ആലപ്പുഴ: 2024ൽ ജില്ലക്കുണ്ടായ വലിയ നേട്ടം എ.സി റോഡ് ഗതാഗതത്തിന് തുറന്നതാണ്. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഭാഗികമായി തുറന്നത്. പള്ളാതുരുത്തി പാലം നിർമാണം മാത്രമാണ് അവശേഷിക്കുന്നത്.
ജില്ല ആസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള പദ്ധതിയായ കോടതിപാലം നവീകരണത്തിന്റെ നിർമാണം തുടങ്ങിയതും നേട്ടമായി. ജില്ലയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികളുടെ വരവ് ഏറിയതും ജില്ലക്ക് പ്രതീക്ഷ പകരുന്നു. 2024ലെ സംസ്ഥാന ബജറ്റിൽ ജില്ലയിലെ ടൂറിസം, കയർ, മത്സ്യം, റോഡ് വികസനം തുടങ്ങിയ മേഖലക്ക് ഉണർവ് പകരുന്ന പദ്ധതികൾക്ക് തുക അനുവദിച്ചിരുന്നു.
പ്രതിസന്ധിയിലായ കയര്‍മേഖലക്ക് ഉണർവേകാൻ ബജറ്റിൽ 107.64 കോടി അനുവദിച്ചു. കയറും കയർ ഉൽപന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും 38 കോടിയാണ് നീക്കിവെച്ചത്. ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി പ്രതാപത്തോടെ നടത്തുന്നതിന് സർക്കാർ തീരുമാനിച്ചതും നേട്ടമായി. ഉള്‍നാടന്‍ മത്സ്യബന്ധന മേഖലയില്‍ അക്വാകള്‍ച്ചര്‍ വികസനത്തിന് 67.50 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.
ആലപ്പുഴ ജില്ലയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം പാലം നിർമാണം അന്തിമഘട്ടത്തിലാണ്. ആലപ്പുഴ ജനറൽ ആശുപത്രിക്ക് പുതിയ ഒ.പി ബ്ലോക്ക് നിർമിച്ചതടക്കം നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഏഴു നിലയിലുള്ള പുതിയ ഒ.പി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബർ 27ന് വൈകീട്ട് മൂന്നിന് നാടിന് സമര്‍പ്പിച്ചു.
ഒരു സെന്ററില്‍നിന്ന് എല്ലാ പരിശോധനയും പൂര്‍ത്തിയാക്കി മരുന്ന് ലഭ്യമാകുന്ന സംവിധാനം 360 ഡിഗ്രി മെറ്റബോളിക് സെന്റര്‍ ജില്ലയില്‍ ആദ്യമായാണ് സ്ഥാപിക്കപ്പെടുന്നത്. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒ.പി കൗണ്ടര്‍, മെഡിക്കല്‍ ഒ.പി, ഒ.പി ഫാര്‍മസി, ആധുനിക എം.ആര്.ഐ സ്കാന്‍, സി.ടി സ്കാന്‍, അള്‍ട്രാസൗണ്ട് സ്കാന്‍, എക്സ് റേ എന്നിവയാണുള്ളത്.
ഏഴാംനിലയില്‍ നൂതന ലബോറട്ടറി, എം.ആര്.എല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗം എന്നിവയും പ്രവര്‍ത്തിക്കും. രണ്ടു നില പൂര്‍ണമായും കിടത്തിച്ചികിത്സക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.
ആലപ്പുഴ: വള്ളംകളിയിലാണ് ജില്ലയുടെ വീറും വാശിയും ആവേശവുമെല്ലാം പതഞ്ഞുയരുന്നത്. ആഗസ്റ്റിൽ നടക്കുന്ന നെഹ്റുട്രോഫിയോടെയാണ് വള്ളംകളിക്കാലത്തിന് തുടക്കമാകുന്നത്. ഇത്തവണ വയനാട് ദുരന്തം നിമിത്തം മാറ്റിവക്കുകയും സെപ്റ്റംബർ 28ന് നടത്തുകയും ചെയ്ത ജലമേള വിവാദങ്ങൾക്ക് തിരികൊളുത്തിയാണ് അവസാനിച്ചത്. ഫൈനലിൽ പങ്കെടുത്ത നാലു വള്ളങ്ങളും ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്. ഇതിൽ ഒന്നാം സ്ഥാനക്കാരനെ നിശ്ചയിച്ചതിലുള്ള തർക്കം കെട്ടടങ്ങിയിട്ടില്ല. തർക്കം ഹൈകോടതി കയറിയതും ചരിത്രമായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണ് എഴുപതാമത് നെഹ്റു ട്രോഫി കിരീടം ചൂടിയത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്ക് പിന്തള്ളിയായിരുന്നു വിജയം. ഇത്ര കുറഞ്ഞ സമയമാണ് തർക്കത്തിന് കാരണമായത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിലെ ഒമ്പത് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലും വിജയം കൊയ്തത് യു.ഡി.എഫ്. മാവേലിക്കര മണ്ഡലത്തിൽ കൊടിക്കുന്നിൽ സുരേഷ് സീറ്റ് നിലനിർത്തിയപ്പോൾ ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ എ.എം. ആരിഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായത് എൽ.ഡി.എഫിനാണ്. വോട്ടിങ്ങ് നിലയിൽ ബി.ജെ.പി വലിയ മുന്നേറ്റം സൃഷ്ടിച്ചു.
