തുറവൂർ: മത്സ്യകൃഷിക്കാർ മടമുറിച്ചത് മൂലം ഉപ്പുവെള്ളം പാടത്തും മുറ്റത്തും വീടിനകത്തും കയറിയതോടെ പള്ളിത്തോട് നിവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പള്ളിത്തോട് റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേർ സമരത്തിനെത്തിയിരുന്നു. ചൊവ്വാഴ്ച 10.30 ഓടെയാണ് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തിയത്. കെ.പി.എം.എസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സമരസമിതി കൺവീനർമാരായ സാബു, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഉപരോധത്തിൽനിന്ന് പിന്മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. സ്കൂൾ ബസെങ്കിലും ഉപരോധത്തിൽനിന്ന് ഒഴിവാക്കാൻ പൊലീസ് പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. കലക്ടറുടെ നിർദേശവും ഹൈകോടതി ഉത്തരവും ഉണ്ടായിട്ടും നെൽപ്പാടത്ത് ഉപ്പുവെള്ളം കയറ്റി ജീവിതം ദുരിതമാക്കിയതിനെതിരെയാണ് സമരമെന്നും കലക്ടർ എത്താതെ സമരം അവസാനിപ്പിക്കില്ലെന്നും സമരക്കാർ പറഞ്ഞു. ബലപ്രയോഗത്തിലൂടെ സമരക്കാരെ റോഡിൽനിന്ന് നീക്കാൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
പള്ളിത്തോട് പൊഴിച്ചിറയിൽ ഗീത വിനോദ് (45), പുതിയനിര്ത്തിൽ രേഖ ഷിബു (47), മായ ധർമൻ (47) എന്നിവരെയും പൊലീസ് വാഹനത്തിന്റെ ഡോറിൽ കുടുങ്ങി കാലിനു പരിക്കേറ്റ സമരനേതാവ് യു.വി. സന്തോഷി നെയും (34) തുറവൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലപ്രയോഗത്തിലാണ് 25 ഓളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സ്റ്റേഷൻ ജാമ്യം നൽകി പിന്നീട് ഇവരെ വിട്ടയച്ചു.
കുറെ നാളുകളായി പള്ളിത്തോട് പരിസരം സംഘർഷത്തിലാണ്. വലിയതടം, പള്ളിത്തോട് പാടശേഖരങ്ങളിലെ മത്സ്യകൃഷിക്കായി ബണ്ട് പൊട്ടിച്ച് വെള്ളം കയറ്റിയിരുന്നു. ഏക്കർ കണക്കിന് പാടത്ത് വെള്ളം കയറിയതിനെ തുടർന്ന് നിരവധി വീടുകൾ വെള്ളത്തിലായി.
പ്രതിഷേധം ശക്തമായതിനെതുടർന്ന് ആഗസ്റ്റ് 20ന് കുത്തിയതോട് കൃഷി അസി. ഡയറക്ടർ റെയ്ച്ചൽ സോഫിയ അലക്സാണ്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് വെള്ളം വറ്റിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, പാടശേഖര കമ്മിറ്റിക്കാർ അതിന് തയാറായില്ലെന്നാണ് സമരക്കാരുടെ ആക്ഷേപം.
സർക്കാർ നയമായ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കാൻ ഉദ്യോഗസ്ഥരും പാടശേഖര സമിതിയും തയാറാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.