലെണ്ണമടക്കം എട്ടു ബസുകളാണ് ഈ സർവിസിന് ഉപയോഗിച്ചിരുന്നത്. 11,000 രൂപവരെ വരുമാനമുണ്ടായിരുന്നു. നിലവിൽ ആറ് ബസുകൾ മാവേലിക്കരയിൽനിന്നും ഭാഗികമായി സർവിസ് നടത്തുന്നുണ്ടെങ്കിലും പലപ്പോഴും പന്തളത്ത് അവസാനിപ്പിക്കും. കായംകുളം-ചങ്ങനാശ്ശേരി റൂട്ടിൽ ചെയിൻ സർവിസ് കാൽ നൂറ്റാണ്ട് മുമ്പാണ് ആരംഭിച്ചത്.
മാവേലിക്കര ഡിപ്പോയിൽനിന്നുള്ള എട്ട് ഓർഡിനറി ബസുകളാണ് രാവിലെ അഞ്ചരക്ക് തുടങ്ങി രാത്രി ഒമ്പതരക്ക് അവസാനിക്കുന്ന സർവിസുകൾക്ക് ഉപയോഗിച്ചിരുന്നത്. 13,000 രൂപവരെ ഒാരോ ബസിനും കലക്ഷൻ ലഭിച്ചിരുന്നു. ചങ്ങനാശ്ശേരി ചെയിൻ സർവിസിലെ ആറ് ബസുകൾ ഇപ്പോൾ തിരുവല്ലവരെയാണ് സർവിസ് നടത്തുന്നത്. ഈ സർവിസുകളും പൂർണമായി പുനരാരംഭിക്കണമെന്നാണ് ആവശ്യം. കെ.എസ്.ആർ.ടി.സിയുടെ ഉന്നത അധികാരികളിൽ സമ്മർദം ചെലുത്തി ചെയിൻ സർവിസുകളടക്കം പൂർണതോതിൽ പുനരാരംഭിക്കാനുള്ള നീക്കവും ശക്തമാണ്.
വ്യാപാരസമുച്ചയ നിര്‍മാണം നിലച്ചിട്ട് വർഷങ്ങൾ
മുൻ എം.എൽ.എ ആര്. രാജേഷിെൻറ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള ഒരുകോടി രൂപ വിനിയോഗിച്ച് നിര്‍മിക്കാന്‍ പദ്ധതിയിട്ട വ്യാപാര സമുച്ചയം മുടങ്ങിയതും സ്റ്റേഷൻ വികസനത്തിന് തിരിച്ചടിയായി.
2016 ജൂണ്‍ ആദ്യവാരമാണ് നിര്‍മാണം ആരംഭിച്ചത്. അടിത്തറനിര്‍മാണം ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ നഗരസഭയില്‍നിന്ന് അനുമതി വാങ്ങാതെയാണ് കെട്ടിടനിര്‍മാണം നടക്കുന്നതെന്ന ആരോപണം ഉയർന്നു. തുടർന്ന് വസ്തു സംബന്ധമായ തർക്കത്തിൽ നിർമാണം നിർത്തിവെക്കുകയായിരുന്നു. ഇതോടെ വിവിധ സാങ്കേതിക പ്രശ്നങ്ങൾ മൂലം കെട്ടിട നിർമാണം തടസ്സപ്പെട്ടു.
ഒടുവിൽ കെ.എസ്.ആർ.ടി.സി അധികൃതർ വസ്തു സ്വന്തം പേരിലാക്കിയെങ്കിലും നിർമാണം നടന്നില്ല. ഇതിനിടെ, കരാറുകാരൻ കോടതിയെ സമീപിച്ച് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി. അഞ്ചുവർഷം മുമ്പുള്ള നിരക്ക് പുനഃക്രമീകരിച്ച് ബാക്കിയുള്ള 96.5 ലക്ഷത്തിന് കെട്ടിടനിർമാണം റീ-ടെൻഡർ ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല.