പോയ വർഷം ജില്ലയെ ബാധിച്ച ദുരന്തങ്ങളും എറെയാണ്. കളർകോടുണ്ടായ വാഹനാപകടത്തിൽ ആറ് മെഡിക്കൽ വിദ്യാർഥികളുടെ ജീവൻ പൊലിഞ്ഞതടക്കം 2024ൽ ജില്ലക്ക് നഷ്ടങ്ങളും ഏറെ ഉണ്ടായി.
കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ തലവടിയിലെ ഒരുകുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതും തീരാനോവായി. ഞെട്ടിക്കുന്ന ഒട്ടേറെ കൊലപാതകങ്ങൾ 2024ൽ ജില്ലയിൽ നടന്നു.
ആലപ്പുഴ: മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച് ജില്ലയിൽ 2024ൽ അരങ്ങേറിയ കൊലപാതകപരമ്പരകൾ ഏറെ. ചിലത് സിനിമക്കഥയെ വെല്ലുന്ന കൃത്യമായ ആസൂത്രണത്തോടെയുള്ളവയായിരുന്ന. കേസിന്റെ ചുരുളഴിയാൻ വഴിത്തിരിവായത് പ്രതികളുടെ ഫോൺ കോളുകളാണ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ചിലപദ്ധതികൾ പൊളിച്ചായിരുന്നു പൊലീസിന്റെ ഇടപെടലുകൾ. ഇരയായത് രണ്ട് നവജാതശിശുക്കളും നാല് സ്ത്രീകളുമാണ്.
വിജയലക്ഷ്മിയെ ഇല്ലാതാക്കിയ പക
പ്രേമവും പകയും ചേർന്ന് സിനിമക്കഥയെ വെല്ലുന്ന തരത്തിൽ ആസൂത്രണം ചെയ്താണ് അമ്പലപ്പുഴ കരൂരിലെ വീട്ടിൽവെച്ച് ജയചന്ദ്രൻ സുഹൃത്ത് വിജയലക്ഷ്മിയെ നവംബർ 20ന് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലനടത്തി 10 ദിവസത്തോളം സാധാരണ ജീവിതം നയിച്ച പ്രതിയുടെ പ്രതിരോധം ഘട്ടംഘട്ടമായി പൊലീസ് പൊളിക്കുകയായിരുന്നു. കരുനാഗപ്പള്ളി കുലശേഖരപുരത്ത് നിന്ന് കാണാതായ വിജയലക്ഷ്മിയെ (48) കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രനാണ് (53) അറസ്റ്റിലായത്.
ആഭരണത്തിനായി സുഭ്രദ
കൊച്ചിയിൽനിന്ന് കാണാതായ വയോധികയെ ദമ്പതികൾ വീട്ടുവളപ്പിൽ കൊന്ന് കുഴിച്ചുമൂടിയതും വലിയ വാർത്തയായിരുന്നു. കൊച്ചി കടവന്ത്ര കർഷക റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയെയാണ് (73) സെപ്റ്റംബർ 10ന് അതിക്രൂരമായി കൊലപെടുത്തി ആലപ്പുഴ കാട്ടൂർ കോർത്തുശ്ശേരി ക്ഷേത്രത്തിന് സമീപത്തെവീട്ടുവളവിൽ കുഴിച്ചിട്ടത്. സംഭവത്തിൽ ദമ്പതികളായ എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് കീറ്റസ് (നിഥിൻ-35), മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്നോൾഡ് (61) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്ന് കട്ടിലിൽനിന്ന് ചവിട്ടിവീഴ്ത്തി കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊന്നത്.
