പൂച്ചാക്കൽ: തർക്കത്തിലും കേസിലും കുടുങ്ങി കരതൊടാതെ മാക്കേകടവ്- നേരേകടവ് പാലം. വേമ്പനാട്ട് കായലിലും നേരേ കടവ് കരയിലുമായി നൂറിൽ 98 തൂണുകൾ പൂർത്തിയായി കഴിഞ്ഞു. മാക്കേകടവിലെ രണ്ടേ രണ്ട് തൂണുകൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇവയുടെ നിർമാണവുമായി ബന്ധപ്പെട്ട തർക്കമാണ് പാലം നിർമാണം ത്രിശങ്കുവിലാക്കിയിരിക്കുന്നത്. ഈ തൂണുകളുടെ നിർമാണം തുടങ്ങുമ്പോഴും, പാലത്തിെൻറ ബീമുകളുടെ നിർമാണം കരയിൽ വെച്ച് നടക്കുമ്പോഴും കടവിലെ ഇരുഭാഗത്തും ഉള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാകും എന്നതാണ് തർക്കം.
നിർമാണം നടക്കുമ്പോൾ ഇവർക്ക് സഞ്ചരിക്കാൻ സമാന്തര റോഡുകൾ വേണം എന്നാണ് ആവശ്യം. തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഇടപെട്ട് ഇതിനെല്ലാം പരിഹാരമുണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. നിർദിഷ്ട തുറവൂർ പമ്പ പാതയിലെ രണ്ടാമത്തെ പാലമാണ് മാക്കേകടവ്- നേരേകടവ് പാലം. ആദ്യത്തെ പാലമായ തൈക്കാട്ട്ശ്ശേരി - തുറവൂർ പാലം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ചു. അഞ്ച് വർഷത്തിലധികം കഴിഞ്ഞിട്ടും മാക്കേ കടവ് പാലത്തിെൻറ നിർമാണം പൂർത്തിയാക്കാത്തതിൽ ജനപ്രതിനിധികളുടെ ഭാഗത്തുള്ള നിസ്സംഗതയും കാരണമായിട്ടുണ്ട്.
എട്ട് മീറ്റർ വീതിയിൽ അപ്രോച്ച് റോഡിനായി മാക്കേകടവിൽ 12 സെൻറും വൈക്കം ഭാഗത്ത് എട്ട് സെൻറുമാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിെൻറ വില സംബന്ധിച്ചും തർക്കം ഉണ്ടായിരുന്നു.
പാലം പണി അനിശ്ചിതമായി നീണ്ടപ്പോൾ ഹൈകോടതിയിൽ ഹരജിയും നൽകി. 2011-12 ബജറ്റിലാണ് തുറവൂർ പമ്പ റോഡിനായി 151 കോടി പ്രഖ്യാപിച്ചത്. നിർമാണം വൈകുന്നത് സർക്കാറിന് വൻ നഷ്ടമുണ്ടാക്കും. മാത്രമല്ല ജനങ്ങൾക്കും ധാരാളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുമുണ്ട്.
2018 നവംബറിൽ നിർമാണം കഴിയേണ്ടതായിരുന്നു. എന്നാൽ, 2022 ഫെബ്രുവരി 22ന് പൂർത്തീകരിക്കുമെന്നാണ് പറയുന്നത്. തുറവൂർ - പമ്പ ശബരിമല പാതയുടെ ഭാഗമായി ആലപ്പുഴ -കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെയുള്ള ഈ പാലത്തിനായി ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദേശീയ പാത 47 ൽ തുറവൂരിൽ നിന്നാരംഭിച്ച് തൈക്കാട്ടുശ്ശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാല, പൊൻകുന്നം, എരുമേലി വഴി പമ്പയിൽ എത്തും. തുറവൂർ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, കടപ്പാട്ടൂർ, എരുമേലി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും, കോട്ടയം മെഡിക്കൽ കോളജിലേക്കും എളുപ്പം എത്താനുള്ള മാർഗവും ആകും ഇത്. തടസ്സങ്ങളെല്ലാം നീങ്ങിയെന്നും നിർമാണവുമായി മുന്നോട്ട് പോകാൻ കോടതി ഉത്തരവ് നൽകിയിട്ടുണ്ടെന്നും എ.എം. ആരിഫ് എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് ഈ മാസം 16 ലേക്ക് മാറ്റിയെന്നും സ്റ്റേ തുടരുകയാണെന്നുമാണ് സ്ഥല ഉടമകളുടെ വാദം.
