പൂച്ചാക്കൽ: നിസാം എവിടെയെന്ന ചോദ്യവുമായി കോടതി കയറിയിറങ്ങുകയാണ് ഒരു പാവപ്പെട്ട കുടുംബം. പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് തോട്ടത്തിൽ നികർത്തിൽ താജുദ്ദീെൻറയും റൈഹാനത്തിെൻറയും മൂത്തമകൻ നിസാമുദ്ദീൻ 2017 ഏപ്രിൽ എട്ട് മുതലാണ് കാണാതായത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടെ തിരോധാനം കുടുംബത്തെ ഞെട്ടിച്ചു. മാതാവും പിതാവും കൂടാതെ ഒരു സഹോദരനും അടങ്ങുന്ന കൊച്ചുകുടുംബമാണ് നിസാമിേൻറത്. ബന്ധുവായ കൂട്ടുകാരനോടൊപ്പം അകലെ മറ്റൊരു കൂട്ടുകാരെൻറ വീട്ടിൽ പോകുന്നതായാണ് വീട്ടിൽ ലഭിച്ച വിവരം. പിന്നീട് തിരിച്ചുവന്നില്ല. തളിയാപറമ്പിൽ പൂരം കാണാൻ തന്നെ ക്ഷണിച്ചെങ്കിലും വരുന്നില്ലെന്ന് പറഞ്ഞ് അവിടെനിന്ന് പോയെന്നാണ് കൂട്ടുകാരൻ പറയുന്നത്. തെൻറ കൈയിൽ ഫോൺ ഏൽപിച്ച് ഇപ്പോൾ വരാമെന്ന് പറഞ്ഞാണ് പോയത്. കുറെ നേരം കാത്തിരുന്നിട്ടും കണ്ടില്ലെന്നും ബന്ധുവായ കൂട്ടുകാരൻ പറയുന്നു. വീട്ടിൽ വളരെ നിർബന്ധിച്ച ശേഷം വാങ്ങിക്കൊടുത്ത ഈ ഫോൺ ഒരു മാസം തികച്ച് അവൻ ഉപയോഗിച്ചിരുന്നില്ല.
പിറ്റേന്നുതന്നെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാര്യമായ അന്വേഷണം നടക്കാത്തതുകൊണ്ട് ചേർത്തല സി.ഐക്ക് പരാതി കൊടുത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും സൂചന ലഭിച്ചില്ല. ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നു. ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയിൽ ഓരോ ദിനവും തള്ളിനീക്കുകയാണ് കുടുംബം. കേൾവിക്കുറവുള്ള പിതാവ് വാച്ച് റിപ്പയർ ജോലിക്ക് പോയിക്കൊണ്ടിരുന്നെങ്കിലും കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി.
ഇപ്പോൾ ഫർണിച്ചർ നിർമാണക്കമ്പനിയിൽ ജോലിക്ക് പോകുന്നു. മാതാവ് വീടിനടുത്ത് ചെമ്മീൻ കിള്ളാനും പോകുന്നു. അനുജൻ ഫായിസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഓരോ ഫോൺ വിളിവരുമ്പോഴും മറുതലക്കൽ നിസാമായിരിക്കും എന്ന പ്രതീക്ഷയിലാണ് മൂന്ന് പേരും ഫോൺ എടുക്കുന്നത്. 65 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പരീക്ഷയും പാസായി. പത്താം ക്ലാസിലെ വിജയം അറിഞ്ഞെങ്കിലും തിരികെയെത്തും എന്ന് പ്രതീക്ഷിച്ചിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുത്താൽ നടപടിയുണ്ടാകും എന്ന പ്രതീക്ഷയിൽ അതിനുള്ള നീക്കങ്ങൾ നടത്താനാണ് കുടുംബത്തിെൻറ ആഗ്രഹം. ഇതിന് ൈഹകോടതിയെ സമീപിച്ചിരിക്കുകയാണ്.
സി.ബി.ഐ അന്വേഷണത്തിന് ശ്രമം
2017 ജൂൺ അഞ്ചിനാണ് നിസാമുദ്ദീെൻറ മാതാപിതാക്കൾ ഹൈകോടതിയിൽ ഹരജി നൽകുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടിയുടെ പെട്ടെന്നുള്ള തിരോധാനമായതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തെ വെക്കണമെന്നായിരുന്നു ആവശ്യം.
