മാവേലിക്കര: മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കുന്ന വാഹനം നവകേരള സദസ്സിന്റെ വേദിയിലേക്കെത്താൻ മാവേലിക്കര ഗവ.ബോയ്സ് ഹൈസ്കൂൾ മതിൽ പൊളിച്ചു. കഴിഞ്ഞ ദിവസം രാത്രി ജെ.സി.ബി ഉപയോഗിച്ചാണ് മതിൽ പൊളിച്ചത്. മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്. അരുൺകുമാർ എം.എൽ.എ കോൺഗ്രസ് ഭരിക്കുന്ന നഗരസഭക്ക് കത്ത് നൽകിയിരുന്നെങ്കിലും ആവശ്യം അംഗീകരിച്ചിരുന്നില്ല.
മതിൽപൊളിക്കുന്നതിനും പുനർനിർമിക്കുന്നതിനും ഫണ്ടില്ലെന്നാണ് നഗരസഭ അറിയിച്ചത്. ഇതിനിടെ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു. മതിൽ പൊളിഞ്ഞതല്ല, സാമൂഹിക വിരുദ്ധർ പൊളിച്ചതാണെന്ന നിഗമനത്തിലായിരുന്നു നഗരസഭ കൗൺസിൽ. പൊളിഞ്ഞ ഭാഗം കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനർനിർമിച്ചു. തിങ്കളാഴ്ച രാത്രി മതിൽ പൂർണമായും പൊളിച്ചു നീക്കുകയായിരുന്നു. പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കടത്തിക്കൊണ്ട് പോകുകയും ചെയ്തു. മതിൽ പൊളിച്ചു പുനർനിർമിക്കണമെന്ന് കലക്ടറും ഉത്തരവിട്ടിരുന്നു.
മാവേലിക്കര: മതിൽ പൊളിച്ച സ്ഥലത്ത് വേലി കെട്ടുന്നതിന് തീരുമാനിച്ചതായി ചെയർമാൻ കെ.വി. ശ്രീകുമാർ അറിയിച്ചു. നിയമവിരുദ്ധമായി മതിൽ പൊളിച്ചവർക്കെതിരെ കേസ് എടുക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
മതിൽ പൊളിച്ച വിഷയം അജണ്ടയായി ചേർന്ന യോഗത്തിൽ ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാഗ്വാദമുണ്ടായി. കോൺഗ്രസ് അംഗങ്ങൾ മതിൽ പൊളിച്ച വിഷയം കൗൺസിലിൽ ഉന്നയിച്ചു. ബി.ജെ.പി അംഗങ്ങളും ഇതിനോട് യോജിച്ചതോടെ എൽ. ഡി. എഫ് അംഗങ്ങൾ വിഷയത്തിൽ പ്രതിഷേധവുമായി ചെയർമാന്റെ ഡയസിലെത്തി.
എം.എൽ.എ നഗരസഭക്ക് നൽകിയ കത്ത് യോഗത്തിൽ വായിക്കണമെന്ന് ഇടത് അംഗങ്ങൾ ചെയർമാനോട് ആവശ്യപ്പെട്ടു. ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങൾ എതിർത്തതോടെ യോഗത്തിൽ ബഹളമായി. തുടർന്ന് തീരുമാനം എടുക്കണമെന്ന് ഭരണകക്ഷി, ബി.ജെ.പി അംഗങ്ങൾ ചെയർമാനോട് ആവശ്യപ്പെട്ടു. ഇതും ബഹളത്തിന് കാരണമായി. തുടർന്ന് മണിക്കൂറുകളോളം നടപടികൾ തടസപ്പെട്ടു. എൽ.ഡി.എഫ് അംഗങ്ങളുടെ കത്ത് വായിക്കണമെന്ന ആവശ്യത്തിന് വഴങ്ങാതെ ചെയർമാൻ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.