സ്ഥലമെടുപ്പ് നടപടി പൂർത്തിയായി –ദലീമ ജോജോ
മാക്കേകടവ്- നേരെകടവ് പാലത്തിെൻറ സ്ഥലമെടുപ്പ് നടപടി പൂർത്തിയായതായി അരൂർ എം.എൽ.എ ദലീമ ജോജോ. സ്ഥലം ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക കലക്ടറേറ്റ് വഴി വിതരണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പാലം നിർമാണം തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നത് കാട്ടി മാക്കേകടവിലെ സ്ഥലം ഉടമകൾ ഹൈകോടതിയിൽ ഹരജി നൽകിയതാണ് നിർമാണം വൈകിയതിെൻറ പ്രധാന കാരണം. നിർമാണം തുടരാം എന്ന വിധിയുടെ അടിസ്ഥാനത്തിൽ ദ്രുതഗതിയിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചവരുന്നു. അനാവശ്യമായ കോടതി വ്യവഹാരങ്ങളിലേക്ക് ഇനിയും പോകാതെ സ്ഥലം ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുമുണ്ട്.
സാമൂഹ്യാഘാത പഠനം ഗൗനിച്ചില്ല-വി.വി ജയൻ, സ്ഥല ഉടമ മാക്കേകടവ്
സാമൂഹ്യാഘാത പഠനത്തിൽ നിർദേശിച്ച കാര്യങ്ങൾ ഗൗനിക്കാത്തതാണ് മാക്കേകടവ് നേരേകടവ് പാലത്തിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത്. സ്ഥല ഉടമകൾക്ക് ആദ്യം ഒന്നര ലക്ഷം രൂപയും ഭീഷണിയുമായാണ് അധികാരികൾ സ്ഥലം ഏറ്റെടുക്കാൻ വന്നത്. ഉടമകൾ കേസുമായി മുന്നോട്ട് പോയപ്പോൾ അഞ്ച് ലക്ഷമാക്കിയെങ്കിലും ഒപ്പിടാതെ അന്നത്തെ കലക്ടർ സ്ഥലം മാറിപ്പോയതോടെ അത് അസാധുവായി. 2013ലെ പുനരധിവാസ പാക്കേജ് അനുസരിച്ചാണ് ഇപ്പോൾ സ്ഥലം ഏറ്റെടുത്ത് കൊണ്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ പരിസരവാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതാകും എന്ന് കണ്ടപ്പോഴാണ് കേസുകളുമായി മുന്നോട്ട് പോയത്. എന്ന് നിർമാണം പൂർത്തിയാകുമെന്ന് ആർക്കും പറയാൻ കഴിയാത്തതിനാലാണ് കേസുകൾ ഉണ്ടായത്. താൽക്കാലിക വഴികൾ ഒരുക്കാൻ തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ മുന്നോട്ട് പോയാൽ പ്രശ്നത്തിന് പരിഹാരമാകും.
