മാവേലിക്കര: ചാരുംമൂട്ടിൽ യുവാവിനെ അരകല്ലുകൊണ്ട് തലക്ക് അടിച്ചുകൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി വി.ജി. ശ്രീദേവി തിങ്കളാഴ്ച വിധിപറയും. ശനിയാഴ്ച വിധി പറയാൻ തീരുമാനിച്ചിരുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പത്തനാപുരം മഞ്ചള്ളൂർ നമിത മൻസിലിൽ ഇർഷാദാണ് (റിഷാദ്) കൊല്ലപ്പെട്ടത്.
കേസിലെ പ്രതി കൊല്ലപ്പെട്ട ഇർഷാദിന്റെ സുഹൃത്ത് പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചിക്കോട്ട് നായങ്കരിമ്പ് ശശിഭവനത്തിൽ പ്രമോദാണ്. 2013 ജൂൺ 27ന് രാത്രി ചാരുംമൂടിനുസമീപം പേരൂർക്കാരാണ്മയിൽ ഇർഷാദ് താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. തലേദിവസം ചാരുംമൂട്ടിലെത്തിയ പ്രമോദും ഇർഷാദും അന്ന് വാടകവീട്ടൽ താമസിച്ചു. പിറ്റേദിവസം പുറത്തുപോയി പ്രമോദ് കൊണ്ടുവന്ന മൊബൈൽ ഫോൺ വിറ്റ് ബാറിൽ പോയി മദ്യപിച്ച് രാത്രിയോടെ ഇരുവരും മടങ്ങിയെത്തി. തുടർന്നുണ്ടായ വാക്തർക്കത്തിനുശേഷം ഉറങ്ങിക്കിടന്ന ഇർഷാദിനെ വീടിനോട് ചേർന്നുണ്ടായിരുന്ന അരകല്ലെടുത്ത് പ്രമോദ് തലക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിതന്നെ അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.
സംഭവം നടന്ന് മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സംഭവദിവസം ഇർഷാദിനൊപ്പം വാടക വീട്ടിൽ കണ്ട അപരിചിതനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. സമീപത്തെ ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾകൂടി പരിശോധിച്ചപ്പോഴാണ് പത്തനാപുരം സ്വദേശി പ്രമോദാണ് ഇർഷാദിനൊപ്പം വാടക വീട്ടിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിലും ഇയാളാണെന്ന നിഗമനത്തിൽ പൊലീസെത്തി. എന്നാൽ, നാടുമായോ വീടുമായോ ബന്ധമില്ലാതെ ജീവിക്കുന്ന ഇയാളെ കണ്ടെത്താൻ പൊലീസിനായില്ല. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിനെ കുഴക്കിയിരുന്നു. സംഭവം നടന്ന് രണ്ടുമാസത്തിനുള്ളിൽതന്നെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടകവീട്ടിൽ കണ്ട അപരിചിതനിൽനിന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തുടങ്ങിയത്.
പ്രമോദാണ് കൊലക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചതോടെ ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന കണ്ണൂർ, കിളിമാനൂർ, ചടയമംഗലം തുടങ്ങിയ ക്വാറികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആളെ കിട്ടിയില്ല. തുടർന്ന്, ഇയാളുടെ ഫോട്ടോ സഹിതം നോട്ടീസുകൾ കേരളത്തിനകത്തും പുറത്തും പതിച്ചു. ഇതിനിടെ, തമിഴ്നാട്ടിലുള്ള ബന്ധുവിനെ ചോദ്യം ചെയ്തതോടെ പ്രമോദ് ചെന്നൈയിലുള്ളതായി അറിഞ്ഞു. നാടുവിട്ട പ്രമോദ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ഉണ്ണി എന്ന പേരിൽ ഒളിവിൽ കഴിഞ്ഞുവരവെ എട്ടുവർഷത്തിനുശേഷം 2021 ജൂൺ 29നാണ് പൊലീസിന്റെ പിടിയിലായത്. പബ്ലിക് പ്രോസിക്യൂട്ടർ പി.സന്തോഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.