അമ്പലപ്പുഴ: ചൂട് കടുത്തതോടെ ജലാശയങ്ങള്‍ വറ്റിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലാണ് ചൂടിന്റെ കാഠിന്യം ഏറിയത്. ഞായറാഴ്ച 38 ഡിഗ്രി ചൂടാണ് ജില്ലയിൽ അനുഭവപ്പെട്ടത്. ജലാശയങ്ങളില്‍ വളരുന്ന ചെറുമീനുകളും മറ്റ് ജീവികളും ചത്തുപൊങ്ങുന്നു. തീരദേശത്തോട് ചേര്‍ന്ന പൊഴികളും കിഴക്കന്‍ മേഖലകളിലെ തോടുകളുടെ കൈവഴികളുമാണ് കനത്ത ചൂടില്‍ ഉണങ്ങിവരണ്ടത്.
നീരൊഴുക്ക് ഇല്ലാതായതോടെ ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യം മുകളിൽ പൊങ്ങി തുടങ്ങി. ഇതില്‍നിന്നുയരുന്ന രൂക്ഷദുര്‍ഗന്ധം സമീപവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രിയിലുണ്ടാകുന്ന ചെറിയ തണുത്ത കാറ്റ് വലിയ ദുർഗന്ധമാണ് വീടുകളിലേക്ക് എത്തിക്കുന്നത്. ഇതോടെ വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്.
ജില്ലയുടെ തെക്ക് ആറാട്ടുപുഴക്കും വടക്ക് പള്ളിതോടിനുമിടയിൽ തീരദേശത്ത് കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന നിരവധി പൊഴികളാണുള്ളത്. പൂമീൻപൊഴി, വാടക്കൽ അറപ്പപ്പൊഴി, തീരദേശ റോഡു വഴി ആലപ്പുഴ ബീച്ചിലേക്ക് പോകുന്ന വാടപ്പൊഴി, പുന്നപ്ര തെക്ക് ഒന്നാം വാർഡ് സമരഭൂമിയിലെ വാവക്കാട്ട് പൊഴി, ചെത്തി ചേന്നവേലി പൊഴി അടക്കം നിരവധി തണ്ണീർത്തടങ്ങളാണ് കടലിലേക്ക് ഒഴുകുന്നത്.
കത്തുന്ന വേനലില്‍ പൊഴികൾ വറ്റിവരണ്ടതോടെ മത്സ്യബന്ധനം കഴിഞ്ഞു വള്ളങ്ങൾക്ക് നങ്കൂരമിടാൻ പറ്റാത്ത സ്ഥിതിയാണ്. കടലിലേക്കുള്ള നീരൊഴുക്കും തടസ്സപ്പെട്ടു. ഏറെ ടൂറിസം സാധ്യതയുള്ളതാണ് തീരദേശത്തോട് ചേര്‍ന്നുള്ള പല പൊഴികളും. ഇവയുടെ കൈയേറ്റവും ആഴം കൂട്ടി സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാനങ്ങള്‍ ശ്രമിക്കാത്തതും നിമിത്തം പല പൊഴികളും ജീവന് നിലച്ച നിലയിലാണ്.
പൊഴികളെ ആശ്രയിച്ചുള്ള മുണ്ടകന്പാടങ്ങള് ഇല്ലാതായതും ഒരുപരിധിവരെ പൊഴികളുടെ നിലനിൽപിനെ ബാധിച്ചു. ദീര്‍ഘവീക്ഷണമില്ലാതെയുള്ള തീരദേശ റെയിൽവേയുടെ നിർമാണമാണ് തീരദേശത്തെ മുണ്ടകന്‍ പാടങ്ങളുടെയും ജലാശയങ്ങളുടെയും നിലനിൽപിന് വിഘാതമായത്.
അപ്പര്കുട്ടനാടിനോട് ചേര്‍ന്ന കരപ്പാടങ്ങളിലെ കൃഷി ഇല്ലാതായതാണ് ഇടത്തോടുകളുടെ നാശത്തിന് കാരണം. വര്‍ഷങ്ങളായി കൃഷി നിലച്ചതോടെ കരപ്പാടങ്ങള്‍ പലതും നികത്തി. ഇതോടെ ഇവിടേക്ക് ആവശ്യമായ വെള്ളം എത്തിച്ചിരുന്ന ഇടത്തോടുകളെയും നാശത്തിലേക്കെത്തിച്ചു. പുൽപടര്‍പ്പുകളും കുറ്റിച്ചെടികളും പിടിച്ചതോടെ ഇടത്തോടുകളിലെ നീരൊഴുക്ക് തടസ്സപ്പെട്ടു.
കനത്തചൂടില്‍ വെള്ളം വറ്റിയതോടെ ചീഞ്ഞഴുകിയ മാലിന്യത്തില്‍നിന്നും ദുര്‍ഗന്ധം പ്രദേശത്ത് വ്യാപിക്കുകയാണ്. തണ്ണീര്‍ത്തടം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പൊതുതോടുകള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കയര്പ്പായകള്കൊണ്ട് സംരക്ഷിക്കുന്നുണ്ടെങ്കിലും നീരൊഴുക്ക് നിലച്ചത് ദുര്‍ഗന്ധത്തിന് കാരണമായിരിക്കുകയാണ്. എന്നാൽ, ഇതോടനുബന്ധിച്ചുള്ള സ്വകാര്യ തോടുകൾ സംരക്ഷിക്കാൻ കഴിയുന്നില്ല.
ചൂട് കനത്തതോടെ സൂര്യാതപ ഭീതിമുലം ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വീടിനുള്ളില്‍ കഴിയാമെന്ന് കരുതിയാല്‍ ഇടക്കിടെ വൈദ്യുതിബന്ധം നിലക്കുന്നതും ജനങ്ങളെ വലക്കുന്നു. കഴിഞ്ഞ ദിവസം വീടിന് പുറത്തിറങ്ങിയ വയോധികക്ക് സൂര്യാതപമേറ്റതോടെയാണ് ജനം ഭീതിയിലായത്.
അടുത്ത ദിവസം മുതല്‍ ചൂട് കൂടുമെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പും ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി വൈദ്യുതി തടസ്സം ഏര്‍പ്പെടുത്തുന്നതില്‍ നിയന്ത്രണം വേണമെന്ന ആവശ്യവും ശക്തമാണ്. തുടര്‍ച്ചയായി വൈദ്യുതിബന്ധം വിച്ഛേദിക്കാതെ ഭാഗികമായി തടസ്സപ്പെടുത്തി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.