വൈകാൻ കാരണം ജനപ്രതിനിധികളുടെ താൽപര്യക്കുറവ്-എൻ.ജോഷി, മെംബർ വാർഡ് പത്ത്, തൈക്കാട്ടുശ്ശേരി
ജനപ്രതിനിധികളുടെ താൽപര്യക്കുറവാണ് പാലം പൂർത്തിയാകൽ വൈകുന്നതിലെ പ്രധാന കാരണം. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് പിണറായി സർക്കാറിെൻറ ആദ്യ കാലത്താണ് നിർമാണ ഉദ്ഘാടനം നടന്നത്. സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ കഴിയാതെ അഞ്ച് വർഷത്തിലേറെ കാലം നിർമാണം മുടങ്ങി കിടന്നു. അരൂർ എം.എൽ.എ യും വൈക്കം എം.എൽ.എയും പാല നിർമാണത്തിൽ താൽപര്യം കാണിക്കാത്തതും മുടങ്ങാൻ കാരണമായി. പല പാർട്ടികളും പല സമരങ്ങളും നടത്തിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിെൻറ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും നടത്തി. മാക്കേകടവ് പാലത്തിെൻറ സ്പാനുകൾ മാക്കേകടവിലെ റോഡിലിട്ട് പണിയുന്നതിനോട് ബന്ധപ്പെട്ടാണ് ഇപ്പോൾ തർക്കം നടക്കുന്നത്. ഇത് മാക്കേകടവിലെ ഇരുവശങ്ങളും ഉള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കലാണ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ പല ചർച്ചകളും നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാക്കി പാലംപണി പൂർത്തിയാക്കണം.
പാലംപണി വേഗംപൂർത്തിയാക്കണം-ബി. ഷിബു, മെംബർ വാർഡ് എട്ട് തൈക്കാട്ടുശ്ശേരി
മാക്കേകടവ് ഭാഗത്തെ പാലമിറക്കിലെ ഇരു വശത്തുമുള്ളവർക്കുള്ള സഞ്ചാര പ്രശ്നമാണ് പ്രധാനമായി പരിഹരിക്കേണ്ടത്. ഇരു ഭാഗത്തുമുള്ളവർക്കായി അപ്രോച്ച് റോഡ് നിർബന്ധമായും ഉണ്ടാക്കണം. പാലം റോഡിെൻറ സമാന്തരമായി വടക്കുവശത്ത് അടിനാട്ടിൽ ക്ഷേത്രത്തിന് സമീപത്ത് കൂടി പടിഞ്ഞാറുഭാഗത്ത് എത്തിച്ചേരാൻ അവിടെ കൂടി പോകുന്ന സ്വകാര്യ റോഡ് സർക്കാർ ഏറ്റെടുത്താൽ ആ ഭാഗത്തെ പ്രശ്നം പരിഹരിക്കാം. തെക്ക് ഭാഗത്തുള്ളവർക്ക് സഞ്ചരിക്കാൻ കായൽ തീരം കുറച്ച് ഭാഗം കല്ലുകെട്ടി ഒരു സമാന്തര റോഡ് ഒരുക്കിയും പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ഇവയെല്ലാം ഒരുക്കി പാലം പണി പൂർത്തീകരിക്കാൻ അധികാരികൾ മുന്നിട്ടിറങ്ങണം.
യാത്ര സൗകര്യം ഒരുക്കേണ്ടത് ഭരണകൂടത്തിെൻറ ഉത്തരവാദിത്തം-സമദ് പൂച്ചാക്കൽ
ജനങ്ങളുടെ യാത്ര സുഖകരമാക്കുക എന്നത് ഭരണകൂടത്തിെൻറ ഉത്തരവാദിത്തമാണ്. നാലു വർഷത്തിലധികമായിട്ടും പാലം പൂർത്തീകരിക്കാൻ കഴിയാത്തത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. അപ്പ്രോച്ച് റോഡിനുവേണ്ടി ഇരുകരയിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധിയാണ് നിർമാണം നിലച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, ഇത് പരിഹരിക്കപ്പെടുകയും ജൂലൈ മാസത്തോടുകൂടി പണി പുനരാരംഭിക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ല. തെരഞ്ഞെടുപ്പ് സമയത്തെ തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുകയാണിപ്പോൾ. രണ്ടു ജില്ലകളിലെയും എം.എൽ.എമാർ വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ടു ജനങ്ങളുടെ സഞ്ചാരം സുഗമമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.