മാവേലിക്കര: തഴക്കര കുന്നം നിവാസികളുടെ ദീര്‍ഘകാല ആവശ്യം ഒടുവിൽ സഫലമാകുന്നു. തഴക്കര പഞ്ചായത്തിലെ കുന്നം ജങ്ഷന് വഴി കെ.എസ്.ആര്.ടി.സി സർവിസ് ഞായറാഴ്ച മുതൽ തുടങ്ങും. എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ മുന്‍കൈയെടുത്തതോടെയാണ് നാട്ടുകാരുടെ സ്വപ്നം യാഥാർഥ്യമായത്.
സി.പി.എം തഴക്കര ലോക്കല്‍ കമ്മിറ്റി, കുന്നം ഗവ. സ്കൂള്‍, ബി.എഡ് കോളജ്, തഴക്കര പഞ്ചായത്ത് അഞ്ചാംവാര്‍ഡ് അംഗം ഗോകുല്‍ രംഗൻ തുടങ്ങിയവർ എം.എൽ.എക്ക് നിവേദനം നൽകി. എം.എല്‍.എ ഗതാഗത മന്ത്രിക്കും കലക്ടര്‍ക്കും നിവേദനങ്ങള്‍ കൈമാറി. ജില്ല വികസന സമിതി യോഗത്തില്‍ എം.എൽ.എ ശക്തമായി ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് സർവിസ് അനുവദിച്ചുകിട്ടിയത്.
രാവിലെ ഹരിപ്പാട്ടുനിന്ന് പുറപ്പെടുന്ന പത്തനംതിട്ട സര്‍വിസ് 9.20ന് കുന്നം ജങ്ഷനിലെത്തും. ഇവിടെ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കുന്നം ജങ്ഷന് വഴി കൊല്ലകടവിലെത്തുന്ന ബസ് കൊല്ലം-തേനി ദേശീയപാത വഴി കൊച്ചാലുംമൂട്ടിലെത്തി പന്തളത്തേക്ക് പോകും. പരീക്ഷണാടിസ്ഥാനത്തില്‍ 14 ദിവസത്തേക്കാണ് സര്‍വിസ്. വരുമാനവും ജനങ്ങളുടെ പ്രതികരണവും അനുസരിച്ച് സർവിസ് തുടരുന്ന കാര്യം തീരുമാനിക്കും. ആവശ്യമെങ്കില്‍ സര്‍വിസിന്റെ എണ്ണം വര്‍ധിപ്പിക്കും.
മാവേലിക്കര-പന്തളം റോഡില്‍ പൈനുംമൂട് ജങ്ഷനില്‍നിന്ന് കിഴക്കോട്ടുള്ള കൊല്ലകടവ് ഫെറി റോഡിലാണ് (പൈനുംമൂട്-കൊല്ലകടവ് റോഡ്) കുന്നം ജങ്ഷന്. കുന്നം എച്ച്.എസ്.എസും ബി.എഡ് കോളജും സ്ഥിതിചെയ്യുന്ന ഇതുവഴി കെ.എസ്.ആർ.ടി.സി സര്‍വിസ് വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സര്‍വിസ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിലച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കൊല്ലകടവ് പാലം നിലവില്‍വരും മുമ്പ് കൊല്ലകടവ് പ്രധാന കടത്തുകേന്ദ്രവും വ്യാപാര കേന്ദ്രവുമായിരുന്നു. ഇപ്പോഴത്തെ മാവേലിക്കര-പന്തളം റോഡ് നിലവില്‍വരും മുമ്പ് മാവേലിക്കരയില്‍നിന്ന് കൊല്ലകടവിലെത്താനുള്ള പ്രധാന വഴി കൊല്ലകടവ് ഫെറി റോഡായിരുന്നു. 1984ല്‍ സുകുമാരക്കുറുപ്പ് ചാക്കോയെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ കേസിലൂടെ ശ്രദ്ധ നേടിയ ചാക്കോപാടവും ഈ റോഡരികിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.