ചോരക്കുഞ്ഞിനെ ഇല്ലാതാക്കി
പ്രസവശേഷം മാതാവും കാമുകനും ചേർന്ന് ചോരക്കുഞ്ഞിനെ കൊന്നുകുഴിച്ചുമൂടിയത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. സെപ്റ്റംബർ രണ്ടിനായിരുന്നു അത്. സംഭവത്തിൽ മാതാവ് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ (35), കാമുകൻ പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ജനിച്ച് അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. ആഗസ്റ്റ് 26ന് ജനിച്ച കുഞ്ഞിനെ 31ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.
നവജാതശിശുവിനെ പാടത്ത് കുഴിച്ചിട്ടു
നവജാതശിശുവിനെ കൊന്ന് പാടത്ത് കുഴിച്ചിട്ടത് ജില്ലയെ ഞെട്ടിച്ചു. ചേർത്തല പൂച്ചാക്കല്‍ സ്വദേശി ഡോണ (22) ആഗസ്റ്റ് ആറിനാണ് കുഞ്ഞിന് ജന്മംനൽകിയത്. പ്രസവശേഷം കാമുകൻ തോമസ് ജോസഫിനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുഞ്ഞിനെ കൈമാറി.
കാമുകൻ തോമസും സുഹൃത്തായ അശോക് ജോസഫും ചേർന്ന് തകഴിയിലെ പാടശേഖരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രസവശേഷം ഡോണ കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്ടർക്ക് തോന്നിയ സംശയത്തിൽ നിന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഊമക്കത്തിൽ തെളിഞ്ഞത് ‘കല വധം’
മാന്നാർ ഇരമത്തൂരിൽ നിന്ന് 15 വർഷം മുമ്പ് യുവതിയെ കാണാതായത് കൊലപാതകമെന്ന് തെളിഞ്ഞത് ജൂലൈ രണ്ടിനാണ്. പൊലീസിന് ലഭിച്ച ഊമക്കത്താണ് നിർണായകമായത്. ഇരമത്തൂർ മീനത്തേരിൽ കലയെ (22) പെരുമ്പുഴ പാലത്തിൽവെച്ച് കൊലപ്പെടുത്തി ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിടുകയായിരുന്നു. 2009 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രധാനപ്രതി ഭർത്താവ് അനിൽകുമാറിനെ ഇനിയും പിടികൂടാനായിട്ടില്ല. കൂട്ടുപ്രതികളും അനിലിന്റെ ബന്ധുക്കളുമായ മൂന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വയോധികയെ തലക്കടിച്ച് കൊന്ന് സഹോദരൻ
രണ്ടാംവിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടതും ആലപ്പുഴയെ ഞെട്ടിച്ചു. ഏപ്രിൽ 18നായിരുന്നു അത്. പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ വി.വി. റോസമ്മയെ (61) കൊലപ്പെടുത്തിയ കേസിൽ മൂത്തസഹോദരൻ ബെന്നിയാണ് അറസ്റ്റിലായത്. റോസമ്മയെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായകമായത്. ബെന്നിയുടെ വീടിന്റെ അടുക്കളയുടെ പിന്നിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഇഷ്ടിക നിരത്തിയാണ് കുഴിമൂടിയത്. കൊല നടത്തി നാലാംദിവസമാണ് വിവരം പുറത്തറിഞ്ഞത്.
മാവേലിക്കര: മാവേലിക്കരയുടെ സ്വകാര്യ അഹങ്കാരമായിരുന്ന ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താന്റെ വേർപാട് മാവേലിക്കരക്ക് വലിയ നഷ്ടമാണ്. 1934 മെയ് 24ന് മാവേലിക്കര വലിയകൊട്ടാരത്തിന്റെ ഭാഗമായിരുന്ന മാവേലിക്കര കോട്ടയ്ക്കകം കാവലില്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെയും ജാനകിയുടെയും ഇളയ മകനായാണ് മാര്‍ത്താണ്ഡവര്‍മ ശങ്കരന് വല്യത്താന് എന്ന ഡോ. എം.എസ്. വല്യത്താന്റെ ജനനം. ജൂലൈ 17ന് ബുധനാഴ്ച മണിപ്പാലിൽ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂനിവേഴ്സിറ്റിയുടെ ആദ്യ വി.സിയുമായിരുന്നു.
ആലപ്പുഴ: 2024ൽ ജില്ലക്ക് കൊടിയ നിരാശകളും അനുഭവിക്കേണ്ടിവന്നു. പക്ഷിപ്പനി ബാധയായിരുന്നു അതിൽ പ്രധാനം. ലക്ഷകണക്കിന് താറാവുകളെയാണ് കൊന്നൊടുക്കിയത്.
