വടുതല: അരൂക്കുറ്റി സി.എച്ച്.സിയോട് അധികാരികളുടെ അവഗണന തുടർക്കഥയാവുന്നു. കിടത്തി ചികിത്സയുള്ള സാമൂഹ്യാരോഗ്യ കേന്ദ്രമായത് കൊണ്ട് തന്നെ ഇവിടെ ഏഴ് ഡോക്ടർമാരുടെ സേവനം വേണ്ടതാണ്. ഇത് ഇന്നേവരെ ഇവിടെ ഉണ്ടായിട്ടില്ല. നിലവിലുള്ള മൂന്ന് ഡോക്ടർമാരിൽ ഒരാളെ പള്ളിപ്പുറത്തേക്ക് മാറ്റി.
ദിവസവും 600ഓളം രോഗികൾ ചികിത്സക്ക് വരുമ്പോൾ ഉള്ള ഡോക്ടർമാർ വിശ്രമമില്ലാതെ പണിയെടുത്തിട്ട് പോലും എവിടെയും എത്തുന്നില്ല. തിരക്കുമൂലമുണ്ടാകുന്ന തർക്കങ്ങളും, വഴക്കുകളും നിത്യ സംഭവമാകുന്നു. ഇതിനിടെയാണ് ഒരു ഡോക്ടറെ കൂടി ഇവിടെനിന്ന് മാറ്റിയത്.
ഞായറാഴ്ചകളിലും ഒ.പി പ്രവർത്തിക്കുമെങ്കിലും ഒരു ഡോക്ടർ മാത്രമാണുണ്ടാവുക. ജീവനക്കാരുടെ കുറവ് വളരെ കൂടുതലാണെങ്കിലും പോസ്റ്റ്മോർട്ടം ഇതുവരെ മുടക്കിയിട്ടില്ല.
400 ഓളം പോസ്റ്റ്മോർട്ടങ്ങൾ നടത്തിക്കഴിഞ്ഞു. ഡോക്ടർമാരുടെ കുറവ് കാരണം പലപ്പോഴും ഉള്ള ഡോക്ടർമാർക്ക് നേരെ അസഭ്യവർഷങ്ങളും പതിവാകുന്നു. പള്ളിപ്പുറം ആശുപത്രിയിലെ ഡോക്ടറെ വർക്കിങ് അറേജ്മെന്റെന്ന പേരിൽ തുറവൂർക്ക് വിടുകയും പള്ളിപ്പുറത്തെ കുറവ് പരിഹരിക്കാൻ അരൂക്കുറ്റി സി.എച്ച്.സി യിലെ ഡോക്ടറെ പള്ളിപ്പുറത്തേക്ക് മാറ്റുകയുമായിരുന്നു.
രാവിലത്തെ തിരക്ക് നിയന്ത്രിക്കാൻ വൈകുന്നേരം ഒ.പി നടത്തുന്ന ഡോക്ടറെ കൂടി നിയോഗിച്ചതോടെ വൈകുന്നേരത്തെ ഒ.പി നിലച്ചു. തൈക്കാട്ടുശ്ശേരി ആശുപത്രിയിൽ കിടത്തി ചികിത്സ ഇല്ല. എന്നാൽ, അവിടെ മൂന്ന് ഡോക്ടർമാരുണ്ട്. അരൂക്കുറ്റി സി.എച്ച്.സിയിൽ കിടത്തി ചികിത്സയുണ്ടായിട്ടും മൂന്ന് ഡോക്ടർമാരാണുള്ളത്. തൈക്കാട്ടുശ്ശേരിയിൽ നിന്നും ഡോക്ടറെ പിൻവലിക്കാതെ ഇത്രയും തിരക്കുള്ള അരൂക്കുറ്റി സി.എച്ച്.സിയിൽ നിന്നും പിൻവലിച്ചത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാരുടെ ചോദ്യം.
നിലവിലുള്ള ഡോക്ടർമാരുടെ സേവനമെങ്കിലും ഇവിടെ തന്നെ ഉണ്ടാവണമെന്നും, വർക്കിങ് അറേജ്മെന്റിന്റെ ഭാഗമായി ഡോക്ടർമാരെ മാറ്റിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.