പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ആന്നലത്തോട് കളത്തിൽ 80കാരിയായ ഷരീഫക്ക് നോവേറിയതും സന്തോഷദായകവുമായ നോമ്പനുഭവമാണ് പങ്കുവെക്കാനുള്ളത്. പഴയകാലത്ത് മുതിർന്നവർ മാത്രമാണ് നോമ്പ് നോറ്റിരുന്നത്. കുട്ടികൾ നോമ്പെടുക്കുന്നത് അപൂർവമായിരുന്നു. ഇന്ന് ചെറിയ കുട്ടികൾപോലും നോമ്പെടുക്കുന്നതിൽ മത്സരമാണ്. വറുതിയുടെ കാലത്തിലെ നോമ്പിലും കഷ്ടപ്പാടിന്റെ കഥകൾ ഏറെയാണ്.
നോമ്പിലും അല്ലാത്തപ്പോഴും പകുതി പട്ടിണിയിലാണ്. പഴയതലമുറയിൽ അടക്കാതറയിൽ പരേതനായ ഖാദർകുട്ടിയുടെ ഭാര്യ ഐഷുമ്മ ഇത്തയും മുന്നൂർപ്പിള്ളി പരേതനായ മാമ്മുവിന്റെ ഭാര്യ നബീസ ഇത്തയുമാണ് ഇന്ന് അവശേഷിക്കുന്നത്.
ആന്നലത്തോട് മാനംകുറിച്ചിയിൽ പരേതനായ അബ്ദുൽ കരീം ഉസ്താദിന്റെ ഭാര്യയായി എത്തിയതോടെ തന്റെ ജീവിതം തന്നെ മാറ്റി മറിഞ്ഞിട്ടുണ്ട്. 42 വർഷം പള്ളിയും മദ്റസയുമായി കഴിഞ്ഞ അദ്ദേഹം തലമുറകൾക്ക് ദീനിന്റെ ആദ്യപാഠങ്ങൾ പകർന്ന് നൽകി. തനിക്കും കുറെ ദീനിപാഠങ്ങൾ അദ്ദേഹത്തിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് അഭിമാനമാണ്. നിരവധി നവോത്ഥാന സംരംഭങ്ങൾക്ക് നേതൃത്വം കൊടുത്ത, മതസ്ഥാപനങ്ങൾ പടുത്തുയർത്താൻ സഹായിച്ച മാനം കുറിച്ചി തറവാട്ടിലെത്തിപ്പെടാൻ സാധിച്ചതിലും സന്തോഷമുണ്ട്.
ഖുർആൻ പാരായണം, ദിക്ർ, ദുആ, നോമ്പ് നമസ്കാരാദി കർമങ്ങളുമായിട്ടാണ് നോമ്പിലെ അവസാന പത്ത് കഴിച്ചുകൂട്ടുന്നത്. ചിന്തിക്കാൻപോലും കഴിയാത്ത സമയത്ത് അവരുടെ ഒരു വലിയ സ്വപ്നമായിരുന്നു ഹജ്ജും ഉംറയും. അതിലൊന്നിന് ചെയ്യാനുള്ള ഭാഗ്യം കിട്ടി. നോമ്പിന്റെ പൂർത്തീകരണത്തോടെ ഉംറക്കായി സൗദിയിലേക്ക് പോകുമെന്ന് പറയുന്നത് പെരുത്തസന്തോഷത്തോടെയാണ്. സലീക്കത്ത്, അബ്ദുസത്താർ, സാജിദ, പരേതരായ സിറാജ്, സുമയ്യ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.