കോഴികളെയും വളർത്തുപക്ഷികളെയും കൊന്നൊടുക്കി. 2025 ജനുവരി വരെ ജില്ലയിൽ പക്ഷിവളർത്തൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. സാധാരണ ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലത്താണ് പക്ഷിപ്പനി ബാധ ഉണ്ടാകാറുള്ളത്. അതിന് വിരുദ്ധമായി മേയ്-ജൂൺ മാസങ്ങളിൽ പക്ഷികൾക്ക് രോഗബാധയുണ്ടായത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു.
കൊന്നൊടുക്കിയവർക്കുള്ള നഷ്ടപരിഹാര വിതരണം ഇതുവരെ നടന്നിട്ടില്ല. 2024 ഡിസംബർ 31വരെ പക്ഷിവളർത്തൽ നിരോധിച്ചനാൽ പുതുവർഷത്തിൽ താറാവ് വളർത്തൽ പുനരാരരംഭിക്കാൻ തന്നെ കഴിയാത്ത നിലയിലാണ് കർഷകർ. ജില്ലയിലെ തനത് താറാവ് ഇനങ്ങളായ ചാരയും ചെമ്പല്ലിയും വംശനാശ ഭീഷണിയിലുമായി. 2000ലേറെ കർഷകരെയാണ് നിരോധനം നേരിട്ട് ബാധിച്ചത്.
അനുബന്ധ തൊഴിലാളികൾ, ഇറച്ചി–മുട്ട വിൽപനക്കാർ, തീറ്റ വിതരണക്കാർ, വളം നിർമാതാക്കൾ എന്നിവ കൂടിയാകുമ്പോൾ 10,000ലേറെ പേരുടെ ഉപജീവനമാർഗമാണു നിലച്ചത്. ഇവർക്കായി ഉപജീവന പാക്കേജ് അനുവദിക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നിലമൊരുക്കൽ മുതൽ നെല്ല് സംഭരണംവരെ നെൽകർഷകർ അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് കൈത്താങ്ങ് നൽകാൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ല. നിലമൊരുക്കാൻ യന്ത്രങ്ങളും ജോലിക്കാരും സമയത്ത് ലഭിക്കില്ല. വിതക്കാൻ സർക്കാർ നൽകുന്ന വിത്തിൽ കിളിർക്കുന്നത് പകുതിമാത്രം.
വളത്തിന്റെയും കീടനാശിനികളുടെയും ലഭ്യതയിലുള്ള ക്ഷാമം, മടവീഴ്ച, കൊയ്ത്ത് മെതി യന്ത്രങ്ങൾ സമയത്ത് ലഭിക്കാത്തത്, സമയത്ത് നെല്ല് സംഭരിക്കാതെ കെട്ടിക്കിടക്കുന്ന അവസ്ഥ, സംഭരണ വിലയിലെ കുറവ്, സംഭരിക്കുന്ന നെല്ലിന് ഈർപ്പത്തിന്റെ പേരിൽ മില്ലുകാർ തൂക്കത്തിൽ കിഴിവ് വരുത്തുന്നത്, സംഭരിച്ച നെല്ലിന്റെ വിലക്കായി മാസങ്ങളോളം നീളുന്ന കാത്തിരിപ്പ് എന്നിങ്ങനെയുള്ള പ്രശ്നങ്ങളിൽ ഒന്നിനും പരിഹാരമുണ്ടാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.
മണ്ണഞ്ചേരി: 2024 ന്റെ അവസാനം മണ്ണഞ്ചേരിയെയും പരിസര പ്രദേശങ്ങളെയും കുറുവ മോഷണ സംഘം മുൾമുനയിൽ നിർത്തി. മൂന്നു വീടുകളിൽ കയറിയ സംഘം വീട്ടമ്മയുടെ മാല ഉൾപ്പടെ മോഷ്ടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. മോഷണവുമായി ബന്ധപ്പെട്ട് കൊച്ചി കുണ്ടന്നൂരിൽ നിന്ന് കുറുവ സംഘാംഗം തമിഴ്നാട് തേനി കാമാക്ഷിപുരം സന്ദന മാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ സന്തോഷ് ശെൽവത്തെ (25) പൊലീസ് പിടിച്ചതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്.
കുണ്ടന്നൂർ പാലത്തിന് താഴെ കൂടാരത്തിൽ താമസിച്ചിരുന്ന ഇയാളെ അതിസാഹസികമയാണ് പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി പൊലീസിന് 2024ലെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടി ലഭിച്ച വർഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.