അരൂർ: എറണാകുളം ജില്ലയിൽ ബുധനാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ നടന്ന സ്വകാര്യ ബസ് പണിമുടക്കിൽ ആലപ്പുഴ ജില്ലയിലെ അരൂർ മേഖലയും ദുരിതത്തിലായി. ഹൈകോടതി നിർദേശത്തിന്റെ മറവിൽ സ്വകാര്യ ബസ് ജീവനക്കാരെ പൊലീസും മോട്ടോർ വാഹന വകുപ്പും വേട്ടയാടുന്നെന്നാരോപിച്ചാണ് തൊഴിലാളി സംയുക്ത സമരസമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ചേർത്തലയിൽനിന്ന് വയലാർ വഴിയും പള്ളിപ്പുറം പൂച്ചാക്കൽ വഴിയും സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കാതിരുന്നതാണ് ഇവിടത്തുകാരെ ദുരിതത്തിലാക്കിയത്. ചേർത്തല താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ബസുകൾ അരൂർ ബൈപാസ് വരെ സർവിസ് നടത്തി.
അരൂർ, എഴുപുന്ന, കുത്തിയതോട്,കോടന്തുരുത്ത്,തുറവൂർ പ്രദേശങ്ങളിലുള്ളവരും അരൂക്കുറ്റി, പൂച്ചാക്കൽ, പള്ളിപ്പുറം മേഖലയിലുള്ള യാത്രക്കാരും അരൂരിൽ എത്തി മണിക്കൂറുകൾ കാത്തുനിന്നാണ് കിട്ടിയ വാഹനങ്ങളിൽ ജോലി സ്ഥലങ്ങളിൽ എത്തിയത്.
അതേസമയം കെ.എസ്.ആർ.ടി.സി ഇന്നലെ അധിക സർവിസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചേർത്തല ഡിപ്പോയിൽനിന്ന് കൂടുതൽ സർവിസുകൾ നടത്തിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
അരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള പതിനായിരക്കണക്കിന് തൊഴിലാളികളാണ് കൊച്ചി മേഖലയിലെ നിർമാണ ജോലികളെ ആശ്രയിച്ചു കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.