ഇതിനിടെ, കെട്ടിടനിര്‍മാണം തടസ്സപ്പെട്ടതിന് പിന്നില്‍ അന്ന് നഗരസഭ ഭരണം കൈയാളിയിരുന്ന നഗരസഭ ചെയര്‍പേഴ്സനും എം.എല്‍.എ.യും തമ്മിലുള്ള ശീതസമരമാണെന്ന ആരോപണമുയർന്നിരുന്നു.
പമ്പ് നിർമാണം അനിശ്ചിതത്വത്തിൽ
സർക്കാറിെൻറ നൂറുദിന കർമപദ്ധതിയിൽപ്പെടുത്തി ആരംഭിച്ച പെട്രോൾപമ്പ് നിർമാണവും അനിശ്ചിതത്വത്തിൽ. കെ.എസ്.ആർ.ടി.സിയുടെ അധികവരുമാനം ലക്ഷ്യമിട്ട് ഇന്ത്യൻ ഓയിൽ കോർപറേഷെൻറ സഹകരണത്തോടെ മാവേലിക്കര ബസ് സ്റ്റാൻഡിൽ ആരംഭിക്കുന്ന പെട്രോൾ പമ്പുകളിലൊന്നിെൻറ നിർമാണവും തടസ്സപ്പെട്ട നിലയിലാണ്. ബസ് സ്റ്റാൻഡിെൻറ തെക്കേകവാടം അടച്ചുനിർമാണം നടക്കുന്നതിനെതിരെ പരാതി ഉണ്ടായതോടെയാണ് ആദ്യം നഗരസഭാധികൃതർ നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.
എന്നാൽ, മെമ്മോ നിയമാനുസൃതമല്ലെന്ന നിലപാടിൽ കെ.എസ്.ആർ.ടി.സി അധികൃതർ നിർമാണം തുടർന്നു. പിന്നീട് പ്രത്യേക കൗൺസിൽയോഗം ചേർന്ന് തീരുമാനമെടുത്തശേഷം രണ്ടാമതും സ്റ്റോപ്പ് മെമ്മോ നൽകിയതോടെ പണി പൂർണമായും മുടങ്ങി. എന്നാൽ, കഴിഞ്ഞദിവസം സർക്കാർ സ്ഥാപനങ്ങൾ തുടങ്ങാൻ അടിയന്തര അനുമതി നൽകണമെന്ന സർക്കാർ ഓർഡർ പദ്ധതി ഉടൻ തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തരംഗമായ 'സീതമ്മ'യും ഓർമയായി
കെ.എസ്.ആർ.ടി.സിയെ ഇഷ്ടപ്പെടുന്നവർക്കിടയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന ബസാണ് മാവേലിക്കരയിൽനിന്നും 452 കിലോമീറ്റർ അകലെ വയനാട്ടിലെ കർണാടക അതിർത്തിഗ്രാമമായ സീതാമൗണ്ടിലേക്കുള്ള സീതമ്മ ബസ്. 2004ൽ സുൽത്താൻ ബത്തേരിയിലേക്കായിരുന്നു സർവിസ് ആരംഭിച്ചത്. പിന്നീട് പെരിക്കല്ലൂരിലേക്കും സീതാമൗണ്ടിലേക്കും പുനഃക്രമീകരിച്ച സർവിസ് രാവിലെ ഏഴിന് മാവേലിക്കരയിൽനിന്നും ആരംഭിച്ച് രാത്രി ഏഴിനാണ് സീതാമൗണ്ടിൽ എത്തിയിരുന്നത്.
സമൂഹ മാധ്യമങ്ങളിലടക്കം തരംഗമായിരുന്ന ഈ ബസ് 2019-ലെ പ്രളയകാലത്ത് വയനാട്ടിലേക്ക് മധ്യതിരുവിതാംകൂറിൽനിന്നും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഉപയോഗിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ സർവിസ് അയക്കുന്നില്ല. സർവിസിന് ഉപയോഗിച്ചിരുന്ന സൂപ്പർഫാസ്റ്റ് ബസുകളുടെ കാലാവധി പൂർത്തിയായതും സർവിസിന് വേണ്ടത്ര ജീവനക്കാർ ഇല്ലാത്തതുമാണ് കാരണം. പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ ലഭിച്ചാൽ മാത്രമേ സർവിസ് പുനരാരംഭിക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.