തുറവൂർ: തുറവൂർ - അരൂർ ഉയരപ്പാത നിർമാണ തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം പൊട്ടി ഒഴുകുന്നതിനെതിരെ നാട്ടുകാർ രംഗത്ത്.
കോടംതുരുത്ത് പി.എസ് കടവിന് സമീപമാണ് അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നത്. 60ലധികം പേർക്ക് താമസിക്കുന്നതിന് സൗകര്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും കക്കൂസ് സംവിധാനങ്ങൾ ആധുനിക രീതിയിലല്ല.
സെപ്റ്റിക് ടാങ്ക് മാലിന്യം റോഡിലേക്കും അയല്‍വീടുകളിലേക്കും ഒഴുകിത്തുടങ്ങിയിട്ട് രണ്ടാഴ്ചയായി. ദുർഗന്ധവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമായപ്പോൾ സമീപവാസികൾ പരിഹാരത്തിന് അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടാകാതിരുന്നപ്പോഴാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പി.എസ് കടത്തിലേക്കുള്ള റോഡിലൂടെ സഞ്ചരിക്കാനോ സമീപവാസികള്‍ക്ക് വീട്ടിലിരിക്കാനോ കഴിയാത്തത്ര ദുര്‍ഗന്ധമാണ്. സെപ്റ്റിക് ടാങ്ക് ലീക്ക് ചെയ്ത് അയല്‍വീടുകളിലേക്കും സമീപത്തെ തോടുകളിലേക്കും ഒഴുകുന്നു. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടർന്ന് ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശ്, സി.പി.എം നേതാവ് പി.ഡി. രമേശനൊപ്പം സ്ഥലം സന്ദര്‍ശിക്കുകയും ആരോഗ്യവകുപ്പിനെയും നിര്‍മാണക്കമ്പനി അധികൃതരെയും ബന്ധപ്പെടുകയും പരിഹാരം ഉണ്ടാവാത്തപക്ഷം വാസസ്ഥലത്തുനിന്ന് തൊഴിലാളികളെ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതേ തുടര്‍ന്ന് കമ്പനിയുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് എത്തി വലിയ സെപ്റ്റിക് ടാങ്ക് സ്ഥാപിക്കാമെന്ന് സമ്മതിച്ചു. നിലവിലെ മാലിന്യ പ്രശ്നങ്ങൾക്ക് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിക്കുന്ന നടപടികൾ സ്വീകരിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.