മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നില്ല. ക്ഷേത്രത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷനും നാട്ടുകാരും നിരവധി പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല.
നിലവിൽ ക്ഷേത്രത്തിന് സമീപത്ത് പ്രദക്ഷിണ വഴികളിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇത് മൂടാൻ ദേവസ്വം അധികൃതരെ അറിയിച്ചെങ്കിലും അവര്‍ ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്ന് ഭക്തരും ഭരണസമിതിയും പറയുന്നു. മഴ പെയ്താൽ നാലമ്പലത്തിനുള്ളില്വരെ വെള്ളം റോഡിൽനിന്നും ഒഴുകി കയറുന്ന അവസ്ഥയാണ്. പുറത്തുനിന്നുള്ള മാലിന്യവും ഭക്തർ ഗേറ്റിന് പുറത്തിട്ട പാദരക്ഷകൾ എന്നിവയും പലപ്പോഴും ക്ഷേത്രത്തിനുള്ളിലേക്ക് ഒഴുകി വരുന്നതായി ഭക്തർ പറയുന്നു.
ക്ഷേത്രത്തിനു ചുറ്റുമുള്ള മിക്ക ലൈറ്റുകളും പ്രകാശിക്കുന്നില്ല. ആളുകൾ തട്ടിത്തടഞ്ഞു വീഴുന്നത് സ്ഥിരം കാഴ്ചയാണ്. ദിവസേന നൂറുകണക്കിന് ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രത്തില്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം ഇല്ല. നിരവധി തവണ മാലിന്യ നിര്‍മാർജനവുമായി ബന്ധപ്പെട്ട് പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല. മാലിന്യം പലപ്പോഴും ക്ഷേത്രത്തിന് സമീപത്തുകൂടി ഒഴുകുന്ന ഒതളപ്പുഴ തോട്ടിലാണ് തള്ളുന്നത്. ഇത് സമീപവാസികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മണ്ഡലകാലം ആരംഭിച്ചാൽ ഏറ്റവും കൂടുതൽ അയ്യപ്പഭക്തർ വിരിവെക്കുന്ന സ്ഥലമായ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുംതന്നെ ഒരുക്കാറില്ല. ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള സി.സി ടി.വി കാമറകളിൽ പലതും പ്രവർത്തിക്കുന്നവയല്ല.
ക്ലോക്ക് റൂം സൗകര്യവുമില്ല. കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യം ഇല്ല. നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡിന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. ക്ഷേത്രത്തിന് ചുറ്റും കൈയേറ്റം വ്യാപകമാകുന്നെന്ന പരാതി ഉയര്‍ന്നിട്ടും ദേവസ്വം അധികൃതർ ഒരു ശ്രദ്ധയും പുലര്‍ത്തുന്നില്ലെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.