മാവേലിക്കര: പാലമേല്‍ ഗ്രാമപഞ്ചായത്തിലെ മലയിടിച്ചുള്ള മണ്ണെടുപ്പ് നിര്‍ത്തിവെക്കാൻ മന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ, ജില്ല കലക്ടര്‍ ജോണ്‍.വി.സണ്ണി, ജില്ല പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച വൈകിട്ട് മാവേലിക്കര പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നത്.
മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകൾ പാലിച്ചതായി ജിയോളജി ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത് കണക്കിലെടുത്താണ് മണ്ണെടുപ്പ് നിര്‍ത്തി വെക്കാനുള്ള തീരുമാനം. മണ്ണെടുപ്പിന് അനുമതി നല്കിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ജില്ല കലക്ടറെ പ്രത്യേകം ചുമതലപ്പെടുത്തി.
പരിശോധനക്ക് ശേഷം ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനും ജില്ല കലക്ടറെ ചുമതലപ്പെടുത്തി. പരിശോധന നടപടികള്‍ പൂര്‍ത്തീകരിച്ച് തീരുമാനം ഉണ്ടാകും വരെ പ്രദേശത്ത് യാതൊരു തരത്തിലുള്ള മണ്ണെടുപ്പും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു.
1. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നത് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പരിഗണിക്കണം. മണ്ണ് ഖനനത്തിനായി വരുന്ന അപേക്ഷകള്‍ സെസ് പഠന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ.
2. ദേശീയപാതക്ക് ആവശ്യമായ മണ്ണെടുക്കുന്നതിന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാത്ത മറ്റിടങ്ങള്‍ ജനപ്രതിനിധികളും മറ്റും തെരഞ്ഞെടുക്കണം.
3. മണ്ണെടുപ്പ് വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പരിശോധന റിപ്പോര്‍ട്ടുകള്‍ കോടതിയെയും അറിയിക്കും.
4. സമരത്തിനിടെ പൊലീസ് നടത്തിയ അതിക്രമത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും, ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീകളോട് ഉള്‍പ്പെടെ മോശമായി പെരുമാറിയെന്ന പരാതി പരിശാധിച്ച് നടപടി സ്വീകരിക്കാനും ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി. 5. സമരക്കാരെ കേസുകളില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ച് പരിശോധിക്കണം. വിഷയങ്ങള്‍ മുഖ്യമന്ത്രിയെും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും അറിയിക്കും.
യോഗത്തില്‍ ജനപ്രതിനിധികളും സമരസമിതി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട പ്രക്ഷോഭമാണ് പാലമേലില്‍ നടന്നതന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി യോഗത്തില്‍ പറഞ്ഞു. കൃഷി മന്ത്രി താമസിക്കുന്ന വീടിന് തൊട്ടടുത്താണ് മണ്ണെടുപ്പ് നടന്നത്. മന്ത്രിയോട് പോലും ആലോചിക്കാതെയുള്ള നടപടിയാണ് ഉദ്യോസ്ഥര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം പങ്കെടുത്ത സമരമുഖത്ത് ചില പൊലീസുകാര്‍ ഗുണ്ടകളെ പോലയൊണ് പെരുമാറിയതെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും എം.എല്‍.എ എം.എസ്. അരുൺ കുമാർ പറഞ്ഞു.
പാലമേല്‍ പഞ്ചായത്ത് പ്രദേശത്തിന് മുകളില്‍ മണ്ണുമാഫിയ വട്ടമിട്ട് പറക്കുകയാണെന്നും ചിലരുടെ കീശ വീര്‍പ്പിക്കാന്‍ ഒരു ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് പറഞ്ഞു.
സംയുക്ത സമര സമിതി ചെയര്മാന് മനോജ്.സി.ശേഖര്‍, കണ്‍വീനര്‍ എ.നൗഷാദ്, മുന്‍ എം.എല്‍.എ ആര്.രാജേഷ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, സി.പി.എം ഏരിയ സെക്രട്ടറി ബി.ബിനു, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.മുഹമ്മദാലി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, ബി.ജെ.പി മണ്ഡലം സെക്രട്ടറി പ്രകാശൻ പള്ളിക്കല്‍, സമര സമിതി നേതാക്കളായ എസ്.സജി, വേണു കാവേരി, പള്ളിക്കല്‍ സുരേന്ദ്രന്, പ്രഭ.വി മറ്റപ്പള്ളി, എന്‍.സുബൈര്‍, ഷാനവാസ് കണ്ണങ്കര, നൗഷാദ്.എ.അസീസ്, ഷിബുജോര്‍ജ്, ഷെറഫുദ്ദീൻ മോനായി തുടങ്ങിയവര്‍ സംസാരിച്ചു.
ചാരുംമൂട് : മലകളിടിച്ചു മണ്ണെടുക്കുന്ന പാലമേൽ മറ്റപ്പള്ളി മല നാട്ടുകാരൻ കൂടിയായ മന്ത്രി പി.പ്രസാദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിന് മുമ്പായിരുന്നു സന്ദർശനം. സ്ഥലത്തെത്തിയപ്പോൾ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. മന്ത്രിയെ അടുത്തറിയുന്ന വയോധിക മന്ത്രിയെ കെട്ടിപ്പിടിച്ച് പാതിരാത്രി വന്ന് നമ്മുടെ മലതുരന്നെടുത്തല്ലോ മോനേയെന്ന് കണ്ണീരോടെ പറഞ്ഞത് മന്ത്രിയുടെ കണ്ണുകളും നനയിച്ചു.
സ്ത്രീകളടക്കം പ്രദേശവാസികൾ വേദനയോടെയാണ് പൊലീസ് അതിക്രമത്തെ കുറിച്ച് വിശദീകരിച്ചത്. മന്ത്രിയുടെ വീടിന് 200 മീറ്റർ മാത്രം അകലെയാണ് മണ്ണെടുപ്പ് നടക്കുന്ന മറ്റപ്പള്ളി മല. കേന്ദ്ര സർക്കാർ സെസ് വിഭാഗം ഉദ്യോഗസ്ഥരും മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.