ഹൈകോടതി പ്രത്യേക താൽപര്യത്തോടെയാണ് കേസ് പരിഗണിക്കുകയും വിശദമായ വാദങ്ങൾ കേൾക്കുകയും ചെയ്തത്. സ്റ്റേറ്റ് പ്രോസിക്യൂഷൻ ജനറൽതന്നെ ഹാജരായിരുന്നു. 2017 ജൂലൈ 24ന് കേസ് വിശദമായി കേട്ടതിെൻറ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന വിധിന്യായം പരിഗണിച്ച് ജഡ്ജി സുധീർകുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഐ.സി.പി, എസ്.പി ഇമേന്ദ്രനെ അന്വേഷണച്ചുമതല ഏൽപിക്കുകയും ചെയ്തു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടാത്ത സ്ഥിതിക്ക് കോടതിതന്നെ സി.ബി.ഐപോലുള്ള അന്വേഷണത്തിന് വേണമെങ്കിൽ ആവശ്യപ്പെടാമെന്ന് വിധിന്യായത്തിൽ സൂചിപ്പിച്ചിരുന്നു. അങ്ങനെയുള്ള നീക്കം നടക്കുമ്പോഴാണ് പുതിയ ഒരു സംഘത്തെ അന്വേഷണച്ചുമതല നൽകിയത്. അവരുടെ അന്വേഷണത്തിലും ഇതുവരെ ഒരു തെളിവുപോലും ലഭിക്കാത്ത സ്ഥിതിക്ക് സി.ബി.ഐപോലുള്ള അന്വേഷണമാണ് വേണ്ടത്. അതിനുള്ള ശ്രമം നടന്ന് കൊണ്ടിരിക്കുന്നു.
കണ്ടെത്തുംവരെ രംഗത്തുണ്ടാകും
അന്നത്തെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് , എസ്.പി അടക്കം എല്ലാവർക്കും പരാതി നൽകിയിരുന്നു. കുട്ടി ചെന്ന സ്ഥലവും നിന്ന സ്ഥലവും ഒക്കെ ഉണ്ടായിട്ടും പെട്ടെന്നുള്ള അപ്രത്യക്ഷമാകലിൽ ദുരൂഹതയുണ്ട്. കുട്ടിയെ കണ്ടെത്തി കുടുംബത്തിെൻറ കണ്ണീരിന് പരിഹാരം ഉണ്ടാക്കണം. എല്ലാ അന്വേഷണത്തിലും ഒരു തുമ്പും കിട്ടാത്ത സ്ഥിതിക്ക് സി.ബി.ഐ അന്വേഷണം തന്നെയാണ് അഭികാമ്യം. അന്നത്തെ പഞ്ചായത്ത് പ്രസിഡൻറ് വാർഡ് അംഗം ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഉള്ള ആക്ഷൻ കൗൺസിൽ നിലവിലുണ്ട്. കൗൺസിൽ കൂടുതൽ ശക്തിപ്പെടുത്തി നിസാമിനെ കണ്ടെത്തും വരെ രംഗത്തുണ്ടാകും.
പി.ഇ. സെൻമോൻ പ്രസിഡൻറ്, പാണാവള്ളി മണപ്പുറം മഹല്ല് ജമാഅത്ത്
കണ്ടെത്താനാകാത്തത് നാടിെൻറ ദുഃഖം
പൊലീസും ക്രൈംബ്രാഞ്ചും നല്ല രീതിയിൽ അന്വേഷണം നടത്തിയിരുന്നു. പേക്ഷ, കണ്ടെത്താനാകാത്തത് നാടിെൻറ ദുഃഖമായി നിലകൊള്ളുന്നു. ഞാൻ പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ സംസ്ഥാനത്തിെൻറ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. നിസാമിനെ കണ്ടെത്തുന്നതുവരെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകണം.
രാജേഷ് വിവേകാനന്ദ, ബ്ലോക്ക് അംഗം/ മുൻ പഞ്ചായത്ത് പ്രസിഡൻറ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.