തുറവൂർ: അതിർത്തി ലംഘിച്ച് തീരക്കടലിൽ ട്രോളിങ് ബോട്ടുകൾ അനധികൃത മത്സ്യബന്ധനം നടത്തുന്നതിൽ പ്രതിഷേധം ശക്തം. ഇതുമൂലം മത്സ്യലഭ്യത കുറയുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. തീരത്തോട് വളരെ അടുത്ത് നിയമങ്ങൾ ലംഘിച്ചാണ് ട്രോളിങ് ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നത്.
മുപ്പതിനായിരം കണ്ണിവല എന്ന പുതിയതരം വല ഉപയോഗിച്ചാണ് രാത്രിയിലും പകലുമായി ഉപരിതല മത്സ്യമായ മത്തിയും അയലയും പിടിക്കുന്നത്. ഇതുമൂലം പൊന്തുവള്ളങ്ങളുടെ വലകൾ നഷ്ടപ്പെടുന്നതായും റിംഗ്സീൻ വലകൾക്ക് മത്സ്യലഭ്യത കുറയുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ബോട്ടുകളെ പിടിക്കേണ്ട ഉത്തരവാദിത്തം കോസ്റ്റൽ പൊലീസിനാണെങ്കിലും നിയമ നടപടി സ്വീകരിക്കേണ്ടത് ഫിഷറീസ് വകുപ്പാണ്. ഇവർ തമ്മിലുള്ള ഏകോപനം ഇല്ലാത്തതാണ് നിയമലംഘനങ്ങൾക്ക് കാരണമാകുന്നതെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് രാജു ആശ്രയം ആരോപിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഞായറാഴ്ചകളിൽ കടലിൽ പോകാത്ത സമയങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ ബോട്ടുകൾ കടലിലേക്ക് കൂടുതലായി വരുന്നത്. പട്രോളിങ് നടത്തേണ്ട ഫിഷറീസ് വകുപ്പിന്റെ ബോട്ടും വള്ളവും ജില്ലയുടെ തെക്കേ അതിർത്തിയായ വലിയഴീക്കലാണ് ഇട്ടിരിക്കുന്നത്.
ഇതുമൂലം നിയമ ലംഘനം നടന്നാൽ ഓടിയെത്താൻ കഴിയുന്നില്ല. ചെത്തി ഹാർബറിലോ, ചെല്ലാനം ഹാർബറിലോ പട്രോളിങ് വള്ളം ഇടണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. നിയമം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മത്സ്യത്തൊഴിലാളികൾ ബോട്ടുകൾ പിടിച്ചെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.